ദുഃഖാചരണം: ദുരുപദേശത്തെ തള്ളി വിശ്വാസികൾ


ദുഃഖാചരണം: ദുരുപദേശത്തെ തള്ളി വിശ്വാസികൾ

കോട്ടയം: ഐപിസി നേതൃത്വം ആഹ്വാനം ചെയ്തിട്ടുള്ള 14 ദിവസത്തെ 'ദു:ഖാചരണ വാർത്ത ' പെന്തെക്കോസ്ത് സമൂഹത്തിൽ മാത്രമല്ല പൊതുജനങ്ങൾക്കിടയിലും ചർച്ചയായികൊണ്ടിരിക്കുന്നു . കേട്ടു കേൾവിയില്ലാത്ത കീഴ്‌വഴക്കം സൃഷ്ടിക്കലായി ഇത് മാറിയേക്കാം. ദു:ഖാചരണത്തിന് കൃത്യമായ വ്യാഖ്യാനം നൽകാതെയുള്ള ആഹ്വാനം സഭയെ സമൂഹത്തിൽ പരസ്യവിചാരണയ്ക്ക് വഴിയൊരുക്കി.

ആത്മീയനേതാവിൻ്റെ വിയോഗത്തിൽ സെക്കുലർ മാധ്യമ ഭാഷയാണ് 'ദു:ഖാചരണം' എന്ന് ആദ്യം വിശ്വാസ സമൂഹം കരുതി. എന്നാൽ പിന്നാലെ ജനറൽ കൗൺസിലിൻ്റെ ലെറ്റർ പാഡിൽ സെക്രട്ടറിയുടെ കത്തും വന്നു. അതിലുമുണ്ട് 14 ദിവസത്തേക്ക് പൊതുപരിപാടികളും  ആഘോഷ പരിപാടികളും മാറ്റിവയ്ക്കണമെന്ന കൽപന.

ഇതു വിശ്വാസികളിലും പാസ്റ്റർമാരിലും ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചു. വേദപഠിതാക്കളും പണ്ഡിതന്മാരും പുതിയ നിയമ വിശ്വാസികൾക്ക് യോജിച്ചതല്ല ഈ ആഹ്വാനമെന്നു വചനത്തിലൂടെ തെളിയിച്ചു. മറ്റെതോ ഗൂഢമായ തന്ത്രങ്ങളുടെ ഭാഗമാണിതന്ന് മറ്റൊരു കൂട്ടർ പ്രചരിപ്പിച്ചു. ചിലപ്പോൾ അങ്ങനെയും ആകാം.

ജനറൽ കൗൺസിൽ അംഗങ്ങളും, ചില അന്തർദേശീയ ഭാരവാഹികളും ഐപിസിയിലെ സീനിയർ പാസ്റ്റർമാരും വിശ്വാസി പ്രമുഖരും ഇത്തരത്തിലുള ആചാരാഹ്വാനത്തിൽ അത്ഭുതവും ആശങ്കയും പ്രകടിപ്പിച്ചു.

പെന്തെക്കോസ്ത് സമൂഹത്തിൻ്റെ നാവ് എന്ന നിലയിലും ദുരൂപദേശത്തിനെതിരെ ഉറച്ച നിലപാടുമുള്ള ഒരു പ്രമുഖ വാർത്ത മാധ്യമമെന്ന നിലയിൽ ഗുഡ്ന്യൂസ് സ്ഥാപനത്തിലേയ്ക്കും   നിഷ്ക്കളങ്കരായ നിരവധി വിശ്വാസികളും ശുശ്രൂഷകരും ഫോണിലൂടെയും മറ്റും ഈ വിഷയത്തിലെ  ഉൾകണ്ഠയും ആശങ്കയും അറിയിക്കുകയും ആരായുകയും ചെയ്തു. മിക്കവർക്കും ദു:ഖാചരണത്തിൻ്റെ വിവരങ്ങളും ആഹ്വാനത്തിൻ്റെ വ്യാഖ്യാനം അറിയാനുമാണ് അന്വേക്ഷിച്ചത്. ഞങ്ങളുടെ അന്വേഷണത്തിൽ ഐപിസി പ്രസ്ഥാനത്തിലെ ബഹുഭൂരിപക്ഷം നേതാക്കൾക്കും ഇതിനെക്കുറിച്ച് അറിവോ പിന്തുണയോ ഇല്ലെന്ന് മനസിലായി.  

ആരാധന കൂടിവരവിനോ, പുത്രിക സംഘടനയുടെ പരിപാടികൾക്കോ തുടങ്ങിയ ഐപിസിയുടെ വിവിധ ഘടകങ്ങൾ സംഘടിപ്പിക്കുന്ന യാതൊരു പ്രോഗ്രാമിനും മാറ്റമോ തടസ്സങ്ങളോ ഉണ്ടായിരിക്കുന്നതല്ല. എല്ലാം പതിവുപോലെ നടക്കുമെന്ന് പ്രദേശിക സഭാ പ്രതിനിധികളും സെൻറർ സ്റ്റേറ്റ് ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. 

മണ്ടൻ തീരുമാനങ്ങൾക്കും വചനാടിസ്ഥാനമില്ലാത്ത കാര്യങ്ങൾക്കും ദുരുപദേശങ്ങൾക്കും ആര് കൽപന ഇറക്കിയാലും ആഹ്വാനങ്ങൾ നൽകിയാലും കണ്ണുംപൂട്ടി വിഴുങ്ങുന്നവരല്ല വിശ്വാസികൾ എന്നത് ഇങ്ങനെ പ്രസ്താവന ഇറക്കുന്നവർ ഓർക്കുന്നത് നല്ലതായിരിക്കും.

ഇതിനെക്കുറിച്ച് കൃത്യമായ തീരുമാനങ്ങളും ആവശ്യമായ വചന പാണ്ഡിത്യവും 
ഉള്ളവരാണ് ഐപിസിയിലെ വിശ്വാസികളിൽ ബഹുഭൂരിപക്ഷവും. ഇത്തരത്തിലുള്ള തെറ്റായ കീഴ് വഴക്കങ്ങളെ  മുമ്പും തിരുത്തിയിട്ടുണ്ട് ഇനി തിരുത്തുകയും ചെയ്യും.  

Advertisement