ദുഃഖാചരണങ്ങളും ബൈബിൾ നൽകുന്ന പ്രത്യാശയും
മനുഷ്യപ്രസാധനത്തിന്റെ ദുഃഖാചരണങ്ങളും ബൈബിൾ നൽകുന്ന പ്രത്യാശയും: ഒരു ആത്മപരിശോധന*
Pr. T. S. Abraham മരിച്ചപ്പോൾ സ്തുതിപാഠകരായ ചിലർ ശ്രേഷ്ഠ ഇടയൻ അന്തരിച്ചു, വലിയ ഇടയൻ വിടവാങ്ങി എന്നിങ്ങനെ ടൈറ്റിൽ കൊടുത്ത് ചെറുപത്രങ്ങൾ വിതരണം ചെയ്തത് കണ്ടു വളരെ ദുഃഖം തോന്നിയിരുന്നു. ഞാൻ വളരെ സ്നേഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു Pr. T. S. Abraham. എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമികളുടെ പ്രിയം നേടുവാൻ വേണ്ടി സ്തുതിപാഠകർ ദൈവദൂഷണം എഴുതിയപ്പോൾ അത് വിലക്കിക്കൊണ്ട് ഒരു പ്രമുഖ വ്യക്തി പോലും ഒന്നും പറയുകയോ എഴുതുകയോ ചെയ്തില്ല എന്നത് പ്രമുഖരിൽ മിക്കപേരും സ്വാർത്ഥതയും മരവിച്ച മനസാക്ഷിയും ഉള്ള കച്ചവടക്കാർ മാത്രമായതുകൊണ്ടോ അല്ലെങ്കിൽ അജ്ഞതയും വിവേകമില്ലായ്മയും മാത്രം അവരുടെ കൈമുതലായിരുന്നതുകൊണ്ടോ ആണ് എന്ന് വ്യക്തം. ശ്രേഷ്ഠ ഇടയൻ (1 Pet. 5:4), വലിയ ഇടയൻ (Heb. 13:20) എന്നിവ നമ്മുടെ കർത്താവിന്റെ ടൈറ്റിലുകളാണ് എന്ന കാര്യം ആരും ഓർത്തില്ല. ഏതായാലും മിശിഹാ കാലം ചെയ്തു എന്ന് എഴുതാഞ്ഞത് തന്നെ വലിയ കാര്യം.
ഇപ്പോൾ Pr. T. S. Abraham-ന്റെ മകൻ Pr. വത്സൻ എബ്രഹാം മരിച്ചപ്പോൾ പതിനാലു ദിവസത്തെ ദുഃഖാചരണം വിളംബരം ചെയ്തവരും ഏതാണ്ട് ദൈവഭയവും വചന പരിജ്ഞാനവും ഇല്ലാത്തവരും മനുഷ്യരെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കുന്ന സ്ഥാനമോഹികളായ വ്യക്തികളും ആകുന്നു എന്ന് നിസ്സംശയം പറയുവാൻ കഴിയും. ഇപ്പോൾ ഈ ഭോഷ്കിനെ ന്യായീകരിക്കുവാൻ പഴയനിയമത്തിൽ നിന്നുള്ള വിലാപഗീതങ്ങൾ ഓരോന്നായി ഉദ്ധരിക്കുകയും, ഒടുവിൽ പുതിയ നിയമത്തിലേക്ക് വന്നു ലാസറിന്റെ മരണവാർത്തയറിഞ്ഞു വന്ന യേശു കണ്ണുനീർ വാർത്തതും സ്തേഫാനോസിനെ അടക്കം ചെയ്ത വിശുദ്ധന്മാർ വലിയ പ്രലാപം കഴിച്ചതും ഒക്കെ സ്തുതിപാഠകന്മാരും അവരുടെ പാദസേവകന്മാരും ആയുധമാക്കുകയാണ്. ഒന്നോർക്കുക, കർത്താവ് കണ്ണുനീർ വാർത്ത ശേഷം ലാസറിനെ ഉയിർപ്പിച്ച് ദൈവമഹത്വം വെളിപ്പെടുത്തുകയാണ് ചെയ്തത്, ദുഃഖാചരണം പ്രഖ്യാപിക്കുകയായിരുന്നില്ല.
സ്തേഫാനോസിനെ അടക്കം ചെയ്ത സംഭവത്തെ സംബന്ധിച്ച് ചരിത്രവും ബൈബിളും അറിയുവാൻ ആഗ്രഹിക്കുന്നവരോട് പറയുവാനുള്ളത്:
ആദ്യത്തെ രക്തസാക്ഷിയായ സ്തെഫാനോസിന്റെ കല്ലേറിലൂടെയുള്ള മരണത്തിനു ശേഷമുള്ള സംഭവമാണ് ലൂക്കോസ് വിവരിക്കുന്നത്. ക്രിസ്ത്യാനികൾക്കെതിരെ അതിരൂക്ഷമായ ഉപദ്രവം ആരംഭിച്ച സമയമായിരുന്നു അത്. സ്തെഫാനോസിനെ അടക്കം ചെയ്യുന്നത് വലിയ ജീവഭീഷണിയും അപകടവും ഉയർത്തുന്ന കാര്യമായിരുന്നു. എങ്കിലും ദൈവഭയമുള്ള ഈ മനുഷ്യർ പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ ഭക്തിയോടെയും ധൈര്യത്തോടെയും ആ കടമ നിർവ്വഹിച്ചു. (Acts 8:2: "ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനോസിനെ അടക്കം ചെയ്തു അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു").
