സദാചാരത്തിന്റെ ദീപം കെടുത്തുന്ന ദുർഭാഷണങ്ങൾ....!

സദാചാരത്തിന്റെ ദീപം കെടുത്തുന്ന ദുർഭാഷണങ്ങൾ....!

ലേഖനം

സദാചാരത്തിന്റെ ദീപം കെടുത്തുന്ന ദുർഭാഷണങ്ങൾ....!

സജി പീച്ചി

നിരീശ്വരവാദത്തോളം ഭയാനകവും അപകടവുമാണ് ദുർഭാഷണങ്ങൾ. പ്രപഞ്ചത്തിൽ ദൈവമില്ല എന്ന ചിന്താഗതിയാണ് നിരീശ്വര വാദം. എന്നാൽ വിശ്വാസത്തെ തള്ളിപ്പറഞ്ഞ് സഭ പരാജയമാണെന്ന് വരുത്തി തീർക്കാൻ നടത്തുന്ന വാൿധോരണികളാണ് ദുർഭാഷണങ്ങൾ.

പ്രഭാഷണങ്ങളിലൂടെ തങ്ങളുടെ തത്വസംഹിതകൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതാണ് ദുർഭാഷണം.

ദൈവസഭയിൽ കേട്ടതും കണ്ടതും അനുഭവിച്ചതുമായ വസ്തുതകൾ അബദ്ധജടിലമാണെന്ന് വരുത്തിതീർക്കയും സഭയുടെ അടിസ്ഥാന കല്ലുകളായ പിതാക്കന്മാരെ നിശിതമായി വിമർശിക്കയും ആരോപണമുന്നയിക്കയും ചെയ്യുന്ന രീതിയാണ് ദുർഭാഷണം. ഇത്തരത്തിലുള്ള ദുർഭാഷണമാണ് ഇന്ന് പലരിൽ നിന്നും കേട്ട് കൊണ്ടിരിക്കുന്നത്.

ദൈവസഭയെ ഉന്മൂലനം ചെയ്യാനാണ് ഇവർ പദ്ധതിയിടുന്നത്.  തങ്ങൾ പറയുന്നതാണ് യാഥാർഥ്യമെന്ന് ഇവർ അവകാശപ്പെടുന്നു. സഭയെ വിഷലിപ്‌തമാക്കാനാണ് ഇവരുടെ ശ്രമം. തങ്ങൾക്ക് അനുയായികളുണ്ടാക്കാൻ ഇവർ ശ്രമം നടത്തുന്നു.

 പുതിയൊരു പാക്കേജ് വിശ്വാസ സമൂഹത്തിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇതിന്റെ പ്രായോജകർ. 

സദാചാരത്തിന്റെ ദീപം കെടുത്തുന്ന ദുർഭാഷണമാണ് മറ നീക്കി പുറത്തു വരുന്നത്. ഇത്തരം കാര്യങ്ങൾ സഭയുടെ ഉപദേശ സംഹിതകൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. വിശ്വാസ സത്യങ്ങൾക്ക് വേണ്ടി വീറോടെ നെഞ്ചു വിരിച്ചു നിന്ന പൂർവ്വ പിതാക്കന്മാരെ പുച്ഛത്തോടെ അടച്ചാക്ഷേപിക്കുന്ന ദുർഭാഷണക്കാർ പത്ഥ്യോപദേശത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കുകയാണ്.  

യഥാർത്ഥത്തിൽ ഒരു നാസ്തിക ചിന്താഗതിയുടെ ചുവടു പിടിച്ചുള്ള കാലുമാറ്റമാണിത്. ചില ഗൂഢലക്ഷ്യങ്ങൾ ഉന്നം വച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.

ഒരു കാലഘട്ടത്തിൽ മാന്യതയുടെ മുഖം മൂടി ഉണ്ടായിരുന്ന ഇവർ ഘർ വാപ്പസി നടത്തി തിരികെ ചെന്നിട്ടും ഗതി പിടിക്കാതെ പോകുകയും ചെയ്തിട്ടുണ്ട്. 

ഇതേ രീതിയിൽ പലരും ഇത്തരം വലകൾ വിരിച്ച് എട്ടു നിലയിൽ പൊട്ടിയവരും അമ്പേ പരാജയപ്പെട്ടവരുമാണ്.

