ഭാരതപ്പുഴ കൺവൻഷനോടൊപ്പമുള്ള എൻ്റെ ഇരുപത്തഞ്ചു വർഷങ്ങൾ

ഭാരതപ്പുഴ കൺവൻഷനോടൊപ്പമുള്ള എൻ്റെ ഇരുപത്തഞ്ചു വർഷങ്ങൾ

സാം കൊണ്ടാഴി 

ഭാരതപ്പുഴ കൺവൻഷൻ്റെ ആരംഭംമുതൽ ഒരു പ്രവർത്തകനായി കൂടെനടക്കുവാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ ദൈവത്തോടു നന്ദിയുള്ളവനായിരിക്കുന്നു. ആദ്യത്തെ കൺവൻഷനുവേണ്ടി നോട്ടീസ് ഒട്ടിക്കുവാനും ബാനർകെട്ടാനും രാത്രിമുഴുവൻ 1999 ഏപ്രിൽ മാസത്തിലെ വിഷുദിനത്തിൽ ഇടവിടാതെയുള്ള പടക്കശബ്ദവും കേട്ട് ബേബിച്ചായൻ, സജി മത്തായി കാതേട്ട്, ബിജു തടത്തിവിള എന്നിവരോടൊപ്പം പോയത് ഓർമ്മയിൽ പച്ചപിടിച്ചുനിൽക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ നടന്ന മിക്ക കൺവെൻഷൻറെയും പബ്ളിസിറ്റിയുടെയും മീഡിയയുടെയും ഉത്തരവാദിത്വം എനിക്കായിരുന്നു. ഭാരതപ്പുഴ കൺവെൻഷൻ ഇത്രത്തോളം പ്രസിദ്ധമായിത്തീരുവാൻ വാർത്താമാധ്യമങ്ങൾക്കും ക്രീസ്തീയമാധ്യമങ്ങൾക്കും സോഷ്യൽമീഡിയയ്ക്കും വലിയപങ്കുണ്ട്.

ക്രിസ്തീയസാന്നിധ്യം തീരെകുറഞ്ഞ മലബാർ പോലുള്ള സ്ഥലത്ത് ഒരു പുഴയുടെ നടുക്ക് ഒരു കൺവൻഷൻ നടത്തുകയെന്നത് ഒരു ആത്മധൈര്യമാണ്. ആ ധൈര്യം നമ്മുടെ സംഘാടകർക്ക് ദൈവം നൽകി. ഒരു കൺവൻഷൻ ഇരുപത്തഞ്ചുവർഷവും മുടക്കം കൂടാതെ (കോവിഡ് കാലത്ത് ഓൺലൈനായി നടത്തിയിരുന്നു) നടത്തുകയെന്നതും ഒരു വലിയ കാര്യമാണ്. എൻറെയും സഹോദരൻ സജി മത്തായിയുടെയും വാൽസല്യ അമ്മച്ചി ( പിതാവിന്റെ മാതാവ്) മരിച്ചത് ഒന്നാം കൺവെൻഷൻ നടക്കുന്ന സന്ദർഭത്തിലായിരുന്നു. കൺവൻഷൻ തിരക്കിലും ആദ്യക്കാല കൺവൻഷൻ മുൻനിരപ്രവർത്തകരായ ഇപ്പോൾ നിത്യതയിൽ ആയിരിക്കുന്ന പിസി ജോർജേട്ടൻ, സുന്ദരേട്ടൻ, വാട്ടർ അതോറിട്ടി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പാസ്റ്റർ തോമസ് എന്നിവർ ബേബിച്ചായനോടൊപ്പം സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കുവാൻ വന്നത് ഞങ്ങൾക്ക് ആശ്വാസമായിരുന്നു. 10-)മത് ഭാരതപ്പുഴ കൺവൻഷനോടനുബന്ധിച്ച് 2007-ൽ ‘ഭാരതപ്പുഴ ടൈംസ്’ എന്ന പേരിൽ ഒരു പത്രിക പ്രസിദ്ധിക്കുവാൻ മീഡിയാ കൺവീനറായിരുന്ന എനിക്കും എൻറെ ടീമിനും സാധിച്ചു.