യെഹൂദ ആചാരപ്രകാരം വധിക്കപ്പെട്ട കുറ്റവാളികൾക്കായി പരസ്യമായി വിലാപം കഴിക്കുന്നത് വിലക്കപ്പെട്ടിരുന്നു. എന്നാൽ സ്തെഫാനോസ് ഒരു കുറ്റവാളിയല്ലെന്നും, ദൈവത്തിന്റെ വിശ്വസ്ത ദാസനാണെന്നും ഉറപ്പിച്ചു പ്രഖ്യാപിക്കുന്നതായിരുന്നു അവരുടെ ഈ പരസ്യമായ വിലാപം. ഗ്രീക്ക് മൂലഭാഷയിൽ kopeton megan എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ അർത്ഥം അത്യുച്ചത്തിലുള്ള, ഹൃദയം തകർന്നുള്ള വിലാപം (passionate, great mourning) എന്നാണ്. ഈ വിലാപം വെറുമൊരു നിരാശയുടെ നിലവിളിയായിരുന്നില്ല; മറിച്ച് സഭയ്ക്ക് ലഭിച്ച വലിയൊരു ആത്മീയ നേതാവിന്റെ വേർപാടിലുള്ള ആഴമേറിയ ദുഃഖമായിരുന്നു. ഉപദ്രവങ്ങളുടെയും ഭീഷണികളുടെയും മധ്യത്തിലും ദൈവഭക്തർ സ്തെഫാനോസിന് അർഹമായ ആദരവ് നൽകുകയും, അവനായി വലിയ പ്രലാപം കഴിക്കുകയും ചെയ്തു.
അപ്പൊസ്തലപ്രവൃത്തികൾ 8:2 കാണിക്കുന്നത് ഭയമില്ലാത്ത വിശ്വാസവും, സഹവിശ്വാസികളോടുള്ള ആഴമേറിയ സ്നേഹവുമാണ്. സ്തെഫാനോസിന്റെ മരണം സഭയിൽ വലിയ ദുഃഖമുണ്ടാക്കിയെങ്കിലും, തുടർന്നുണ്ടായ ഉപദ്രവങ്ങൾ നിമിത്തം വിശ്വാസികൾ യെരൂശലേമിൽ നിന്ന് ചിതറിപ്പോകുകയും, പോയിടത്തെല്ലാം സുവിശേഷം പ്രസംഗിക്കുകയും ചെയ്തു (Acts 8:4). അവർ ദുഃഖാചരണം പ്രഖ്യാപിച്ച് മൗനമായിരിക്കുകയായിരുന്നില്ല. യേശു കണ്ണുനീർ വാർത്തതുപോലെ ചില നിമിഷങ്ങൾ തങ്ങൾ വേദനയാൽ കണ്ണുനീർ വാർത്തു എങ്കിലും, കർത്താവ് തുടർന്ന് തന്റെ പ്രവൃത്തി ചെയ്തതുപോലെ യെരൂശലേമിലെ ഭക്തിയുള്ള പുരുഷന്മാരും തങ്ങളുടെ പ്രവൃത്തിയുമായി (സുവിശേഷഘോഷണം) മുന്നേറുകയായിരുന്നു.
*വിശുദ്ധ തിരുവെഴുത്തുകൾ നൽകുന്ന പ്രത്യാശയും ആശ്വാസവും:*
വിശ്വാസികളുടെ മരണം ഒരു പ്രത്യാശയുടെ സന്ദേശമാണ് നൽകുന്നത്. ബൈബിൾ നമുക്ക് നൽകുന്ന ആശ്വാസം ദുഃഖാചരണങ്ങളിലൂടെയല്ല, മറിച്ച് ക്രിസ്തുവിലുള്ള നിത്യജീവന്റെ പ്രത്യാശയിലൂടെയാണ്:
1 Thessalonians 4:13-14: " സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.."
John 11:25-26: "യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.."
Revelation 14:13: "ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു."
2 Corinthians 5:1: "കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു."
ഈ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നത്, ക്രിസ്ത്യാനികളുടെ മരണം നിരാശയുടെയോ അന്തിമമായ വിടവാങ്ങലിന്റെയോ അവസാനമല്ല, മറിച്ച് നിത്യ മഹത്വത്തിലേക്കുള്ള പ്രവേശനമാണ് എന്നാണ്. മനുഷ്യരെ പ്രസാദിപ്പിക്കുവാനായുള്ള മനുഷ്യനിർമ്മിതമായ ദുഃഖാചരണങ്ങൾക്കല്ല, ദൈവവചനത്തിന്റെ സത്യങ്ങൾക്കാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ സ്ഥാനമുള്ളത്.
Sabu John, Trivandum