പാണ്ടൻ നായുടെ പല്ലിന്റെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല എന്ന് കവി മൊഴി എത്ര യാഥാർത്ഥൃമാണ്. 

ഇത്തരക്കാരുടെ നിലപാടുകൾ നിമിഷം പ്രതി മാറിമറിയുകയും അവർ ഏത് നിമിഷവും മലക്കം മറിയുകയും ചെയ്യാം. 

വ്യക്തമായ ആദർശങ്ങളോ ഉറച്ച നിലപാടുകളോ ഇവർക്കില്ല. ചൂണ്ടി കാട്ടാൻ ഒരു തത്വദീക്ഷയൊ വ്യക്തമായ കാഴ്ചപ്പാടുകളോ ആഴമേറിയ ആശയങ്ങളോ ഇല്ല. 

ആകെയുള്ളത് സോഷ്യൽ മീഡിയ സംവാദങ്ങൾ. പരാജിതരാകുന്നു എന്ന് തോന്നിയാൽ പിന്നെ വഴക്കും ബഹളവും ഉച്ചസ്വരത്തിലുള്ള സംസാരവുമായി രംഗം കൊഴുപ്പിക്കും. സ്റ്റൈൽ മാറ്റും. 

തങ്ങൾ പറഞ്ഞ ആശയങ്ങളിൽ ഉറച്ചു നിൽക്കാൻ അവർക്ക് കഴിയാറില്ല. തിരുവചനത്തിലുള്ള ആശയങ്ങളെ യാതൊരു അടിസ്ഥാനവുമില്ലാതെ ഖണ്ഡിക്കും. 

മറ്റുള്ളവരെ കുറ്റം പറയും. പൂർവ്വ പിതാക്കന്മാരെ അടച്ചാക്ഷേപിക്കും. ചെയ്തതെല്ലാം അപരാധമാണെന്ന് മുദ്ര കുത്തും. ആധുനിക കാലഘട്ടത്തിൽ 

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ദുർഭാഷണങ്ങൾ അരങ്ങേറുന്നത്. ദൈവമില്ലെന്ന് പറയുന്നില്ല. ചിലപ്പോൾ പിന്നീട് മാറ്റി പറഞ്ഞു എന്നു വരാം. അന്യഭാഷയും  അഭിഷേകവും വൈകാരിക ഉന്മാദമാണെന്നും ഭൂതങ്ങളും പിശാചുക്കളും , ആത്മാവും, അന്ത്യ ന്യായവിധിയും വെറും മാനുഷിക സങ്കല്പങ്ങളാണെന്നും ഇവർ പറഞ്ഞു വയ്ക്കുന്നു. കർത്താവിന്റെ വരവ് വെറുതെയുള്ള കാത്തിരിപ്പ് മാത്രമാണ്. ഇപ്പോൾ കാണുന്നതൊന്നും വരവിന്റെ ലക്ഷണങ്ങളേയല്ല. മനുഷ്യൻ ചത്ത് ഒടുങ്ങിയാലും കാത്തിരിക്കാം എന്നല്ലാതെ യേശുവിന്റെ മടങ്ങി വരവ് മരീചിക പോലെ നീണ്ടു പോകയാണ്. വിശ്വാസിയുടെ കാത്തിരിപ്പ് വൃഥാവാണ്. മേല്പറഞ്ഞ വിധത്തിലുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ അനുദിനം പ്രചരിച്ചു കൊണ്ടിരിക്കയാണ്.

സത്യവിശ്വാസികളും ഭക്തന്മാരും ഇത്തരം വാദഗതികൾക്ക് ചെവി കൊടുക്കാറില്ലന്നത് മറ്റൊരു വസ്തുത. ആധികാരികമായി യാതൊരു തെളിവുകളും ഇക്കാര്യത്തിൽ ഈ വാദഗതിക്കാർക്ക് ഹാജരാക്കാനില്ല.

വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെ പറയുന്നവർ അവരുടെ മനോധർമ്മമനുസരിച്ച് വ്യാഖ്യാനിക്കുന്നു.

 ഉപദേശത്തിന്റെ പിൻബലമോ കാതലായ വസ്തുതകളോ വസ്തു നിഷ്ടമായ ഉപദേശങ്ങളോ ഇവർക്ക് നിരത്താനില്ല.

