ഗ്ലാഡിസ് ഗ്രഹാം സ്റ്റയ്ൻസും, എസ്തേറും ഇവിടെയുണ്ട്, ആസ്‌ട്രേലിയയിൽ

ഗ്ലാഡിസ് ഗ്രഹാം സ്റ്റയ്ൻസും, എസ്തേറും ഇവിടെയുണ്ട്, ആസ്‌ട്രേലിയയിൽ

ഗ്ലാഡിസ് ഗ്രഹാം സ്റ്റയ്ൻസും, എസ്തേറും ഇവിടെയുണ്ട്, ആസ്‌ട്രേലിയയിൽ 

ജോർജ് മാത്യു പുതുപ്പള്ളി

1999 ജനുവരി 23 എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഭീകരരാത്രിയായിരുന്നു. 22ൽ നിന്നും 23 ലേക്കു കയറുന്ന പുലർവേളയിലായിരുന്നു, ആസ്‌ട്രേലിയൻ മിഷനറിയായിരുന്ന ഗ്രഹാം സ്റ്റുവേർട്ട് സ്റ്റയ്ൻസിനെയും മക്കളായ ഫിലിപ്പിനെയും തിമൊത്തിയെയും അഗ്നി വിഴുങ്ങിയ ആ കാളരാത്രി.
കുന്തമുനയിൽ കുത്തിനിർത്തി ചുടുചോര ഊറ്റിക്കളഞ്ഞ് വാനിലിട്ടു കത്തിച്ച് ചാരമാക്കിയ പൈശാചിക രാത്രി.

ഞാൻ ഓർത്തഡോക്സ് സഭയിൽ വൈദികനായിരുന്ന സമയംമുതൽ ക്രിസ്തീയ മിഷനറിമാരുടെ  സ്വാർത്ഥവും ത്യാഗോജ്ജ്വലവുമായ പ്രവർത്തനത്തെക്കുറിച്ച് നേരിട്ടും വായിച്ചുമുള്ള അറിവ് എനിക്കുണ്ടായിരുന്നു. നിരവധി മിഷനറിമാരെ എനിക്കു പരിചയമുണ്ടായിരുന്നു. അവരോടൊക്കെ ആകാശംമുട്ടെ സ്നേഹമുണ്ടായിരുന്നു. എനിക്കു യേശുവിനു വേണ്ടി ചെയ്യാൻ കഴിയാത്തത് അവർ ചെയ്യുന്നുവല്ലോ എന്നോർത്ത് ഞാൻ അത്യധികം ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു.

സുവിശേഷവേലയോടൊപ്പം 'മാതൃഭൂമി' പത്രത്തിൽ ഫ്രീലാൻസ് ജർണലിസ്റ്റായും ഞാൻ പ്രവർത്തിക്കുന്ന സമയത്താണ് ആ ദാരുണ സംഭവം അരങ്ങേറിയത്. 1999 ജനുവരി 24 നു പുറത്തിറങ്ങിയ മലയാളത്തിലെ എല്ലാ ദിനപത്രങ്ങളുടെയും ആദ്യപേജിലെ തലക്കെട്ടുകണ്ട്
എന്റെ തല മരവിച്ചു.

ശരീരത്തിലെ രക്തം മുഴുവൻ മരവിച്ച് കട്ടപിടിച്ചതുപോലെ തോന്നി. മുഴുവൻ വാർത്തയും വായിക്കുവാൻ എനിക്കു ശക്തിയില്ലായിരുന്നു. ആ ചിത്രങ്ങൾ കാണുവാൻ ശക്തിയില്ലാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഓരോ ഭാരതീയർക്കും കാണാപ്പാഠമായ സംഭവമായതിനാൽ
ചരിത്രം ഞാൻ വിശദീകരിക്കുന്നില്ല. ഒഡീഷയിലെ മനോഹർപൂർ ഗ്രാമത്തിലെ കുഷ്ഠരോഗികളെ
ഗ്രഹാം സ്റ്റയ്ൻസും കുടുംബവും ജീവനുതുല്യം സ്നേഹിച്ചു, ശുശ്രൂഷിച്ചു, അവർക്കു
വേണ്ടതെല്ലാം നൽകി എന്നതാണ് അവർ ചെയ്ത ഭീകരമായ അപരാധം. അതിനു അവർക്കു ലഭിച്ച കൊടുംശിക്ഷയായിരുന്നു ഈ ക്രൂരവധം.

ഭാരതം മുഴുവൻ ഈ കൊടുംക്രൂരതയെ ഒറ്റക്കെട്ടായി അപലപിച്ചു എന്ന വസ്തുത എടുത്തുപറയേണ്ട
അഭിനന്ദനാർഹവും അനുകരണീയവുമായ കാര്യമാണ്. 