നിളയുടെ ഓരത്ത്

നിളയെന്ന മറുപേരുള്ള ഭാരതപ്പുഴയ്ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. കലാ-സാഹിത്യ- സാംസ്കാരിക മേഖലകളിൽ ഭാരതപ്പുഴ നിറഞ്ഞസാന്നിധ്യമായി ഒഴുകുന്നു. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. മനോഹരമായ നിളയുടെ ഈ തീരത്തേക്ക് സാഹിത്യകാരന്മാരെയും കവികളെയും സംസ്കാരികനായകന്മാരെയും കലകാരന്മാരെയും ആകർഷിച്ചു.

ഇപ്പോഴിതാ മഹാരാജാവിന്റെ സുവാർത്ത ദൂത് നാടെങ്ങും പരത്തുന്ന ഒരു പുഴയായി നിള മാറിയിരിക്കുന്നു. അനേകരുടെ അകം കുളിർപ്പിക്കുവാൻ ആത്മദാഹം തീർക്കുവാൻ ഒരു തെളിനീരു ഉറവ നിളനദിയിൽ നിന്നു പൊട്ടിയൊഴുകി. ഒറ്റപ്പാലം-മായന്നൂർ മണൽപ്പുറത്ത് 1999 മെയ് 6 നായിരുന്നു ചരിത്ര സംഭവമായ ഭാരതപ്പുഴ കൺവെൻഷൻ തുടക്കം കുറിച്ചത്. മേടച്ചൂടിൽ നേർത്ത നീർച്ചാലായി മാറിയ നിളയിൽ അന്ന് ചരിത്രത്തിലാദ്യമായി ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പ് സുവിശേഷത്തിൻ്റെ ആത്മപ്രവാഹനദിയൊഴുകി. വിശുദ്ധന്മാരുടെ പാദസ്പർശനമേറ്റ സുദിനം അന്ന് ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു.

ആ നിളയോരത്തെ പ്രദേശങ്ങളിൽ താമസിക്കുവാനും എല്ലാവർഷവും ഭാരതപ്പുഴ കൺവൻഷനിൽ പങ്കെടുക്കുവാനും കഴിയുന്നതും ദൈവം നമ്മുക്ക് തന്ന ഒരു ഭാഗ്യമാണ്. നീണ്ടുകിടക്കുന്ന സുന്ദരമായ സ്വർണ്ണനിറമുള്ള മണൽപ്പുറത്ത് ഇളംകാറ്റുമേറ്റ് കുടുംബമായി കൂട്ടംകുടിയിരുന്ന് ക്രിസ്തീയസംഗീതവും ദൈവവചനവും ആസ്വദിക്കുകയെന്നത് ഭാരതപ്പുഴ കൺവൻഷൻറെമാത്രം പ്രത്യേകതയാണ്. ഭാരതപ്പുഴയുടെ പരിസരപ്രദേശങ്ങൾ വളരെ പ്രകൃതിരമണീയമാണ്. അതാണല്ലോ സിനിമാക്കാരുടെയും സാഹിത്യക്കാരന്മാരുടെയും ഇഷ്ടപ്പെട്ട ലോക്കേഷനായി ഭാരതപ്പുഴയും പരിസരപ്രദേശങ്ങളും മാറിയത്. ഒരിക്കൽ പ്രസിദ്ധ സഞ്ചാരസാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ എസ്.കെ പൊറ്റക്കാട് തൻറെ ഡയറിക്കുറിപ്പിൽ ഇങ്ങനെയെഴുതി (1960 ഒക്ടോബർ 28) , തൃശ്ശൂരിൽ നിന്ന് ഉച്ചയ്ക്ക് 12 30ന് ബസ്സിന് തിരുവല്വാമലയ്ക്ക് പുറപ്പെട്ടു. കിള്ളിമംഗലം, ചേലക്കര, മായന്നൂർ, പഴയന്നൂർ, തിരുവല്വാമല എത്ര മനോഹരമായ നാട്ടിൻപുറങ്ങൾ! പഴയന്നൂരിലും തിരുവല്ലാമലയ്ക്കും ഇടയിൽ ഉള്ള ആര്യൻചിറ അതിമനോഹരമായ ചരിവാണ്. 3 30ന് തിരുവല്വാമല കുന്നിലേക്ക് കയറി. തിരുവില്വാമലയുടെ അടിവാരത്തുള്ള കോണിലെ കൊച്ചു ഗ്രാമം മലയുടെ മുകളിൽനിന്നു നോക്കിയാൽ ചുറ്റുപാടും കുന്നുകളാണ്. പഴയന്നൂർ ബ്ലോക്ക് കെട്ടിടങ്ങളും തിരുവില്വാമല ഹൈസ്ക്കൂളും പടിഞ്ഞാറുഭാഹത്ത് ദൂരെ ഷോർണ്ണൂർ റെയിൽവെസ്റ്റേഷനും തെളിഞ്ഞുകാണാം താഴെ ഭാരതപ്പുഴയും (_മാതൃഭൂമി ആഴ്ചപ്പതിപ്പ് 2004 ആഗ.22_)