കൊരിന്ത്യ സമൂഹത്തിനു സുപരിചിതനായിരുന്ന മെനാൻഡർ. ഈ യവന കവിയുടെ "ത്തായീസ്" എന്ന രചനയിലെ ഒരുദ്ധരണി പൗലോസ് കടമെടുക്കുകയാണ്.

പുനരുദ്ധാനം ഇല്ല എന്ന് വിശ്വസിച്ചിരുന്ന കൊരിന്ത്യ സമൂഹത്തിലെ ഒരു വിഭാഗമായിരുന്നു എപ്പിക്കൂരിയർ. അവർ ക്രൈസ്തവ സഭയിൽ സഭയിൽ കടന്നു വന്നെങ്കിലും പഴയ മാമൂലുകൾ അവരുടെ മനസ്സിൽ രൂഢമൂലമായി നിന്ന ചില വിശ്വാസങ്ങൾ ഉപേക്ഷിച്ചിരുന്നില്ല. പഴയ വിശ്വാസത്തെ അവർ തള്ളിപ്പറയാനവർ തയ്യാറായിരുന്നില്ല.

പഞ്ചാബ് കാശ്മീർ പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർദാർജിമാർ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ദൈവസഭയിൽ കടന്നു വന്നാലും അഞ്ചുകാര്യങ്ങളില്‍ അവർ മാറ്റം വരുത്തില്ല. തലപ്പാവ് മുതൽ അവരുടെ വസ്ത്ര ധാരണ രീതിയൊ സംസ്ക്കാരമോ ഒന്നും അവർ ഉപേക്ഷിക്കില്ല. 

മുറിക്കാത്ത മുടി (കേശ്) 

മുടി ചീകാനുള്ള ചീപ്പ് (കംഗാ)

വലതു കയ്യിലെ ഇരുമ്പുവള (കര ) ഒരുവശം മൂര്‍ച്ചയുള്ള വാള്‍ (കൃപാണ്‍ ) , മുട്ടൊളം നീളമുള്ള അടിവസ്ത്രം (കാച്ച ) തുടങ്ങിയവ അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്.

ഇത് പോലെ എപ്പിക്കൂരിയർ ഉയിർപ്പിൽ വിശ്വസിച്ചിരുന്നില്ല. മരിച്ചവർ ഉയർക്കില്ല എന്നാണവരുടെ പക്ഷം. ഈ ചിന്താഗതിയെ പൗലോസ് നിശിതമായ ഭാഷയിൽ വിമർശിക്കുന്നു.

മരിച്ചവരുടെ പുനരുദ്ധാനം ഇല്ലെന്ന് പറയുന്നവർ ദുർഭാഷണം നടത്തുന്നു. അതു നിമിത്തം സദാചാരം കെട്ടു പോകുന്നു. സൽസ്വഭാവികൾ കളങ്കിതരാകുന്നു. അപ്പോസ്തോലൻ ഈ മാർഗ്ഗത്തിനു വേണ്ടി ഏറെ കഷ്ടങ്ങൾ സഹിച്ചു. 

അന്നത്തെ റോമൻ ശിക്ഷ രീതികളിൽ ഒന്നായിരുന്നു മൃഗയുദ്ധം.വിശ്വാസം ത്യജിച്ചു പറയാൻ വിവിധ പീഡകളിൽ കൂടെ പൗലോസ് ഉൾപ്പെടെ നിരവധി വിശുദ്ധന്മാർക്ക് കടന്നു പോകേണ്ടി വന്നു. അവരെ ഇല്ലാതാക്കാൻ ദുഷ്ട മൃഗങ്ങളുമായി മൽപ്പിടുത്തം നടത്തി.

എഫെസോസിൽ വച്ച് മൃഗങ്ങളുമായുള്ള മൽപ്പിടുത്തത്തിൽ ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു താൻ അത്യന്തം ഭാരപ്പെട്ടു. ഇതെല്ലാം സഹിച്ചത് വിശ്വാസത്തിനു വേണ്ടി ആയിരുന്നു. മരിച്ചു പോകുമോ എന്ന് പോലും താൻ സംശയിച്ചു. മരണം കൊണ്ടവസാനിക്കുന്നതായിരുന്നു ജീവിതം എങ്കിൽ ഇതെല്ലാം സഹിച്ചത് വെറുതെ ആയിരുന്നുവല്ലോ എന്ന് താൻ ചോദിക്കുന്നു. 

