വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന് എഡ്മണ്ടണിൽ ജൂലൈ 16 മുതൽ
റിപ്പോർട്ടർ: ഫിന്നി രാജു, ഹ്യൂസ്റ്റൺ
എഡ്മണ്ടൺ (കാനഡ): കാനഡയിലെയും അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെയും പെന്തെക്കോസ്ത് വിശ്വാസികളുടെ വാർഷിക ആത്മീയ സംഗമമായ വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിന്റെ 36-ാമത് സമ്മേളനം ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടണിൽ നടക്കും. “ദി സീസൺ ഓഫ് ഹാർവെസ്റ്റ്” (കൊയ്ത്തിന്റെ കാലം) എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സഭയുടെ ദൗത്യം, സുവിശേഷ പ്രവർത്തനത്തിന്റെ പ്രസക്തി, സമകാലിക ആത്മീയ-സാമൂഹിക വെല്ലുവിളികൾ എന്നിവയെ അധികരിച്ചുള്ള വിവിധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
കോൺഫറൻസിന്റെ ഉദ്ഘാടനം ചെയർമാൻ പാസ്റ്റർ സാം വർഗീസ് നിർവഹിക്കും. ബംഗളൂരുവിൽ നിന്നുള്ള പാസ്റ്റർ ജോ തോമസ് മലയാളം സെഷനുകളിലും, പാസ്റ്റർ നിരുപ് അൽഫോൺസ് ഇംഗ്ലീഷ് സെഷനുകളിലും മുഖ്യപ്രഭാഷണം നടത്തും. സിസ്റ്റർ രമ്യ സാറാ ജേക്കബ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുവിശേഷ പ്രവർത്തകരും ദൈവദാസന്മാരും സമ്മേളനത്തിൽ സന്ദേശങ്ങൾ പങ്കുവെക്കും.
കാനഡയിലെ എഡ്മണ്ടൺ, കാൽഗറി, വാൻകൂവർ എന്നിവിടങ്ങളിലെയും അമേരിക്കയിലെ സിയാറ്റിൽ മേഖലയിലെയും സഭകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ജൂലൈ 16 മുതൽ 18 വരെയുള്ള സമ്മേളനങ്ങൾ എഡ്മണ്ടണിലെ ലൈഫ് ചർച്ചിലും (Life Church, 4461 50 Street NW, Edmonton), സമാപന ദിവസമായ ജൂലൈ 19-ലെ സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും എഡ്മണ്ടണിലെ തന്നെ '2104 156 Street SW' എന്ന വിലാസത്തിലുള്ള ഹാളിലും നടക്കും.
സെക്രട്ടറി റോണി സൈമൺ മാത്യൂസ്, ട്രഷറർ ജിജി ഫിലിപ്പ്, യൂത്ത് ഡയറക്ടർ ഗ്ലാഡ് വിൻ കോശി എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.