ഭാരതപ്പുഴ വള്ളുവനാടിൻറെയും പഴയ കൊച്ചി രാജ്യത്തിൻറെയും സംഗമതീരം

കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. ഒറ്റപ്പാലം, പട്ടാമ്പി, ഷൊറണൂർ, ചെർപ്പുളശ്ശേരി മുതലായ ഇന്നത്തെ പട്ടണങ്ങളുടെ സമീപപ്രദേശങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് വള്ളുവനാട് എന്ന പേരിൽ ഒരു താലൂക്ക് നിലവിലുണ്ടായിരുന്നതുകൊണ്ട് ഈ പ്രദേശങ്ങൾ മുഴുവനുമായും ഇന്ന് വള്ളുവനാട് എന്ന പേരിൽ അനൗദ്യോഗികമായി അറിയപ്പെടുന്നുണ്ട്. വള്ളുവ നാടിനെയും പഴയ കൊച്ചി രാജ്യത്തെയും വിഭജിച്ചുകൊണ്ട് പരന്നൊഴുകുന്ന ഭാരതപ്പുഴയുടെ കുളിരേറ്റ ഈ മണ്ണിൽ തെക്കൻ ജില്ലകളിൽ നിന്നുള്ള ഒട്ടേറെ കുടുംബങ്ങൾ ഇരുകരകളിലും കുടിയേറി പാർത്തു. മണ്ണിനോട് മല്ലിട്ട് പരിമിതമായ സൗകര്യങ്ങളിൽ ഒതുങ്ങിക്കൂടി അവരിൽ പലരും സത്യസുവിശേഷത്തിന്റെ അഗ്നി ഉള്ളിൽ ആവഹിച്ചവരായിരുന്നു. ഒത്തുകൂടി അരുമ നാഥനെ ആരാധിക്കുവാൻ ഉള്ളിൽ ഒരു വെമ്പൽ ഉണ്ടായിരുന്നു. കഷ്ടതയുടെയും പ്രതികൂലങ്ങളുടെയും മുൾമുനയിൽ തട്ടി ജീവിതം നുറുക്കപ്പെട്ടപ്പോഴും ദൈവാശ്രയത്വത്തിൽ അടിയുറച്ചു അവർ മുന്നേറി.

മലബാറിനെ സ്നേഹിച്ച ജർമ്മൻ മിഷണറി വി നാഗൽ സായിപ്പിൻറെ സുവിശേഷയാത്രകൾ വള്ളുവനാടിനെയും ധന്യമാക്കി. 1893-ഡിസംബർ മാസത്തിലാണു അദ്ദേഹം കണ്ണൂരിൽ എത്തിയത്. പീന്നീട് വാണിയങ്കുളത്തെ ബാസൽ മിഷൻ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. 1895 സെപ്റ്റംബർ ഗുരുവായൂർ ഏകാദശിക്ക് ലഘുലേഖകൾ വിതരണം ചെയ്യുവാൻ വാണിയംകുളത്തു നിന്നാണ് അദ്ദേഹം കാളവണ്ടിക്ക് യാത്രതിരിച്ചത്. യാദൃശ്ചികമായി കുന്നംകുളത്ത് എത്തിയ നാഗലും സംഘവും അവരുടെ പക്കൽ പണമില്ലെന്ന് സംശയിച്ച് കാളവണ്ടിക്കാരൻ വഴിയിൽ അവരെ ഇറക്കിവിട്ടു. പിന്നീട് അവർ കുന്നംകുളം കേന്ദ്രമായി പ്രവർത്തിച്ചു.

