മായാത്ത ഗുരുവര്യൻ
കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കെ.കെ. ചെറിയാനെ ദീർഘകാലം സഹചാരിയായിരുന്ന പാസ്റ്റർ ജോർജ് ഏബ്രഹാം അനുസ്മരിക്കുന്നു
സിംഹഗർജനത്തിനു തുല്യമായ ശബ്ദം, ഉപദേശത്തിലും വിശുദ്ധിയിലും വിട്ടുവീഴ്ചയില്ലായ്മ, കൃത്യനിഷ്ടത, എളിമ, ആവശ്യത്തിലിരിക്കുന്നവരെ ആരുമറിയാതെ സഹായിക്കാനുള്ള സന്മനസ്സ് എന്നിവയൊക്കെ പാസ്റ്റർ കെ. കെ. ചെറിയാനെ ഓർക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നു. കുറെ നാൾ അച്ചായന്റെ സന്തതസഹചാരിയാകാൻ ദൈവം എനിക്ക് അവസരം നൽകി.
അദ്ദേഹത്തിന്റെ ശുശ്രൂഷയിലെ ഏറ്റവും തിരക്കേറിയ കാലം. പകലും രാത്രിയിലും ബൈബിൾ ക്ലാസ് അല്ലെങ്കിൽ കൺവൻഷൻ. അന്നു ഞാൻ കണ്ട ശുശ്രൂഷകരിൽ വിഷയദാരിദ്ര്യമില്ലാത്ത ദൈവദാസൻ, പ്രത്യേകിച്ച്, പ്രവചനവിഷയങ്ങളിൽ- ദാനീയേൽ പ്രവചനവും വെളിപ്പാടുപുസ്തകവും ചരിത്രസംവങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിച്ച - വേദപണ്ഡിതനായിരുന്നു അദ്ദേഹം.
ഐപിസിയുടെ നേതൃത്വതത്തിൽ എത്തിക്കാൻ പലരും ശ്രമിക്കുകയും ആവശ്യപ്പെടുകയും ചെയ്തപ്പോൾ അതിനെ ഒരുചെറുചിരിയോടെ തള്ളി, അധികാരമോഹിയല്ലാത്ത അദ്ദേഹത്തെ വളരെ ബഹുമാനത്തോടെയും ആദരവോടും ഓർക്കുന്നു.
മാർത്തോമാസഭാംഗമായിരക്കെ 12 വയസ്സിൽ മാർത്തോമാ സ്‌കൂളിൽ പ്രസംഗം ആരംഭിച്ച അദ്ദേഹം ശുശ്രൂഷയിൽ ഒരിടത്തും വേദപുസ്തകം തുറന്നുവായിക്കുന്നതോ, പ്രസംഗക്കുറിപ്പ് ഉപയോഗിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. തിരുവചനഭാഗങ്ങൾ തനിക്കു വളരെ നിശ്ചയമായിരുന്നു.
ആരുടെയും മുൻപിൽ തലകുനിക്കാത്ത അഭിമാനി, ആരും അടുക്കാൻ മടിക്കുന്ന ഘനശാലി, അപ്പോൾതന്നെ പിതൃതുല്യം വാത്സല്യമുള്ള വ്യക്തി എന്നിവയായിരുന്നു അച്ചായൻ. സ്വന്തമായി കൃഷിചെയ്ത് വിളയിച്ച തേങ്ങ, ചക്ക, വാഴക്കുല തുടങ്ങിയവ കാറിന്റെ ഡിക്കിയിൽവെച്ച് പ്രയാസമനുഭവിക്കുന്ന ദൈവദാസന്മാർക്കു കൊടുക്കാൻ ഞാൻ കൂടെ പോയിരുന്നു.
ഒരിക്കൽ വിദേശത്തു പഠനത്തിനുപോകുന്ന ഒരു കുട്ടിക്ക് അക്കൗണ്ടിൽ കാണിക്കാൻ 10 ലക്ഷം രൂപാ ഒരു തെളിവുമില്ലാതെ അവരുടെ അക്കൗണ്ടിലേക്കു മാറ്റിക്കൊടുത്തതിനു സാക്ഷിയാകാൻ എനിക്കിടയായിട്ടുണ്ട്. അനേകർക്ക് വീടുവയ്ക്കാനും സഭാഹോൾ പണിയാനും പെൺകുട്ടികൾക്കു വിവാഹസഹായമായി നൽകാനുമൊക്കെ അച്ചായൻ കരം നീട്ടിയതിനു ഞാൻ സാക്ഷിയായിട്ടുണ്ട്.
ഞാൻ ഇന്ന് എന്തായിരിക്കുന്നോ അതിന്റെ പിന്നിൽ ദൈവവും മാതാപിതാക്കളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംഭാവനചെയ്തിരിക്കുന്ന മഹത്‌വ്യക്തിയാണു പ്രിയ അച്ചായൻ. എന്റെ പിതാവിനെ കരുതുന്നതുപോലെ ഞാൻ അദ്ദേഹത്തെ കരുതി. പലപ്പോഴും അച്ചായന്റെ ഷുഗർ ലെവൽ വളരെ കുടുതൽ ആയിരുന്നു. ഓരോ ശൂശ്രൂഷ കഴിഞ്ഞു കാറിൽ തളർന്നുവീണുറങ്ങിയിരുന്നു. എങ്കിലും ആരോടും സ്വന്തം വിഷമം താൻ പറഞ്ഞിരുന്നില്ല. കർത്താവിനുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ അദ്ദേഹം തയ്യാറായിരുന്നു.
അച്ചായനോടൊപ്പം നിന്ന അമ്മാമ്മയെ ഓർക്കുന്നു. അച്ചായന്റെ ഇഷ്ടത്തിനു എതിരു നിൽക്കാത്ത മക്കളെ ഞാനോർക്കുന്നു. അവരുടെ ദുഖത്തിൽ ഞാനും പങ്കുചേരുന്നു. ഈ വേദന്ന എന്റെ മാത്രം വേദനയല്ല, ഈ നഷ്ടം എന്റെ മാത്രം നഷ്ടമല്ല! ഐപിസിക്ക്, ഉപദേശസത്യങ്ങൾക്കു വേണ്ടി നിലകൊണ്ട, അതു വളരെ തീഷ്ണതയോടെ പ്രമാണിക്കുകയും പഠിപ്പിക്കുകയും ചെയ്ത, വീണ്ടെടുക്കപ്പെട്ട ദൈവമക്കൾക്ക് എന്നും അഭിമാനത്തോടെ തല ഉയർത്തി പറയാൻ കഴിയുന്ന പാസ്റ്റർ കെ. കെ. ചെറിയാൻ എന്ന ഞങ്ങളുടെ 'ചെറിയാച്ചായൻ' ഇനി ഓർമ മാത്രം. ക്രിസ്തുവിനായി അഹോരാത്രം അധ്വാനിച്ച് കിരീടം പ്രാപിക്കാൻ പോയ ധീരയോദ്ധാവിന് ഒരായിരം സല്യൂട്ട്! ഉയിർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാം!




