വെളിച്ചം വിതറുന്ന വനിതകൾ

വെളിച്ചം വിതറുന്ന വനിതകൾ

വെളിച്ചം വിതറുന്ന വനിതകൾ

ല്ലാവർഷവും മാർച്ച് എട്ടിന് സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായാണ് വനിതാ ദിനം ആചരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. നാനാതുറകളിലുമുള്ള സഹോദരിമാർ സ്വന്തമാക്കിയ നേട്ടങ്ങൾ ഈ ദിനം പ്രശംസിക്കപ്പെടും.

1857 മാര്‍ച്ച് 8 ന്, ന്യൂയോര്‍ക്കിലെ തുണിമില്ലുകളില്‍ ജോലി ചെയ്തിരുന്ന വനിതകള്‍ നടത്തിയ ഒരു തൊഴിലാളി ജാഥയാണ് വനിതാദിനത്തിന് ആരംഭം കുറിച്ചത്. തൊഴിൽ സമയം പരിമിതപ്പെടുത്തൽ, മികച്ച വേതനം, വോട്ടവകാശം എന്നിവയായിരുന്നു അന്ന് ജാഥയിൽ പങ്കെടുത്ത വനിതാ തൊഴിലാളികളുടെ മുഖ്യ ആവശ്യങ്ങൾ.

വനിതകളെ വിശുദ്ധ ബൈബിൾ ആദരിക്കുന്നു. അവർ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ്. ഓരോ വനിതകൾക്കും അളവറ്റ മൂല്യമുണ്ട്. വനിതകളെ യേശുനാഥൻ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്തു. ആദിമ സഭയിൽ സഹോദരിമാർ അവരുടെ വിശ്വാസത്തിനും സംഭാവനകൾക്കും ആദരിക്കപ്പെട്ടിരുന്നു. റോമിലെ കൊടിയ പീഡനങ്ങളിൽ അതിവിശുദ്ധ വിശ്വാസത്തിന് വേണ്ടി ആദിമ നൂറ്റാണ്ടിൽ രക്തസാക്ഷിത്വം വരിച്ചവരിൽ വനിതകളും ഉണ്ടായിരുന്നു.

പാപം നിറഞ്ഞ ലോകത്തിൽ സ്ത്രീകൾ അടിച്ചമർത്തലും അപമാനവും നേരിടുന്നു. അവരെ യഥാർത്ഥമായി വിലമതിക്കുന്നതിനുള്ള ശക്തമായ അടിത്തറയും പ്രചോദനവും നാം കണ്ടെത്തുന്നത് തിരുവെഴുത്തുകളിലാണ്. മാതൃകയുള്ള വനിതകൾ ഏവർക്കും പ്രചോദനമാണ്. സമത്വത്തിന് വേണ്ടി സ്ത്രീകൾ പോരാടുന്ന ഈ കാലഘട്ടത്തിൽ, ധൈര്യവും വിശ്വാസവും മുറുകെ പിടിച്ച് സഹജർക്കായി സഹായം ചെയ്ത ബൈബിളിലെ ബഹുമാന്യ വനിതകൾ ഏവർക്കും മാതൃകയാണ്. ശിശുഹത്യ തടഞ്ഞ യോഖേബേദും വംശഹത്യ തടഞ്ഞ എസ്ഥേറും പ്രകാശ ഗോപുരങ്ങളാണ്.

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ചതിൽ ബൈബിളിന്റെ പങ്ക് വളരെ വലുതാണ്. സ്ത്രീ സമത്വത്തിനും ശാക്തീകരണത്തിനും മിഷനറി വനിതകൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ നിരാലംബരായ അനാഥർക്കും വിധവകൾക്കും വേണ്ടി ജീവിച്ച നവോത്ഥാന നായികയായിരുന്നു പണ്ഡിത രമാബായി, രോഗികൾക്ക് വേണ്ടി ജീവിതം യാഗമാക്കിയ വനിതാ രത്നമാണ് ഐഡ സ്കഡ്ഡ്ർ, ദേവദാസികളെ ദൈവദമക്കളാക്കിയ സ്‌നേഹനിധിയായ അമ്മയാണ് എമി കാർമൈക്കിൾ, കുഷ്ഠ രോഗികളെ പരിചരിച്ച തന്റെ ഭർത്താവിനെയും പിഞ്ചു കുഞ്ഞുങ്ങളെയും ചുട്ടുകരിച്ചവരോട് ക്ഷമിച്ച ക്രിസ്തു ശിഷ്യയാണ് ഗ്ലാഡിസ് സ്റ്റെയിൻസ്. മഹത് വനിതകൾ തുടങ്ങി വെച്ച നല്ല പ്രവർത്തികൾ നമുക്ക് തുടരാം. അവരുടെ സംഭാവനകൾ നന്ദിയോടെ സ്മരിക്കാം. അവർ കാട്ടിയ സ്നേഹത്തിന്റെയും സഹനത്തിന്റെയും പാതയിലൂടെ നമുക്കും മുന്നേറാം.

ആഗോളതലത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വിലക്കുകളും വർദ്ധിക്കുകയാണ്.

പ്രണയത്തിന്റെ മറവിലുള്ള ചതിക്കുഴികളിലും, കപട സൗഹൃദത്തിലൂടെയുള്ള ലഹരിക്കെണിയിലും, സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജസ്‌നേഹത്തിലും സ്ത്രീകൾ അകപ്പെട്ടു കൊണ്ടിരിക്കുന്നു. ഇപ്രകാരമുള്ള സമയത്തിൽ നമ്മുടെ ശബ്ദം പ്രധാനമാണ്. 

ഇരുണ്ട ലോകത്തിലെ അരണ്ട വെളിച്ചത്തിൽ ദിശ തെറ്റുന്നവർക്ക് വഴിവിളക്കാകാം. നമ്മുടെ സഹോദരിമാരെ സംരക്ഷിക്കാം. അവർക്കായി ഇടിവിൽ നിൽക്കാം. ജീവൻ വെടിയേണ്ടി വന്നാലും പിന്മാറരുത്. യുവതലമുറകളുടെ ജീവിതം നശിപ്പിക്കുവാനും ജീവൻ അപഹരിക്കുവാനും പിശാച് മനുഷ്യരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. ദുഷ്ട മനുഷ്യരുടെ കൈയ്യിൽ നിന്നും തകരുന്ന തലമുറകളെ വലിച്ചെടുക്കാം.

അമ്മമാർ, സഹോദരിമാർ, മക്കൾ, അദ്ധ്യാപകർ, ഡോക്ടർമാർ, സന്നദ്ധപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നന്മയ്ക്കും ദൈവമഹത്വത്തിനും വേണ്ടി സേവനമനുഷ്ഠിക്കുന്ന എല്ലാ വനിതകളെയും നമുക്ക് അഭിനന്ദിക്കാം. അടിച്ചമർത്തപ്പെട്ടവരും, അവസരം നിഷേധിക്കപ്പെട്ടതുമായ സഹോദരിമാരെ നമുക്ക് ശുശ്രൂഷിക്കാം. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളെ കൈപിടിച്ച് ഉയർത്താം. അവരുടെ സംരക്ഷണത്തിന് വേണ്ടി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യാം.

Advertisement