ജിമ്മി കാർട്ടർ: വ്യത്യസ്ഥനാമൊരു പ്രസിഡന്റ്

ജിമ്മി കാർട്ടർ: വ്യത്യസ്ഥനാമൊരു പ്രസിഡന്റ്

ജിമ്മി കാർട്ടർ: വ്യത്യസ്ഥനാമൊരു പ്രസിഡന്റ്

 സാം ടി. സാമുവേൽ

"സമാധാനം, മനുഷ്യാവകാശം, നിസ്വാർത്ഥ സ്നേഹം എന്നിവയിൽ വിശ്വസിക്കുന്ന എല്ലാവർക്കും എന്റെ പിതാവ് ഒരു ഹീറോ ആയിരുന്നു," കഴിഞ്ഞദിവസം അന്തരിച്ച അമേരിക്കയുടെ 39-മത് പ്രസിഡണ്ട് ജിമ്മി കാർട്ടറിനെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ ചിപ് കാർട്ടർ പറഞ്ഞ വാക്കുകളാണ്. അമേരിക്കയുടെ എക്കാലത്തെയും മികച്ച പ്രെസിഡന്റുമാരിൽ ഒരാളായി ജിമ്മി കാർട്ടർ അറിയപ്പെടുകയില്ലെങ്കിലും ഒരു തികഞ്ഞ മനുഷ്യസ്നേഹിയായി ലോകം അദ്ദേഹത്തെ വിലയിരുത്തും എന്ന കാര്യത്തിൽ സംശയമില്ല.

1970കളുടെ ആരംഭത്തിൽ അമേരിക്കൻ പ്രസിഡന്റ് പദവിക്ക് തീരാ കളങ്കം ചാർത്തിയ വാട്ടർഗേറ്റ് അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സത്യസന്ധമായ ഭരണം വാഗ്ദാനം ചെയ്തുകൊണ്ട് കടന്നുവന്ന ജിമ്മി കാർട്ടറിൽ വോട്ടർമാർ വിശ്വാസം അർപ്പിച്ചു. അദ്ദേഹത്തിന്റെ വശ്യമായ ചിരിയിൽ വിടർന്ന ആത്മാർഥതയുടെ നൈർമല്യമാണു ജനങ്ങളെ ആകർഷിച്ചത്. "ഞാൻ നിങ്ങളോടു ഒരിക്കലും കള്ളം പറയുകയില്ല" എന്ന് അദ്ദേഹം ജനത്തിന് ഉറപ്പുനൽകി. എന്നാൽ 1977 മുതൽ 1981 വരെയുള്ള നാലുവർഷത്തെ കാർട്ടർ ഭരണകാലം സംഘർഷഭരിതമായിരുന്നു. ഒപെക് രാജ്യങ്ങൾ ഏർപ്പെടുത്തിയ പെട്രോൾ ഉപരോധം, പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, ഉയർന്ന ഭാവനവായ്‌പ്പ നിരക്കുകൾ എല്ലാം പൊതുജന ജീവിതം ദുസ്സഹമാക്കി. അതിലെല്ലാം ഉപരി അമേരിക്കയെ ലോകരാജ്യങ്ങളുടെ മുന്നിൽ നാണം കെടുത്തിയ ഇറാനിയൻ ബന്ദി പ്രതിസന്ധിയായിരുന്നു ജിമ്മി കാർട്ടർ ഭരണത്തിനു അന്ത്യം കുറിച്ചത്. നാടുകടത്തപ്പെട്ട ഇറാനിലെ മുൻ ഭരണാധികാരിയായിരുന്ന ഷായ്ക്ക് അമേരിക്കയിൽ കാൻസർ ചികിത്സ നൽകാമെന്നു കാർട്ടർ സമ്മതിച്ചതിൽ പ്രതിഷേധിച്ച് ഇറാനിയൻ ഇസ്ലാമിക തീവ്രവാദികൾ 1979 നവംബർ നാലിന് ടെഹ്റാനിലെ യു.എസ് എംബസി ആക്രമിക്കുകയും 52 അമേരിക്കക്കാരെ ബന്ദികളാക്കുകയും ചെയ്ത സംഭവമായിരുന്നു അത്. ബന്ദി പ്രശനം പരിഹരിക്കാൻ സൈനിക നടപടിയെക്കാൾ നയതന്ത്രവും സാമ്പത്തിക ഉപരോധവുമാണ് കാർട്ടർ തെരഞ്ഞെടുത്തത്. കാർട്ടർ ഭരണകാലത്തു അമേരിക്ക ഒരു യുദ്ധവും നടത്തിയിട്ടില്ല. ലോകത്ത്‌ ഒരിടത്തും ഒരു ബോംബ് ഇട്ടില്ല. അമേരിക്കൻ സൈന്യം ഒരു വെടിവെയ്പ്പു പോലും നടത്തിയില്ല.