1930 ന്റെ കാലഘട്ടത്തിൽ തൃശൂരിലെ ഒല്ലൂരിൽ നിന്ന് ജോലിയോടനുബന്ധിച്ച് കുടുംബമായി ഒറ്റപ്പാലത്ത് വന്ന് താമസിച്ച ഒരു കത്തോലിക്ക യുവാവ്  (ഭാരതപ്പുഴ കൺവൻഷൻ സെക്രട്ടറി ബ്രദർ പി കെ. ദേവസിയുടെ മാതാവിൻറെ പിതാവ്- ദേവസ്സി മേനാച്ചേരി) കർത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായി കണ്ടെടുത്തുകയും 1940 കളിൽ കാളവണ്ടിയിൽ ദൈവദാസന്മാരുമായി ഒറ്റപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽ സുവിശേഷം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് ഒറ്റപ്പാലം, വാണിയംകുളം, ഷൊർണൂർ, പട്ടാമ്പി, പാലപ്പുറം, ചെർപ്പുളശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ സഭാകൂടിവരവുകൾ ഉണ്ട്. തലപ്പിള്ളി താലൂക്കിൻറെ നെല്ലറയായ ചേലക്കരയിൽ പെന്തെക്കോസ്തു അഗ്നി കത്തിപ്പടർന്നിട്ട് ഏഴു ദശാബ്ദങ്ങൾ പിന്നിടുന്നു. 1950 കളിൽ സുവിശേഷ ദർശനവുമായി ചേലക്കരയിൽ വന്ന കെ.ഇ. ചാക്കോ ഉപദേശിയും കുടുംബവുമാണ് ചേലക്കര പ്രദേശത്തെ ആദ്യത്തെ പെന്തക്കോസ് കൂട്ടായ്മയ്ക്ക് ആരംഭം കുറിച്ചത്. ചേലക്കര പ്രദേശത്തെ ആദ്യത്തെ പെന്തക്കോസ് സഭയായ ഇന്ത്യാ ദൈവസഭയുടെ ആരാധനയിൽ ആദ്യകാല ദൈവസഭാമിഷണറിമാരിൽ പ്രധാനിയായ വില്യം പോസ്ഫീസിൽ സംബന്ധിച്ചിട്ടുണ്ട്. 1960-കളിൽ കുടിയേറ്റമേഖലയായ കൊണ്ടാഴിയിലും വിശ്വാസികളുടെ സാന്നിധ്യമുണ്ടായി. മുപ്പതു വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ചേലക്കര യുണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പിൻ്റെ പ്രവർത്തന പരിധിയിൽ വരുന്ന വള്ളത്തോൾനഗർ, ചേലക്കര, കൊണ്ടാഴി, പഴയന്നൂർ, തിരിവില്വാമല, പാഞ്ഞാൾ എന്നിവിടങ്ങളിൽ അമ്പതോളം പെന്തെക്കോസ്തു സഭകളുടെ കൂടിവരവുകളുണ്ട്.

മായന്നൂർ പാലം- പ്രാർത്ഥനയുടെ മറുപടി

പാലക്കാട്-തൃശൂർ ജില്ലാതിർത്തിയായ ഭാരതപ്പുഴയുടെ കുറുകെ ഒറ്റപ്പാലത്തെയും മായന്നൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായ മായന്നൂർ പാലം ഉണ്ടായത് ഭാരതപ്പുഴ കൺവൻഷൻറെ പ്രാർത്ഥനാഫലമാണെന്ന് പറയുന്നതിൽ സന്തോഷിക്കുന്നു.

