സംഗീതം നിർത്തി; ഡാഡി യാങ്കി ഇനി സുവിശേഷകൻ
ന്യൂയോർക്ക് ∙ ഗാസൊലീന, ഡെസ്പാസിറ്റോ തുടങ്ങിയ തട്ടുപൊളിപ്പൻ ലാറ്റിനമേരിക്കൻ പാട്ടുകളിലൂടെ ലോകത്തെ നൃത്തമാടിച്ച പ്യൂർട്ടോറിക്കൻ റാപ് സൂപ്പർതാരം ഡാഡി യാങ്കിയുടെ ഇനിയുള്ള ജീവിതം സഭയ്ക്കും സുവിശേഷത്തിനും. സംഗീതത്തോടു വിട ചൊല്ലുകയാണെന്ന് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.
അവസാനത്തെ സംഗീത പര്യടനം നാട്ടിലെ വേദിയിൽ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചുകൊണ്ട് ഔദ്യോഗികമായി വിരമിച്ചു. ‘ഒരുവൻ ലോകം മുഴുവൻ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു പ്രയോജനം’ എന്നു ചോദിച്ചു വിതുമ്പിയ താരം കറുത്ത കണ്ണട വച്ചു മറയ്ക്കാൻ ശ്രമിച്ചിട്ടും കണ്ണുനീർ കവിളിലൂടെ ഒഴുകി. റമോൺ അയാല റോഡ്രിഗൂസ് എന്ന യഥാർഥ പേരിലേക്കു മടങ്ങും.
നൃത്തച്ചുവടുകളുമായി ചടുലതാളത്തിലുള്ള പ്യൂർട്ടോറിക്കയുടെ തനതു പോപ്പ് സംഗീത വിഭാഗം ഡാഡി യാങ്കി(46) യിലൂടെയാണ് ആഗോള ജനപ്രീതിയിലേക്ക് ഉയർന്നത്. ഫാഷനും യുവസുന്ദരികളും ആഘോഷത്തിന്റെ തെരുവുപശ്ചാത്തലവുമാണ് എല്ലാ പാട്ടിലും. 2004 ലെ ‘ഗാസൊലീന’ സ്പാനിഷ് അറിയാത്തവർ പോലും ഇഷ്ടത്തോടെ മൂളി നടക്കുന്ന പാട്ടാണ്.
കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബർ കൂടെപ്പാടുന്ന ‘ഡെസ്പാസിറ്റോ’ റീമിക്സ് പതിപ്പ് പുറത്തിറങ്ങിയതോടെ 2017 ലെ ഏറ്റവും പേരുകേട്ട പാട്ടായി അതു മാറി. യുഎസിലും യുകെയിലും സംഗീത ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തി. ബാരിയോ ഫിനോ, കോൺ കാൽമ, റൊംപെ തുടങ്ങിയവയാണ് ഹിറ്റായ മറ്റു പാട്ടുകൾ. ഡാഡി യാങ്കിയെപ്പോലെ പ്യൂർട്ടോറിക്കൻ ഗായകർ ഒട്ടേറെപ്പേർ സുവിശേഷ ജീവിതത്തിനായി പാട്ടു നിർത്തിയവരാണ്.