ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദു റഹിമാൻ

ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദു റഹിമാൻ

തിരുവനന്തപുരം∙ ക്രിസ്ത്യൻ മതവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയമിച്ച ജെ.ബി കോശി കമ്മിഷന്റെ റിപ്പോർട്ട് ഉടനെ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദു റഹിമാൻ. സംസ്ഥാന ന്യൂനപക്ഷ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ വിവിധ വകുപ്പുകൾ പഠിക്കുകയും അവ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലുമാണ്. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ മത ന്യൂനപക്ഷ വിഭാഗങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാലോളി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയതു പോലെ തന്നെ ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ടും നടപ്പാക്കും. 

അടുത്ത ആഴ്ചയോടെ മുഴുവൻ വകുപ്പുകളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചതിനു ശേഷം ഇവ പരിശോധിക്കുന്നതിനുള്ള യോഗം ചേരും. സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒന്നായി കണ്ട് അവ പരിഹരിക്കാനുള്ള നടപടികളാവും സ്വീകരിക്കുക. ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതോടെ ന്യൂനപക്ഷത്തോടുള്ള സർക്കാരിന്റെ ഏറ്റവും വലിയ കരുതലിന്റെ ഉദാഹരണമായി ഇതു മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്ത് ചില സാമുദായിക നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണ്. കേരളത്തിലെ മതസൗഹാർദത്തിന് വിലങ്ങുതടിയായി ചിലർ നിൽക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പറയാൻ എന്ത് അവകാശമാണ് അത്തരക്കാർക്കുള്ളതെന്നും മന്ത്രി ചോദിച്ചു. മതസൗഹാർദത്തിനു വിലങ്ങുതടിയായി നിൽക്കുന്ന വ്യക്തികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും അബ്ദു റഹിമാൻ അഭിപ്രായപ്പെട്ടു.