ഭാരതപ്പുഴയുടെ ഇരുവശങ്ങളിലുള്ള കൊണ്ടാഴി ഒറ്റപ്പാലം നിവാസികൾ ഏഴ് ദശാബ്ദമായി ഒരു പാലത്തിനു വേണ്ടി മുറിവിളികൂട്ടിയിരുന്നു നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയിരുന്നു. ചേലക്കര-കൊണ്ടാഴി നിന്ന് വരുന്നവർ മായന്നൂർ കടവിൽ വന്ന് കഷ്ടം സഹിച്ച് തോണി കയറിയും പുഴയിലൂടെ നടന്നും വസ്ത്രം നനഞ്ഞ് സാധനങ്ങൾ തലചുമടായി ഒറ്റപ്പാലത്ത് പോകുകയായിരുന്നു പതിവ്. പാലപ്പുറം എൻഎസ്എസ് കോളേജിൽ പഠിച്ചിരുന്ന ഞാൻ ഒരിക്കൽ തോണിയപകടത്തിൽ പെട്ടത് ഭയത്തോടെ ഓർക്കുന്നു. 1999 മെയ് മാസത്തിൽ നടന്ന ആദ്യത്തെ ഭാരതപ്പുഴ കൺവെൻഷനിൽ നാടിൻറെ ആവശ്യമായ പാലം ഉണ്ടാകുന്നതിനു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തിയിരുന്നു. ഒന്നാമത് കൺവെൻഷനിലെ മുഖ്യപ്രഭാഷകനായ പാസ്റ്റർ കെ.സി. ജോൺ സംഘാടകരുടെ അഭ്യർത്ഥന മാനിച്ച് മായന്നൂർ പാലത്തിനായി പ്രാർത്ഥിച്ചു. അത്ഭുതമെന്ന് പറയട്ടെ, അതേവർഷം നവംബർ മാസത്തിൽ തന്നെ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായ പി ജെ ജോസഫ് പാലത്തിന് തറക്കല്ലിട്ടു ഭാരതപ്പുഴയുടെ ഒന്നാമത് കൺവെൻഷനിൽ വിശ്വാസികൾ കൂട്ടമായി പ്രാർത്ഥിച്ചപ്പോൾ ആ വർഷം തന്നെ മറുപടി കാണുവാൻ ദൈവം ഇടയാക്കി!

ആരംഭകാലങ്ങളിൽ ഞായറാഴ്ച വൈകുന്നേരങ്ങളിൽ നിള മണൽ തീരത്ത് ഭാരതപ്പുഴ കൺവെൻഷൻ പ്രവർത്തകർ പാലത്തിനുവേണ്ടിയും ദേശത്തിനുവേണ്ടിയും കൺവൻഷൻപ്രവർത്തനത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നത് പതിവു കാഴ്ചയായിരുന്നു. കല്ലിടലിനുശേഷം സ്വപ്നപദ്ധതിയായ പാലപ്പണി യാഥാർത്ഥ്യമാകുവാൻ വീണ്ടും ഒരു വ്യാഴവട്ടം വേണ്ടി വന്നു. ആദ്യകാല ഭാരതപ്പുഴ കൺവെൻഷൻ പ്രവർത്തകരായ മാതൃഭൂമി റിപ്പോർട്ടർ സജി മത്തായി കാതേട്ട്, മനോരമ റിപ്പോർട്ടർ എബ്രഹാം കൊണ്ടാഴി എന്നിവർ പാലം പണിയുടെ മെല്ലെപ്പോക്കിനെതിരെ നിരവധി വാർത്തകൾ അക്കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ദേശത്തിൻറെ ആവശ്യത്തിന് കൂടെ നിന്ന ഭാരതപ്പുഴ കൺവൻഷന് നാട്ടുക്കാരുടെ പിന്തുണയുണ്ടായി.

ഭാരതപ്പുഴക്ക് കുറുകെ പണിത പാലത്തിന്റെ ഉദ്ഘാടനം 2011 ജനുവരി 22 നായിരുന്നു അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ വൻജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്. മായന്നൂർ ഉൾപ്പെടുന്ന കൊണ്ടാഴി ചേലക്കര പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘനാളെത്തെ കാത്തിരിപ്പിന് വിരാമംകുറിച്ചു. ഒന്നര കിലോമീറ്റർ നീളമുള്ള മലബാറിലെ ഏറ്റവും വലിയ പാലമായ മായന്നൂർ പാലം യഥാർത്ഥ്യമായപ്പോൾ ജനങ്ങൾക്ക് വളരെ ആശ്വാസമായി.

എല്ലാവർഷവും ഭാരതപ്പുഴ കൺവെൻഷൻ മായന്നൂർ പാലത്തിന് സമീപമാണ് നടക്കുന്നത്. പ്രാർത്ഥന കേൾക്കുന്ന ദൈവമെന്ന് വരും തലമുറയ്ക്ക് സാക്ഷിയായി മായന്നൂർ പാലം നിൽക്കുന്നു. വൈകുന്നേരങ്ങളിൽ വന്നിരിക്കുവാൻ പറ്റിയ ഒരു ഇഷ്ടസ്ഥലമായി മായന്നൂർ പാലത്തിൻറെ ഓരങ്ങളും മായന്നൂർ മണൽത്തിട്ടയും ജനങ്ങൾ ഏറ്റെടുത്തു.

