പറന്തലിൽ ഇനി വചനപ്രഘോഷണങ്ങളുടെ ഒരാഴ്ച; ഏ.ജി.മലയാളം ജനറൽ കൺവൻഷനു പ്രൗഢമായ തുടക്കം

പറന്തലിൽ ഇനി വചനപ്രഘോഷണങ്ങളുടെ ഒരാഴ്ച;  ഏ.ജി.മലയാളം ജനറൽ കൺവൻഷനു പ്രൗഢമായ തുടക്കം

ദൈവഹിതം നിറവേറ്റുവാൻ സ്വയം ത്യജിച്ച് സമൂഹത്തിന് നന്മ ചെയ്ത് വിശ്വാസികൾ ജീവിക്കണം: പാസ്റ്റർ ടി.ജെ. സാമുവേൽ 

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

പറന്തൽ,(അടൂർ): ദൈവഹിതം നിറവേറ്റുക എന്നത് വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം ആയിരിക്കണം എന്നും ഓട്ടക്കാരൻ ലക്ഷ്യം ശ്രദ്ധിച്ച് ഓടുന്നത് പോലെ ജാഗ്രതയോടെ ഈ കാലത്തിൽ ജീവിച്ച്‌ അർത്ഥപൂർണമായ ജീവിതം വിശ്വാസികൾ നയിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസ്താവിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ അടൂർ-പന്തൽ എ ജി ജനറൽ കൺവൻഷൻ നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാസ്റ്റർ ടി.ജെ.സാമുവേൽ. വിശ്വാസി ക്രിസ്തുവുമായുള്ള മഹത്വത്തിൻ്റെ അനുഭവത്തിൽ ജീവിക്കണം അതിന് ഓരോ വിശ്വാസിയും ദൈവനിയോഗവും ലക്ഷ്യവും തിരിച്ചറിഞ്ഞ് ജീവിക്കണമെന്നും ആത്യന്തിക ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിക്കുവാൻ ശ്രമിക്കുന്ന ചുറ്റുപാടുകളിൽ നിന്നും സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നും അകന്ന് നിന്ന് ദൈവ പ്രസാദമുള്ള ജീവിതം നയിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തി വിശ്വാസികൾ സമൂഹത്തിന് നന്മയായി തീരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. എ ജി സഭ ഉത്തരമേഖലാ ഡയറക്ടർ പാസ്റ്റർ എം.ടി. സൈമൺ അദ്ധ്യക്ഷനായിരുന്നു.

എ.ജി.സഭയുടെ ഡിസ്ട്രിക്ട് കൗൺസിൽ പ്രസിദ്ധീകരിച്ച ക്രിസ്തീയ ദൈവശാസ്ത്രം - പെന്തെക്കോസ്ത് വീക്ഷണം എന്ന മഹത്തായ ഗ്രന്ഥം പാസ്റ്റർ ടി.ജെ. സാമുവേൽ പാസ്റ്റർമാരായ ബഞ്ചമിൻ വർഗീസ്, പി.ജി.മാത്യൂസ്, ഓ. സാമുവേൽ, ഡോ.ആനി ജോർജ് എന്നിവർക്ക് ആദ്യ കോപ്പികൾ നല്കി പ്രസിദ്ധീകരിച്ചു. പാസ്റ്റർ ബഞ്ചമിൻ വർഗീസ് സമർപ്പണ പ്രാർത്ഥന നടത്തി. ഡോ. ആനി ജോർജ് പുസ്തകം സ്വീകരിച്ച് സംസാരിച്ചു. ഡിസൈപ്പിൾ ഷിപ്പ് ഡിപ്പാർട്ട്മെൻറിൻ്റെ സ്റ്റഡി ബുക്ക് ഡയറക്ടർ പാസ്റ്റർ ജോൺസൻ ജി.സാമുവേൽ പ്രകാശനം ചെയ്തു. കൺവൻഷൻ ഗാനങ്ങൾ അടങ്ങിയ പുസ്തകം സഭയുടെ അസിസ്റ്റൻ്റ് സൂപ്രണ്ട്.ഡോ ഐസക് വി.മാത്യു പ്രകാശനം ചെയ്തു. സഭാ യുവജന വിഭാഗം മുൻ പ്രസിഡൻ്റ് പാസ്റ്റർ പ്രഭാ ടി തങ്കച്ചൻ ദൂതൻ മാസിക ചീഫ് എഡിറ്റർ പാസ്റ്റർ അജി കെ.ജോൺ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി.

സിസ്റ്റർ ജയ ജോൺ, സജി ജോർജ് പാസ്റ്റർ പി.എം.എബ്രഹാം, പാസ്റ്റർ പി.ഡി.ജോൺസൻ എന്നിവർ പ്രാർത്ഥനാ ശുശ്രൂഷ നയിച്ചു. പാസ്റ്റർ സാം റോബിൻസണും സുനിൽ സോളമനും എ ജി ക്വയർ ഗാനശുശ്രൂഷ നയിച്ചു. പാസ്റ്റർ ജെ.ജോസഫ് പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ പി.ജി.മാത്യൂസ് സമാപന പ്രാർത്ഥനയും നടത്തി.സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് എന്നിവർ നേതൃത്വം നല്കി.

Advertisement