എഫസോസിൽ വച്ച് താൻ അനുഭവിച്ച കഷ്ടങ്ങൾ നിങ്ങൾ അറിയണം.  മനുഷ്യ ജീവിതം മരണം കൊണ്ട് തീരുന്നതാണെങ്കിൽ എപ്പിക്കൂരിയൻ തത്വ ശാസ്ത്രം പോലെ തിന്നുക, കുടിക്കുക, ആനന്ദിക്കുക, നാളെ ചാകുമല്ലോ...!എന്ന അവസ്ഥ മതിയല്ലോ..!!!

അതിനപ്പുറം ഒരു ഭാവി പ്രത്യാശ ഉള്ളതിനാൽ നീതിക്ക് നിർമ്മദരായി ഉണരുകയും പാപം ചെയ്യാതിരിക്കയും വേണമെന്ന് അപ്പോസ്തോലൻ ആഹ്വാനം ചെയ്യുന്നു.

മരിച്ചവർ ഉയിർക്കുമെന്നതാണ് ദൈവ പൈതലിന്റെ പ്രത്യാശ. അതിനാൽ മരിച്ചവർ ഉയിർക്കില്ലെന്ന ഇത്തരം വാദഗതികൾ ദുർഭാഷണമാണ്.

അതു നിമിത്തം സദാചാരം കെട്ടുപോകുന്നു.പാപം ചെയ്യാതെ നിർമ്മദരായിരിക്കുക.

ദുർഭാഷണം നടത്തുന്നവരുടെ വാക്കുകളാൽ വഞ്ചിക്കപ്പെടരുത് എന്ന താക്കീത് അപ്പോസ്തോലൻ നൽകുന്നു.

മൂക്കു മുട്ടെ മദ്യപിച്ച് നാൽക്കവലയിൽ വന്ന് നാലു കാലിൽ നിന്ന് ഒരുവൻ വെല്ലുവിളി നടത്തുന്നുവെന്ന് സങ്കൽപ്പിക്കുക. 

തല്ലാൻ ധൈര്യമുണ്ടെങ്കിൽ തല്ലി നോക്കു എന്നും ചുണയുള്ള ആണുങ്ങളുണ്ടെങ്കിൽ ഇറങ്ങി വാ എന്നും കണ്ഠ നാളം പൊട്ടുമാറുച്ചത്തിൽ അട്ടഹസിച്ചാലും ബോധമുള്ളവരും മാന്യതയുള്ളവരും ആ വാക്കുകൾക്ക് തെല്ലും വിലകല്പ്പിക്കയില്ല.

സാമൂഹ്യ മാധ്യമങ്ങളിൽ വന്ന് വെല്ലുവിളികൾ നടത്തുന്നവരെ ഇത് പോലെ കണ്ടാൽ മതി.അവർക്ക് ആരാധന ഇല്ല,(ദൈവമില്ലാത്തവൻ ആരെ ആരാധിക്കാൻ..?)

പ്രാർത്ഥന ഇല്ല. ദൈവമില്ലാത്തവൻആരോട് പ്രാർത്ഥിക്കാൻ..?അഭിഷേകവും ഉപവാസവുമില്ല.കൂട്ടായ്മ യോഗങ്ങളില്ല, ഇന്ന് പറയുന്നത് നാളെ മാറ്റി പറയും. കർത്താവില്ലെന്ന് നാളെ പറയില്ലെന്ന് ആർക്കറിയാം...!

അവർ യൂ ട്യൂബിലൂടെയും മുഖപുസ്തകത്തിലൂടെയും സംവദിക്കുകയാണ്.  ആർക്കും എന്തും എതും എവിടെയും പറയാമല്ലോ...!!.

കാര്യമറിയാതെ ബഹളം വയ്ക്കുന്ന ശ്വാനൻമാരെപ്പോലെയാണവർ....

യഥാർത്ഥത്തിൽ സദാചാരത്തിന്റെ ദീപം അവരാണ് കെടുത്തുന്നത് ..!!!!