വഴി തെളിക്കാം, മുന്നേറാം...

വഴി തെളിക്കാം, മുന്നേറാം...

ഉള്ളറിവ് 

വഴി തെളിക്കാം, മുന്നേറാം...

ഗ്രീക്ക് തത്വചിന്തകനായ ഡയോജനീസ് വഴിയിലേക്കു നോക്കിനിന്നു ചിരിക്കുന്നതു കണ്ട് ഒരാൾ കാരണം ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘വഴിയുടെ നടുവിൽ കിടക്കുന്ന ആ കരിങ്കൽ കഷണം കണ്ടോ. ഒട്ടേറെ പേർ അതിൽ തട്ടി വീഴുകയും അവർക്കെല്ലാം മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരാൾപോലും ആ കല്ലു മാറ്റാൻ തയാറായില്ല. ആളുകളുടെ സ്വാർഥത ഓർത്താണ് എനിക്കു ചിരി വരുന്നത്.’ 

കാര്യങ്ങൾ നടക്കാത്തതു പല കാരണങ്ങൾകൊണ്ടാണ്. മറ്റാരെങ്കിലും ചെയ്യുമെന്ന് എല്ലാവരും കരുതിയാൽ പിന്നെ ആരും ഒന്നും ചെയ്യില്ല. ഉത്തരവാദിത്തപ്പെട്ടവരാണു കടമ നിർവഹിക്കേണ്ടത് എന്നു ചിന്തിച്ചാൽ പിന്നെ ആർക്കും ഒന്നിനോടും പ്രതിബദ്ധതയുണ്ടാകില്ല. തന്റേതല്ല എന്ന മനോഭാവം രൂപപ്പെട്ടാൽ ആളുകൾ ഒഴിഞ്ഞുമാറുന്നതിനു കാരണം തേടും. തനിക്കുണ്ടായ ദുരനുഭവം മറ്റുള്ളവർക്കും ലഭിക്കണം എന്ന മനോവൈകൃതത്തിലേക്കെത്തിയാൽ ദുരന്തങ്ങൾ തുടർക്കഥയാകും. 

നേട്ടങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും പാളിച്ചകളിൽ പഴിചാരുന്നതിലും എല്ലാവർക്കും പ്രത്യേക വൈദഗ്ധ്യമുണ്ട്. എന്നെ മാത്രം സ്പർശിക്കുന്ന കാര്യങ്ങളിലേ ഞാൻ ഇടപെടൂ എന്ന വികലചിന്തയാണു നോക്കുകുത്തികളായ ആളുകളെ സൃഷ്ടിക്കുന്നത്. എല്ലാവരെയും ബാധിക്കുന്ന കാര്യങ്ങളിൽ എല്ലാവർക്കും തുല്യപങ്കാളിത്തം വേണമെന്ന വിചാരം, മുൻകൈ എടുക്കാതിരിക്കുന്നതിന് സ്വയം കണ്ടെത്തുന്ന ന്യായീകരണമാണ്.

എല്ലാ മുന്നേറ്റങ്ങളും ആരെങ്കിലും ഒരാൾ തുടങ്ങിവച്ചതാണ്. ആ ഒരാൾ ഞാനാകണമെന്ന ആത്മപ്രേരണയാണു സഞ്ചാരപഥങ്ങളെ തടസ്സരഹിതവും വിശാലവുമാക്കുന്നത്. തനിച്ചിറങ്ങിയാൽ എല്ലാ ദൗത്യങ്ങളും പൂർത്തിയാകണമെന്നില്ല. പക്ഷേ തുനിഞ്ഞിറങ്ങിയാൽ പൂർത്തിയാകാത്ത ഒരു ദൗത്യവുമില്ല. 

പ്രതികരണങ്ങൾ വിലയിരുത്തിയാൽ പ്രവൃത്തികളുടെ ഗുണനിലവാരം മനസ്സിലാകും. എന്തിനോടും നിശ്ശബ്ദത പുലർത്തുന്നവരുടെ സ്വഭാവത്തിൽ നിഷ്ക്രിയതയുടെ ചേരുവകളായിരിക്കും കൂടുതൽ. മറ്റാരെങ്കിലും ഒരുക്കുന്ന സുവർണവീഥികളിലൂടെ നടന്ന് അവർ തങ്ങളുടെ പാദങ്ങളെ സംരക്ഷിക്കും.

വിയർക്കാതെയും വിമർശിക്കപ്പെടാതെയും വിജയി എന്ന പേരു സമ്പാദിച്ചാൽ എളുപ്പവഴി തേടിയായിരിക്കും പിന്നീടുള്ള യാത്ര മുഴുവൻ. പ്രതിബന്ധങ്ങൾ മറ്റാരെങ്കിലും നീക്കുമെന്നു കരുതുന്നവർ തടസ്സങ്ങളുടെ കാവൽക്കാരായി മാറുകയേയുള്ളൂ. തടസ്സങ്ങളെ നീക്കാൻ ശേഷിയുള്ളവർ ഏതു വഴിയും സഞ്ചാരയോഗ്യമാക്കും.

Advertisement