മരിക്കുമ്പോൾ ഫിലിപ്പ് ഗ്രഹാമിന് പത്തു വയസും തിമൊത്തി ഗ്രഹാമിന് ഏഴു വയസുമായിരുന്നു പ്രായം. സൂര്യതേജസ്‌ മുഖത്ത് വെള്ളിവെളിച്ചം പരത്തിയിരുന്ന രണ്ടു നിഷ്കളങ്ക ബാല്യങ്ങൾ.
ഫിലിപ്പ് ഇന്നുണ്ടായിരുന്നെങ്കിൽ മുപ്പത്തിനാലും തിമൊത്തിക്ക് മുപ്പത്തിയൊന്നും വയസ് പ്രായമുണ്ടായിരുന്നേനെ.

എസ്തേറും അമ്മ ഗ്ലാഡിസും ക്രൂരമായ വധശ്രമത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടു.
ചില ദിവസങ്ങളോളം എന്റെ മനസിനെ വേദനിപ്പിച്ചത് ഈയൊരു ചിന്തയായിരുന്നു. ഭർത്താവിന്റെയും പിഞ്ചുമക്കളുടെയും ദുരന്തത്തെ മാനസികമായി അതിജീവിക്കുവാൻ
ഗ്ലാഡിസ് സ്റ്റയ്ൻസിനു സാധിക്കുമോ? ഉറ്റ സഹോദരന്മാരുടെ വേർപാട് താങ്ങുവാൻ അവരുടെ കുഞ്ഞുസഹോദരി എസ്തേറിനാവുമോ ? അവരെ വിഷാദരോഗം കീഴടക്കുമോ ?

എനിക്ക് അന്നു നേരിട്ട് അവരെ പരിചയമില്ലായിരുന്നുവെങ്കിലും അവർക്കു വേണ്ടി പ്രാർത്ഥിച്ച ജനകോടികൾക്കൊപ്പം ഞാനും കുടുംബവും അവർക്കുവേണ്ടി പ്രാർത്ഥിച്ചു. വിശ്വാസത്തിൽ പിടിച്ചുനിൽക്കാനും ദുരന്തങ്ങളെ അതിജീവിക്കുവാനുമുള്ള ദൈവകൃപ അവർക്കു കൊടുക്കണമേ
എന്നു മാത്രമായിരുന്നു ഞങ്ങളുടെ പ്രാർത്ഥന. എന്നാൽ എന്നെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ച പ്രവൃത്തികളാണ് ഗ്ലാഡിസിൽ നിന്നും എസ്തേറിൽനിന്നും ഉണ്ടായത്.

തന്റെ ഭർത്താവിനെയും മക്കളെയും ക്രൂരമായി വധിച്ചവരോട് പൂർണ്ണമായി ക്ഷമിക്കുവാനും അവർക്കു മാപ്പ് നൽകുവാനും ഗ്രഹാം സ്റ്റയ്ൻസിന്റെ വിധവയും യഥാർത്ഥ ക്രിസ്തുശിഷ്യയുമായ ഗ്ലാഡിസ് സ്റ്റയ്ൻസിന് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. ഭൂമിയിൽ തന്നെയും അമ്മയെയും തനിച്ചാക്കി തന്റെ കൂടപ്പിറപ്പുകളെ നിഷ്കരുണം ഭൂമിയിൽ നിന്നു തുടച്ചുനീക്കിയ ഘാതകരോട് ക്ഷമിക്കുവാൻ യേശുവിനെ ഏറെ സ്നേഹിച്ച കുഞ്ഞെസ്തേറിനും ബുദ്ധിമുട്ട് തോന്നിയില്ല.

ഞാൻ ചിന്തിച്ചതിൽനിന്നുമൊക്കെ ഏറെ ഉന്നതങ്ങളിലുള്ള തീവ്രബന്ധമായിരുന്നു അവർക്ക് മഹാദൈവവും ക്ഷമയുടെ കൊടുമുടിയുമായിരുന്ന യേശുകർത്താവിനോട് ഉണ്ടായിരുന്നത്.
കാൽവറിക്രൂശിൽ പിടയുമ്പോഴും 'ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ' എന്ന് യേശു പ്രാർത്ഥിച്ചു. യേശു പ്രാർത്ഥിച്ചതും ചെയ്തു കാണിച്ചതുമായ കാര്യങ്ങൾ
വള്ളിപുള്ളി വ്യത്യാസമില്ലാതെ  ഗ്ലാഡിസും എസ്തേറും ചെയ്തുകാണിച്ചു.

2019 ൽ ഞാനും സാലിയും ആസ്‌ട്രേലിയയിൽ വന്നപ്പോൾ ഗ്ലാഡിസ് ഗ്രഹാം സ്റ്റയ്ൻസിനെയും എസ്തേറിനെയും 'മാതൃഭൂമി' പത്രത്തിനു വേണ്ടി ഇന്റർവ്യൂ ചെയ്യുവാൻ ഏറെ ആഗ്രഹിച്ചെങ്കിലും
ഒത്തു വന്ന അവസരം ചില അപ്രതീക്ഷിത കാരണങ്ങളാൽ വഴുതിപ്പോയി. 2023 ലെ ഞങ്ങളുടെ 
ആസ്‌ട്രേലിയൻ സന്ദർശനത്തിൽ വീണ്ടും അതിനായി ശ്രമിച്ചെങ്കിലും അതും നടക്കാതെ പോയി.

ഗ്ലാഡിസും എസ്തേറും ഇപ്പോൾ താമസിക്കുന്ന ക്വീൻസ് ലാൻഡ് സംസ്ഥാനത്തെ 'ടൗൺസ്വില'യിൽ
ഞങ്ങൾ എത്തിയെങ്കിലും പെട്ടെന്നുണ്ടായ മിഷൻ ടൂറിൽ അവർ വേറൊരു രാജ്യത്തേക്ക് പോയിരുന്നതിനാൽ നേരിൽ കാണാൻ കഴിഞ്ഞില്ല. എങ്കിലും ഞാൻ നിരാശനാകുന്നില്ല. ഇപ്പോൾ ഞങ്ങൾ ആസ്‌ട്രേലിയയിൽ ഉള്ളതിനാൽ ഇന്നല്ലെങ്കിൽ നാളെ ദൈവം അതിനൊരു അവസരം ക്രമീകരിച്ചു തരുമെന്നു തന്നെയാണ് എന്റെ വിശ്വാസം, പ്രതീക്ഷയും.

ഇന്നും എനിക്ക് പൂർണ്ണമായി വിശ്വസിക്കുവാൻ പ്രയാസമുള്ള ഒരു യാഥാർഥ്യമാണ് ശത്രുക്കളോട് അവർക്ക് എങ്ങനെ ക്ഷമിക്കുവാൻ കഴിഞ്ഞുവെന്നത്. അവരുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ
ശത്രുക്കളോട് യേശുകർത്താവും അവരും ക്ഷമിച്ചതുപോലെ ക്ഷമിക്കുമായിരുന്നോ എന്ന് പലവട്ടം ഞാൻ എന്നോടു തന്നെ ചോദിച്ചു.

ക്ഷമിക്കുമെന്ന് വെറുതെ കള്ളം പറയാൻ ഞാൻ തുനിയുന്നില്ല. 'ഇല്ല' എന്നു തന്നെയാണ് മന:സാക്ഷി എനിക്കു നൽകുന്ന ഉത്തരം. അവർ ക്ഷമിച്ചതുപോലെ ക്ഷമിക്കുവാനുള്ള ആത്മീയവളർച്ചയും മാനസിക പക്വതയുമൊന്നും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ഖേദത്തോടും ലജ്ജയോടുംകൂടി സമ്മതിക്കുന്നു.

ഇപ്പോൾ ആസ്‌ട്രേലിയയിൽ നിന്നു കേൾക്കുന്ന സന്തോഷവാർത്ത എന്നെയും പുളകം കൊള്ളിക്കുന്നു. അന്നത്തെ കുഞ്ഞ് എസ്തേർ ഇന്നൊരു മിഷനറി ഡോക്ടറും നല്ലൊരു കുടുംബിനിയും നാലു മക്കളുടെ അമ്മയുമായി മാറിയിരിക്കുന്നു. ഭർത്താവ് ഡോ.റൂബേനും സുവിശേഷസ്നേഹിയായ മിഷനറി ഡോക്ടറാണ്. ഗ്ലാഡിസ് സ്റ്റയ്ൻസ് ഒരു നേഴ്‌സായി ഇപ്പോഴും പ്രവർത്തിക്കുന്നു എന്ന വസ്തുതയും അഭിനന്ദനാർഹമാണ്.

തന്റെ ഭർത്താവിനും മക്കൾക്കും പൂർത്തീകരിക്കാൻ കഴിയാഞ്ഞ സുവിശേഷ ദൗത്യം തന്റെ മകൾ എസ്തേറിലൂടെയും മരുമകൻ ഡോ. റൂബേനിലൂടെയും നാല് കൊച്ചുമക്കളിലൂടെയും പൂർത്തീകരിക്കുവാൻ യജമാനനായ യേശുകർത്താവ് അവർക്ക് അവസരവും ആയുസും കൊടുക്കട്ടെ. അതുകണ്ട് സന്തോഷിക്കുവാനും അഭിമാനിക്കുവാനും യേശുവിനെ സ്നേഹിക്കുന്ന ജനകോടികൾക്കൊപ്പം എളിയവനായ എനിക്കും കുടുംബത്തിനും യേശുകർത്താവ് ഭാഗ്യം നൽകട്ടെ. 

Advertisement