ഇസ്രയേലും ഈജിപ്റ്റും അമേരിക്കയും ചേർന്ന് ഒപ്പുവെച്ച ക്യാമ്പ് ഡേവിഡ് സമാധാന ഉടമ്പടികൾ, പനാമ കനാൽ ഉടമ്പടികൾ, തന്ത്രപരമായ ആയുധ പരിമിതി ചർച്ചകൾ എന്നിവ കാർട്ടർ ഭരണകാലത്തെ പ്രധാന നേട്ടങ്ങളായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനത്തെ നേരിടാൻ പുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു ദേശീയ ഊർജ്ജ നയം രൂപപ്പെടുത്തി എന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിനു തെളിവാണ്. പ്രസിഡന്റ് പദവിയിൽ നിന്നും വിരമിച്ച കാർട്ടർ തുടർന്നുള്ള നാലു പതിറ്റാണ്ടുകളിൽ നടത്തിയ സേവനങ്ങളുടെ പേരിലാണ് കൂടുതൽ ആദരിക്കപ്പെടുന്നത്. നിക്കരാഗ്വയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായിച്ചു. ആണവായുധ പദ്ധതി ഉപേക്ഷിക്കുവാൻ ഉത്തര കൊറിയൻ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എത്യോപ്യ, ലൈബീരിയ, ഹെയ്തി, ബോസ്നിയ, സുഡാൻ, ഉഗാണ്ട, വെനിസ്വേല എന്നിവിടങ്ങളിലെ സംഘർഷങ്ങൾ അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കി. വികസ്വര രാഷ്ട്രങ്ങളിലെ തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളിലേക്കു നിരവധി അന്താരാഷ്ട്ര നിരീക്ഷകരുടെ പ്രതിനിധി സംഘത്തെ അദ്ദേഹം നയിച്ചു. ആഫ്രിക്കയിലെയും ഏഷ്യയിലെയും ആളുകളെ ബാധിക്കുന്ന വിനാശകരമായ ഉഷ്ണമേഖലാ സാംക്രമിക രോഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രതിരോധ നടപടികൾക്കും കാർട്ടർ സെന്റർ നേതൃത്വം നൽകി. ലോകമെമ്പാടുമുള്ള ദരിദ്രർക്കായി വീടുകൾ നിർമ്മിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്ന സന്നദ്ധസംഘടനയായ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയുമായി ചേർന്ന് ആയിരകണക്കിന് ഭവനങ്ങളുടെ നിർമ്മിതിയിൽ അദ്ദേഹം പങ്കാളിയായി. "അന്താരാഷ്ട്ര സംഘട്ടനങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനും സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിൻറെ പതിറ്റാണ്ടുകളുടെ അശ്രാന്ത പരിശ്രമത്തെ മാനിച്ചു" 2002ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ജിമ്മി കാർട്ടർനു ലഭിക്കുകയുണ്ടായി.

ബാപ്റ്റിസ്റ്റ് വിശ്വാസിയായിരുന്ന ജിമ്മി കാർട്ടർ ചെറുപ്പത്തിൽ തന്നെ വീണ്ടും ജനനാനുഭവം പ്രാപിക്കുകയും 1935ൽ തന്റെ പതിനൊന്നാമത്തെ വയസിൽ സ്നാനം ഏൽക്കുകയും ചെയ്തു. ജോർജിയ സംസ്ഥാനത്തുള്ള പ്ലെയിൻസ്‌ എന്ന സ്ഥലത്തെ മാറാനാഥ ബാപ്റ്റിസ്റ്റ് ചർച്ചിലാണു കാർട്ടർ ആരാധനയിൽ സംബന്ധിച്ചിരുന്നത്. ഏതാണ്ട് 60 വർഷത്തോളം ആ സഭയിൽ അദ്ദേഹം സൺഡേ സ്കൂൾ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബൈബിൾ ക്ലാസിൽ പങ്കെടുക്കുവാൻ എല്ലാ ആഴ്ചയും നിരവധി ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരാറുണ്ടായിരുന്നു. സാമൂഹിക നീതി, മനുഷ്യാവകാശങ്ങൾ, വ്യക്തിപരമായ വിശ്വാസത്തിൻറെ പ്രാധാന്യം, താഴ്‌മ, സേവനം, ക്രിസ്തുവിൻറെ പഠിപ്പിക്കലുകൾ എന്നിവക്ക് ഊന്നൽ നൽകുന്ന വിഷയങ്ങളാണ്‌ അദ്ദേഹം പഠിപ്പിച്ചിരുന്നത്. സ്ത്രീസമത്വത്തിനും സ്ത്രീകൾക്ക് പൗരോഹിത്യം നൽകുന്നതിനും വേണ്ടി ജിമ്മി കാർട്ടർ എക്കാലവും വാദിച്ചിരുന്നു. ദരിദ്രരെയും അനാഥരെയും വിധവമാരെയും പരദേശിയെയും ചേർത്തുപിടിക്കുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. വർണ്ണത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള സാമൂഹിക വിവേചനത്തെ അദ്ദേഹം എന്നും എതിർത്തുപോന്നിരുന്നു. 1970-ൽ കാർട്ടർ ജോർജിയയുടെ ഗവർണ്ണറായി  തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, സംസ്ഥാനത്തെ വർണ്ണവിവേചനത്തിന്റെ യുഗം അവസാനിച്ചതായി പ്രഖ്യാപിക്കുകയുണ്ടായി.  