ഒറ്റപ്പാലം പെരുമ

ഒരുകാലത്ത് ഒറ്റപ്പാലത്ത് എല്ലാ ട്രെയിനുകൾക്കും സ്റ്റോപ് ഉണ്ടായിരുന്നു. ഇന്ത്യയുടെ നയതന്ത്രരംഗങ്ങളിൽ ഉന്നതസ്ഥാനം വഹിച്ച കെപിഎസ് മേനോൻ പോലുള്ളവരുടെ നാടായതുകൊണ്ടായിരുന്നു അതിനു കാരണം.

ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ശ്രീ കെ. ആർ. നാരായണൻ മൂന്നു തവണ ഒറ്റപ്പാലം മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഓട്ടന്‍ തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറുശ്ശി മംഗലം ഒറ്റപ്പാലത്ത് നിന്നും വെറും 8 കിലോമീറ്റർ ദൂരത്തിലാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ആദ്യ കേരളീയനായ ചേറ്റൂർ ശങ്കരൻ നായർ, സർദാർ പട്ടേലിന്റെ സെക്രട്ടറിയായിരുന്ന വി.പി.മേനോൻ, കെ പി എസ് മേനോൻ, ശിവശങ്കരമേനോൻ (മുൻ വിദേശ കാര്യ സെക്രട്ടറി), "റോ" യുടെ മുൻ മേധാവിയായ കെ. ശങ്കരൻ നായർ, ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ.നാരായണൻ തുടങ്ങിയ ഭരണതന്ത്രജ്ഞരുടെ നാടാണ് ഒറ്റപ്പാലം.

ടി. പ്രകാശം അധ്യക്ഷനായി 1921-ൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന ആദ്യ കേരള പ്രദേശ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത്.

ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയ സംഗീതത്തിലെ വരദാനം സ്റ്റീഫൻ ദേവസ്സി ഒറ്റപ്പാലം പെരുമയുടെ ഇളം തലമുറക്കാരനാണ്. ഭാരതപ്പുഴ കൺവെൻഷൻറെ തുടക്കം മുതൽ മുടക്കം കൂടാതെ സംഗീതശുശ്രൂഷയ്ക്ക് അദ്ദേഹം നേതൃത്വം നൽകി വരുന്നു.

ഭാരതപ്പുഴ മരിക്കരുത്!

അടുത്തക്കാലം വരെ നിറഞ്ഞൊഴുകിയിരുന്ന നിള മരിക്കുകയാണോ?

അശാസ്ത്രീയമായ മണലെടുപ്പ് മൂലം ഭാരതപ്പുഴയുടെ തറനിരപ്പ് താഴ്ന്നതായി കേന്ദ്ര ജല കമ്മിഷൻ പറയുന്നു. പുഴയുടെ ഒഴുക്കിൻറെ ഗതിയും മാറിയിട്ടുണ്ട്. ഇത് പുഴയോരപ്രദേശങ്ങളിലെ ജലസ്രോതസുകളിൽ ഉറവ വറ്റാനിടയാക്കും. ഭാരതപ്പുഴയിലുള്ളത്പോലെ നദീതീരവും തെളിഞ്ഞ വെള്ളവും മറ്റു നദികളിൽ കുറവാണ്.

സ്വർണ്ണ നിറമുള്ള മണൽച്ചാർത്തലാൽ സമ്പന്നമായിരുന്ന പുഴയിൽ കുറ്റിച്ചെടികളും നിറഞ്ഞിരിക്കുകയാണ്. അനധികൃത മണലെടുപ്പുകാർ കുഴിച്ചകുഴികൾ ജെസിബി ഉപയോഗിച്ച് നികത്തിയാണ് ആറാമത് ഭാരതപ്പുഴ കൺവെൻഷൻ നടത്തിയത് ഇക്കാര്യം അന്നത്തെ പത്രങ്ങൾ വാർത്താപ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഭാരതപ്പുഴ കൺവെൻഷനിൽ ഭാരതപ്പുഴ മരിക്കരുതെന്ന പ്രമേയങ്ങൾ പലപ്രാവശ്യവും അവതരിപ്പിച്ചിട്ടുണ്ട്. ഭാരതപ്പുഴ ഒരിക്കലും മരിക്കരുത്. ഒപ്പം ഭാരതപ്പുഴ കൺവെൻഷൻ എന്ന ശുശ്രൂഷയും.

