കൊടുങ്കാറ്റുണ്ടീ വനദേശത്തെൻ പ്രിയനെ എന്നെ വിടല്ലെ.....
ഉഷസ് നമുക്കെപ്പോഴും ആനന്ദകരമാണ്. തെളിവാർന്ന മനസിൽ ഉഷസിന്റെ സൂര്യ കിരണം വാർന്നിറങ്ങുമ്പോഴുണ്ടാകുന്ന പുലർകാലം ഭക്തമാരുടെ നാവിൽ പാട്ടായി പുനർഗമിക്കും.
ആകുലതകൾ മറന്നവർ പക്ഷികളോടൊപ്പം പാടും.
കൊടുങ്കാറ്റുണ്ടീ വനദേശത്തെൻ പ്രിയനെ എന്നെ വിടല്ലെ; കൊതിയോടു ഞാൻ വരുന്നേ, എന്റെ സങ്കടമങ്ങ് തീർക്കണേ !
2023 ലെ പല ദിനങ്ങളിലും കൊടുങ്കാറ്റുകളും മഴക്കോളുകളും നിറഞ്ഞ കറുത്ത രാത്രികൾ നമ്മെ പലപ്പോഴും ഭീതിപ്പെടുത്തിയപ്പോഴും ഉഷസിലെ ആനന്ദഘോഷം നമ്മെ സന്തോഷിപ്പിച്ചിട്ടില്ലെ?
അനർത്ഥ ദിവസത്തിൽ യഹോവ നമ്മെ താങ്ങി.ജീവനോടെ നമ്മെ കാത്തു പാലിച്ചു. യേശുവിന്റെ അടി പിണരുകളാൽ നമുക്ക് സൗഖ്യം വന്നു.
ഒരു ദുർവ്യാധി അവനു പിടിച്ചിരിക്കുന്നു; അവൻ ഇനി എഴുന്നേല്ക്കുകയില്ലെന്ന് കഴിഞ്ഞ വർഷം പലരും പറഞ്ഞപ്പോഴും എന്റെ പ്രിയൻ എന്നെ താങ്ങിയതിനാൽ പുതു വർഷപുലരിയിൽ ഒരു മാൻപേട പോലെ എനിക്ക് നീർത്തോടുകളിലെത്താൻ ദൈവം പ്രാപ്തി തന്നു.
ഭക്തന്മാർ നിഴലുകൾ കണ്ട് ഒരിക്കലും പേടിക്കാറില്ല. നിഴലുകൾ വെളിച്ചം വരുന്നതിനോടൊപ്പം നീണ്ടും ചുരുങ്ങിയും പിന്നീട് കാണാതെയുമാവും.
നിഴലുകൾക്ക് അല്പായുസെയുള്ളൂ. താങ്ങും കരങ്ങളായി കർത്തൻ നീതി സൂര്യനായി നമ്മോടൊപ്പം ഉണ്ടെങ്കിൽ ആകുലതകൾ ലേശം വേണ്ട. ദൈവ കൃപ നമ്മോടൊപ്പം ഉണ്ട്.
ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശീലകളെപ്പോലേയും അഴകുള്ളവൾ ആകുന്നു എന്ന് പ്രിയനോടു പറയുവാൻ പുതിയ വർഷം നമുക്കാവട്ടെ.
2024 ന്റെ പുതു ഉഷസിൽ നമുക്ക് ഉറക്കെപ്പറയുവാൻ കഴിയട്ടെ , എന്റെ പ്രിയനോ വെൺമയും ചുമപ്പും ഉള്ളവൻ പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ .