അത്ഭുതകരങ്ങളുടെ ദിവ്യസ്‌പർശനം അനുഭവിച്ച് അനുഗ്രഹ്
അത്ഭുതകരങ്ങളുടെ ദിവ്യസ്‌പർശനം അനുഭവിച്ച് അനുഗ്രഹ്
ടോണി ഡി. ചെവ്വൂക്കാരൻ
മരണത്തിനും ജീവനും ഇടയില്‍ കഴിഞ്ഞുപോയ നിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അനുഗ്രഹിൻ്റെ മുഖത്ത് ഇപ്പോഴും ഭീതിയുടെ നിഴലാട്ടം. പാതിരാത്രി പിന്നിട്ട സമയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നും റെയിൽപാളത്തിലേക്ക് തെറിച്ചുവീണപ്പോൾ സംഭവിക്കാമായിരുന്നത് വലിയൊരു ദുരന്തമായിരുന്നു. എന്നാൽ, മരണത്തിന്റെ ഇരുൾമൂടിയ ഇടനാഴികയിൽ മാറോടു ചേർത്തുപിടിച്ച അത്ഭുതകരങ്ങളുടെ ദിവ്യസ്‌പർശനം അനുഗ്രഹ് അനുഭവിച്ചറിഞ്ഞു.
ജനുവരി 13 ശനിയാഴ്‌ച വെളുപ്പിന് ഒരുമണിക്കാണ് ആലുവയ്ക്കടുത്തുവെച്ച് ഓടുന്ന ട്രെയിനിൽ നിന്നും അനുഗ്രഹ് തെറിച്ചുവീണത്. ചാലക്കുടിയിൽ കർത്തൃശുശ്രൂഷകനായ പാസ്റ്റർ കെ.എം. ബർന്നബാസിൻ്റെ മൂന്നു മക്കളിൽ രണ്ടാമനാണ് അനുഗ്രഹ്.
ആലുവ യു.സി. കോളേജിലെ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് അവസാനവർഷ വിദ്യാർഥിയായ ഈ യുവാവ് ജോലിക്കായി തിരുവനന്തപുരത്ത് നടക്കുന്ന ക്യാമ്പസ് ഇൻ്റർവ്യൂവിൽ പങ്കെടുക്കാനാണ് അർധരാത്രി പിന്നിട്ട സമയത്ത് ഗുരുവായൂർ എഗ്മോർ എക്‌സ്പ്രസ്സിൽ ചാലക്കുടിയിൽ നിന്നും യാത്ര തിരിച്ചത്. ആലുവായിൽ നിന്ന് തന്നോടൊപ്പം യാത്ര ചെയ്യാനുള്ള കൂട്ടുകാരെ കാണുവാനുള്ള തിടുക്കത്തിൽ തുറന്നു കിടന്ന വാതിലിനു അടുത്തു നിന്ന അനുഗ്രഹ് വീശിയടിച്ച ശക്തമായ കാറ്റിൽ തെറിച്ചു താഴെ വീണു.
മകനെ ട്രെയിനിൽ കയറ്റിവിട്ട് തിരികെ ഭവനത്തിൽ എത്തി അധികസമയം കഴിയുന്നതിനു മുമ്പ് പാസ്റ്റർ ബർന്നബാസിനെ തേടിയെത്തിയത് മകന് സംഭവിച്ച അപകടവാർത്തയുടെ ഫോൺ സന്ദേശമായിരുന്നു. ഒരു ടാക്‌സി ഡ്രൈവറാണ് ആ ദുരന്ത വാർത്ത വിളിച്ചറിയിച്ചത്. വീഴ്ച്‌ചയുടെ ആഘാതത്തിൽ തലക്കു സാരമായ പരിക്കേറ്റ് ബോധരഹിതനായി ഏതാനും മിനിറ്റുകൾ റെയിൽവേ ട്രാക്കിനടുത്തു കിടന്ന അനുഗ്രഹിന് ബോധം തിരികെ കിട്ടിയപ്പോൾ പതുക്കെ എഴുന്നേറ്റ് കൂട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടു.
പ്രതിസന്ധികളുടെ മധ്യേ കൈവിടാത്ത ദൈവത്തിന്റെ കരുതൽ അനുഗ്രഹിനെ തേടിയെത്തി. ഓട്ടം അവസാനിപ്പിച്ച് റെയിൽവേ ട്രാക്കിലൂടെ തന്റെ വീട്ടിലേക്ക് പോയിരുന്ന ടാക്‌സി ഡ്രൈവർ ഇരുട്ടിലൂടെ വേച്ചുനടക്കുന്ന അനുഗ്രഹിനെ കണ്ടു. ഉടനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു. പുഴയുടെ മീതെയുള്ള പാലത്തിലോ, കുറ്റിക്കാട്ടിലോ തെറിച്ചു വീണിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. തലക്കേറ്റ മാരകമായ മുറിവിൻ്റെ അസ്വസ്ഥതകൾ തന്നെ അലട്ടുന്നുണ്ടെങ്കിലും മരണനിഴലിൻ താഴ്വരയിൽ ഇറങ്ങി വന്ന യേശുവിൻ്റെ സ്നേഹം രുചിച്ചറിഞ്ഞ അനുഗ്രഹ് ചാലക്കുടിയിലെ ഭവനത്തിൽ വിശ്രമിക്കുന്നു
Advertisement