ജിമ്മി കാർട്ടറുടെ അമ്മ ലിലിയൻ കാർട്ടർ "പീസ് കോർ" എന്ന സംഘടനയുടെ ഒരു സന്നദ്ധ പ്രവർത്തകയായി 1966 മുതൽ രണ്ടുവർഷത്തോളം ഇന്ത്യയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള ഗോദ്‌റെജ് കോളനിയിലെ കുഷ്‌ഠരോഗികളുടെ ഇടയിലായിരുന്നു അവരുടെ പ്രവർത്തനം. അറ്റ്ലാന്റയിലുള്ള എമൊറി യൂണിവേഴ്‌സിറ്റിയിലെ "ലിലിയൻ കാർട്ടർ സെൻറർ ഫോർ ഇൻറർനാഷണൽ നഴ്‌സിംഗ്" എന്ന സ്ഥാപനം ലിലിയൻ കാർട്ടറുടെ ഇന്ത്യയിലെ സേവനങ്ങളുടെ ബഹുമാനാർത്ഥം സ്ഥാപിച്ചിട്ടുള്ളതാണ്. 

അമേരിക്കൻ പ്രസിഡന്റ് ആയിരിക്കുമ്പോൾ 1977 ഡിസംബർ 31നു ചില ദിവസത്തെ ഭാരത പര്യടനത്തിനായി ജിമ്മി കാർട്ടർ ഇന്ത്യയിൽ എത്തുകയുണ്ടായി. അടിയന്തിരാവസ്ഥ പിൻവലിച്ചശേഷം ജനതാ പാർട്ടി അധികാരത്തിൽ ഏറി ചില മാസങ്ങൾ കഴിഞ്ഞ സമയമായിരുന്നു അത്. മൊറാർജി ദേശായി ആയിരുന്നു പ്രധാനമന്ത്രി. യുഎസും ഇന്ത്യയും തമ്മിൽ ഊർജം, മാനവിക വികാസം, സാങ്കേതികവിദ്യ, ബഹിരാകാശ സഹകരണം, സമുദ്ര സുരക്ഷ, ദുരന്ത നിവാരണം, തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സാദ്ധ്യതകൾ തുറക്കുന്നതിനു കാർട്ടറുടെ സന്ദർശനം വഴിവെച്ചു. മാത്രമല്ല ആ സന്ദർശന വേളയിൽ ജിമ്മി കാർട്ടറിനോടുള്ള ആദരസൂചകമായി ഹരിയാനയിലെ ഗുർഗാവിലുള്ള ഒരു ഗ്രാമത്തിനു അദ്ദേഹത്തിന്റെ പേര് നൽകുകയുണ്ടായി. 'കാർട്ടർപുരി' എന്ന പേരിൽ ആ ഗ്രാമം ഇന്നും അറിയപ്പെടുന്നു.

അമേരിക്കയുടെ സാമ്പത്തിക-സൈനിക ശക്തിയുടെ മുഖമാണ് അമേരിക്കൻ പ്രസിഡന്റ് പദവി. ആ സ്ഥാനം വഹിക്കുന്ന വ്യക്തി ലോകത്തെ കിടുകിടാവിറപ്പിക്കുന്ന, യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത, ഒരു ഉഗ്രമൂർത്തിയായിരിക്കണം എന്നതാണ് പൊതുവെയുള്ള ധാരണ. അതിനു അപവാദമായിരുന്നു ജിമ്മി കാർട്ടർ.  അദ്ദേഹത്തിന്റെ സൗമ്യതയെ ദൗർബല്യമായും വിട്ടുവീഴ്ച മനോഭാവത്തെ ഭീരുത്വമായും ചിലർ വിലയിരുത്തി. എന്നാൽ ഏതു ഉന്നത പദവിൽ ആയാലും തന്റെ ദൈവിക ബോധ്യവും ക്രിസ്തീയ വിശ്വാസവും ഉപേക്ഷിക്കുവാനോ വിശാലമായ ലോക വീക്ഷണത്തിൽ  നിന്നും വ്യതിചലിക്കാനോ മനുഷ്യ നന്മക്കായി പ്രവർത്തിക്കുന്നതിൽ നിന്ന് പിന്മാറാനോ അദ്ദേഹം തയ്യാറായില്ല. എഴുപത്തിഏഴു വർഷത്തെ ദാമ്പത്യജീവിതത്തിൽ ഭാര്യയായ റോസ്‌ലിനോട് തികഞ്ഞ വിശ്വസ്തത പുലർത്തിയതും അദ്ദേഹത്തിന്റെ ഉയർന്ന ധാർമ്മിക ബോധത്തിന് ഉദാഹരണമാണ്. എന്തുകൊണ്ടും അമേരിക്കൻ രാഷ്ട്രീയത്തിലെ ഒരു കുലീന വ്യക്തിത്വത്തെയാണ് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത് എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല

Advertisement