പോയ്മറഞ്ഞതു സമർപ്പണത്തിന്റെ പ്രതീകം

പോയ്മറഞ്ഞതു സമർപ്പണത്തിന്റെ പ്രതീകം

അനുസ്മരണം

പോയ്മറഞ്ഞതു സമർപ്പണത്തിന്റെ പ്രതീകം

ചാക്കോ കെ. തോമസ്, ബെംഗളൂരു

നേകായിരങ്ങൾക്ക് ആശ്വാസപ്രദനും, ആത്മീയപിതാവും, നിരവധി പേരുടെ ആത്മീയയാത്രയെ രൂപാന്തരപ്പെടുത്തിയ വ്യക്തിയുമാണു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ എം. ജോസഫുകുട്ടി. കൊല്ലം ജില്ലയിൽ വിലങ്ങറ തെക്കെക്കര പുത്തൻവീട്ടിൽ (മൂഴിയിൽ) പരേതരായ മത്തായിച്ചൻ - മറിയാമ്മ ദമ്പതികളുടെ ആറാമത്തെ മകനായി കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം വിലങ്ങറ ഗവ.എൽ.പി.സ്‌ക്കൂൾ, ഉമ്മന്നൂർ സെന്റ് ജോൺസ് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ പഠനം പൂർത്തിയാക്കി. മാതാപിതാക്കൾ ടി.പി.എം വിശ്വാസികളായിരുന്നതിനാൽ ചെറുപ്രായം മുതൽ സൺഡേസ്‌കൂൾ പഠിക്കുന്നതിലും പ്രാർഥിക്കുന്നതിലും ഉത്സാഹിയായിരുന്നു. അന്നത്തെ സഭാശുശ്രൂഷകൻ കുണ്ടറ അവറാച്ചൻ ഉപദേശിയുടെകൂടെ രാത്രികളിൽ മലയുടെ മുകളിൽ പോയി പ്രാർഥിക്കുമായിരുന്നു. 12-മത്തെ വയസിൽ പാസ്റ്റർ യിസ്രായേലിന്റെ കൈകീഴിൽ സ്‌നാനമേറ്റു.

സ്‌കൂൾ തലത്തിൽ ഓട്ടമത്സരങ്ങളിൽ  ഒന്നാം സ്ഥാനം നേടിയിരുന്ന ജോസഫുകുട്ടി സൈന്യത്തിൽ (മിലിട്ടറി) ചേർന്നു രാജ്യത്തിനുവേണ്ടി സേവനം ചെയ്യണമെന്നായിരുന്ന ആഗ്രഹം. എന്നാൽ ദൈവവിളി തിരിച്ചറിഞ്ഞു സുവിശേഷവേലയിലിറങ്ങി. 1974-ൽ കൊട്ടാരക്കര ഫെയ്ത്ത്‌ഹോമിൽ സുവിശേഷവേലക്കാരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയുണ്ടെന്ന് അറിഞ്ഞ ജോസഫുകുട്ടി ഭവനക്കാരറിയാതെ ഫോറം പൂരിപ്പിച്ചുനല്കുകയായിരുന്നു. 

കഷ്ടതയും പട്ടിണിയും നിറഞ്ഞ ആ കാലഘട്ടത്തിൽ സുവിശേഷ വേലയ്ക്ക് ഇറങ്ങി തിരിച്ച മകൻ  തിരിച്ചുവരുമോ എന്ന ഭയം നിമിത്തം നെല്ലിക്കുന്നത്തിന് ഇപ്പുറം വരാൻ പാടില്ലെന്നു മാതാവു  മുന്നറിയിപ്പു നല്കിയിരുന്നു. കീറിയ മുണ്ടും ജുബ്ബയും ധരിച്ച് സുവിശേഷ പ്രവർത്തനം ആരംഭിച്ച ഇദ്ദേഹം ആരംഭകാലങ്ങളിൽ കഷ്ടതയും പട്ടിണിയും ധാരാളം നേരിട്ടുണ്ട്. അക്കാലത്തെ വിശ്വാസഭവനങ്ങളുടെ മേൽക്കൂര ഓല മേഞ്ഞതും തറ ചാണകം മെഴുകിയതും ആയിരുന്നു. കാളവണ്ടിയിൽ പോയി ചാണകം വാരുക, തീ കത്തിക്കാൻ  അറക്കപ്പൊടി കൊണ്ടുവരുക, സുവിശേഷവേലക്കാരുടെ വസ്ത്രങ്ങൾ അലക്കുക എന്നിവയായിരുന്നു ഫെയ്ത്ത്‌ഹോമിലെ ആരംഭകാല പരിശീലനപ്രവർത്തനങ്ങൾ. ഏതു ജോലിയും പിറുപിറുക്കാതെ ചെയ്ത അദ്ദേഹത്തിനു യേശുക്രിസ്തു കാണിച്ച മാതൃകാജീവിതം നയിക്കാൻ സാധിച്ചിരുന്നു. കോട്ടയം, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര സെന്ററുകളിൽ പ്രവർത്തിച്ച അദ്ദേഹം സഹശുശ്രൂഷകരെയും വിശ്വാസികളെയും ആത്മാർഥതയോടെ ദൈവസ്‌നേഹത്തിൽ പരിപാലിക്കാൻ ശ്രമിച്ചിരുന്നു. 

