വിശ്വാസസമൂഹത്തിൻ്റെ പ്രതീക്ഷ യേശുക്രിസ്തുവിൻ്റെ മടങ്ങി വരവായിരിക്കണം: പാസ്റ്റർ ടി.ജെ. സാമുവേൽ

വിശ്വാസസമൂഹത്തിൻ്റെ പ്രതീക്ഷ യേശുക്രിസ്തുവിൻ്റെ മടങ്ങി വരവായിരിക്കണം:  പാസ്റ്റർ ടി.ജെ. സാമുവേൽ

അടൂർ: വിശ്വാസ സമൂഹത്തിൻ്റെ പ്രതീക്ഷയും പ്രത്യാശയും യേശുക്രിസ്തുവിൻ്റെ മടങ്ങി വരവാണ്. ഏതു കാലത്തും നേരത്തും ക്രിസ്തുവിൻ്റെ മടങ്ങി വരവിനു വേണ്ടി കാത്തിരിക്കുക എന്നതായിരിക്കണം ഓരോ സത്യകൃസ്താനിയുടെയും കടമ എന്ന് അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസ്താവിച്ചു. ജനറൽ കൺവൻഷൻ്റെ ആറാം ദിനം വൈകിട്ട് ആറിനു നടന്ന പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യേശുവേ, മടങ്ങി വരേണം എന്നായിരിക്കണം ഓരോ വിശ്വാസിയും ഉരുവിടേണ്ട മന്ത്രം. ഭൗതിക വിഷയത്തേക്കാൾ ആത്മീയ വിഷയങ്ങൾക്ക് ഊന്നൽ നൽകുകയും ക്രിസ്തുകേന്ദ്രീകൃതമായ പ്രഭാഷണങ്ങൾക്ക് ഊന്നൽ നല്കി സമൂഹത്തെ ദൈവോന്മുഖമാക്കുവാൻ ദൈവജനം ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പതിന് നടന്ന വിദ്യാർത്ഥി സമ്മേളനത്തിൽ സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ മാനുവേൽ ജോൺസൻ മുഖ്യസന്ദേശം നല്കി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടത്തി. സ്കൂൾ, കോളേജ് പഠനത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നല്കി ആദരിച്ചു. സൺഡേസ്‌കൂൾ പഠനത്തിൽ റാങ്കും ഗ്രേഡും നേടിയ വിദ്യാർത്ഥികൾക്കും താലന്ത് മത്സരത്തിൽ ജേതാക്കളായവർക്കും ട്രോഫികൾ വിതരണം ചെയ്തു. സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻറ് സെക്രട്ടറി സ്വാഗതവും ട്രഷറാർ ബിജു ദാനിയേൽ നന്ദിയും പറഞ്ഞു. 

ഉച്ചയ്ക്ക് രണ്ടിന് യുവജനസമ്മേളനത്തിൽ പ്രസിഡൻ്റ് പാസ്റ്റർ ജോസ് ടി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് എബ്രഹാം, സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി തുടങ്ങിയവർ പ്രസംഗിച്ചു. യുവജനങ്ങൾ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ അവാർഡുകൾ നല്കി ആദരിച്ചു. യുവജന വിഭാഗം സെക്രട്ടറി പാസ്റ്റർ ഷിൻസ് പി.റ്റി സ്വാഗതപ്രഭാഷണം നടത്തി.

ഇന്ന് രാവിലെ ഒമ്പതിന് സംയുക്തസഭായോഗം നടക്കും. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നും ആയിരത്തിഅഞ്ഞൂറ് പ്രദേശിക സഭകളിൽ നിന്നും പതിനയ്യായിരത്തിലധികം വിശ്വാസികൾ പങ്കെടുക്കും. സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സങ്കീർത്തന പ്രഭാഷണം നടത്തും. അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക് വി.മാത്യു തിരുമേശ ശുശ്രുഷ നിർവ്വഹിക്കും. ഡോ.എ.കെ.ജോർജ് പ്രഭാഷണവും സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ സമാപന സന്ദേശവും നല്കും. ഉച്ചയ്ക്ക് ഒന്നിന് ജനറൽ കൺവൻഷൻ സമാപിക്കും.