സെന്റർപാസ്റ്റർ, സീനിയർപാസ്റ്റർ, സഭയുടെ കേരളത്തിന്റെ മുഖ്യ ചുമതല എന്നിവ നയിച്ചിരുന്ന പാസ്റ്റർ എം. ജോസഫുകുട്ടി ശുശ്രൂഷയുടെ മുഖത്ത് ഏതു ജോലിയും മുഖപക്ഷം നോക്കാതെ ചെയ്തിരുന്നു. ഒരിക്കലെങ്കിലും പ്രാർഥനയ്ക്കു വരുന്ന വിശ്വാസികളെ പിന്നീട് ഒരിക്കലും അദ്ദേഹം മറക്കില്ല. കൊട്ടാരക്കര വഴി പോകുന്ന രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും മന്ത്രിമാരും തന്നെ കണ്ടു പാർഥിച്ചുപോകുന്ന പതിവുണ്ടായിരുന്നു. വിശ്രമമില്ലാത്ത സുവിശേഷ പ്രവർത്തനം ചെയ്ത പാസ്റ്റർ ജോസഫുകുട്ടി അവസാന നാൾവരെ ധീരയോദ്ധാവായി പ്രവർത്തിച്ചു.

ഗുഡ്‌ന്യൂസ്‌വാരികയുടെ അഭ്യുദയകാംക്ഷി കൂടെയായിരുന്നു പാസ്റ്റർ ജോസഫുകുട്ടിയെ എറണാകുളം സെന്റർപാസ്റ്ററായിരിക്കുമ്പോഴാണു എനിക്കു അടുത്തറിയാൻ ഇടയായത്. ഇക്കഴിഞ്ഞ കൊട്ടാരക്കര കൺവെൻഷനുവേണ്ടി ഗുഡ്‌ന്യൂസ് തയ്യാറാക്കിയ സപ്ലിമെന്റ് പ്രാർഥിച്ച് പ്രകാശനം ചെയ്യിക്കാനായി ഗുഡ്‌ന്യൂസ് പ്രവർത്തകരായ ബിജു ജോൺ കൊട്ടാരക്കര, ജേക്കബ് പി. മാത്യു  , ഡാനി ജോൺ എന്നിവർ എന്നൊടൊപ്പം അദ്ദേഹത്തെ മുറിയിൽ പോയി കണ്ടിരുന്നു. വളരെ ക്ഷീണിതനായിരുന്നെങ്കിലും ഞങ്ങളെ അകത്തേക്ക് വിളിച്ച് സപ്ലിമെന്റ് പ്രാർഥനയോടെ വായിക്കുകയായിരുന്നു. ഗുഡ്‌ന്യൂസിനെ സ്‌നേഹിച്ചിരുന്ന അദ്ദേഹം കൺവൻഷൻ ഗ്രൗണ്ടിൽ പെന്തെക്കൊസ്തു മാസികയുടെ സ്റ്റാളിനടുത്തു ഗുഡ്‌ന്യസ്സ്റ്റാൾ പ്രവർത്തിക്കാൻ അനുമതി നല്കിയതു നന്ദിയോടെ സ്മരിക്കുന്നു.

കഴിഞ്ഞ വർഷം റ്റിപിഎം കൊട്ടാരക്കര കൺവൻഷൻ ഗുഡ്ന്യൂസ് സപ്ലിമെൻ്റ് പാസ്റ്റർ എം.ജോസഫ്കുട്ടി പ്രാർഥിച്ച് പ്രകാശനം ചെയ്യുന്നു

നിഷ്‌കളങ്ക ജീവിതത്തിനുടമയായ പാസ്റ്റർ ജോസഫുകുട്ടി ഒന്നും സ്വന്തം ഇഷ്ടപ്രകാരം ചെയ്തിരുന്നില്ല. അപ്പോസ്തലൻ, പ്രവാചകൻ, സുവിശേഷകൻ, ഇടയൻ ഉപദേഷ്ടാവ് എന്നീ അഞ്ചുവിധ സ്ഥാനങ്ങളിലും വളരെ ശോഭിച്ചിരുന്നു. ശവസംസ്‌കാരശുശ്രൂഷയിൽ പങ്കെടുത്തു അദ്ദേഹത്തിന്റെ ഭൗതികശരീരം ഒരുനോക്കു കാണാൻ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിശ്വാസികൾ വന്നുചേർന്നിരുന്നു. ആത്മീയസൗരഭ്യം പരത്തിയിരുന്ന ആ ശ്രേഷ്ഠജീവിതം അനേകരുടെ ഓർമയിൽ ഇനിയും മരണമില്ലാതെ തുടരും.

Advertisement 

Advertisement