ഭാരതപ്പുഴ കൺവൻഷൻ -ചരിത്രം

ക്രൈസ്തവ ചരിത്രവഴിയിൽ ശ്രദ്ധേയമായ 'ഭാരതപ്പുഴ കൺവൻഷൻ ' സിൽവർ ജൂബിലി തിളക്കത്തിലാണ്.

ഒരു നൂറ്റാണ്ടിനടുത്തോളം ക്രൈസ്തവ പാരമ്പര്യമുണ്ടെങ്കിലും വള്ളുവനാട് സുവിശേഷ വ്യാപനരംഗത്ത് ഏറെ പിന്നിലാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ രണ്ടാം പാതകത്തിൽ മലങ്കരയിൽ പെന്തെക്കോസ്തു ഉണർവ്വിന്റെ വ്യാപനം ഉണ്ടായപ്പോഴേക്കും ഒറ്റപ്പാലം, ഷൊർണൂർ, ചേലക്കര , പട്ടാമ്പി ഭാഗങ്ങളിലും അവയുടെ ജ്വാല വ്യാപിച്ചിരുന്നു. എന്നാൽ മധ്യ തിരുവിതാംകൂറിലുണ്ടായ ആത്മ പകർച്ച മലബാറിന്റെ കവാടമായ ഈ പ്രദേശങ്ങളിൽ ഉണ്ടായില്ല.

വിദേശ മിഷനറിയായിരുന്ന നാഗൽ സായിപ്പിന്റെ പാദസ്പർശമേറ്റിട്ടുള്ള ഈ ഗ്രാമങ്ങളിൽ ശ്രദ്ധേയമായ ആത്മീയ മുന്നേറ്റത്തിനു പല കാരണങ്ങളും വിഘാതമായി. 2024 ആകുമ്പോഴേയ്ക്കും വള്ളുവനാടിന്റെ ആത്മിയ സഞ്ചാരപദത്തിൽ പെന്തെക്കോസ്തു മുന്നേറ്റം ഏറെ വ്യാപകമായി.

ബാസൽ മിഷനറിമാരുടെ പാതപിൻതുടരാൻ ആ സംഘടനയിലെ പിൻഗാമികൾക്ക് കഴിഞ്ഞില്ലെങ്കിലും പെന്തെക്കോസ്തു മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനം ഈ നാടിനെ ഒരളവോളം സുവിശേഷീകരിച്ചു.

ആത്മീയ തീക്ഷ്ണതയുടെ 25 വർഷങ്ങളാണു ഭാരതപ്പുഴ കൺവൻഷൻ പിന്നിടുന്നത്.

തെക്കൻ മലബാറിനെ ഉണർത്തുക എന്ന ലക്ഷ്യത്തിലൂന്നി 1999 മെയ് 6 ന് ഭാരതപ്പുഴ കൺവൻഷൻ എന്ന പേരിൽ ആദ്യ സമ്മേളനം ഒറ്റപ്പാലം മണൽത്തീരത്ത് സമാരംഭിക്കുന്നത്.

ക്രൈസ്തവ ചരിത്രത്തിൽ എന്നും പ്രശോഭിക്കുന്ന ഒരു തുടമായിരുന്നു ഭാരതപ്പുഴ കൺവൻഷൻ.

കേരളത്തെ സുവിശേഷീകരിക്കാൻ ഈ നൂറ്റാണ്ടിൽ ദൈവം നല്കിയ ദർശനമാണ് 'ഭാരതപ്പുഴ കൺവൻഷൻ ' എന്നാണ് പെന്തെക്കോസ്തിന്റെ മുഖപത്രമായ ഗുഡ്ന്യൂസ് വാരികയിൽ പ്രഥമ കൺവൻഷനിൽ 1999 - മെയ് മാസം പുറത്തിറക്കിയ എഡിറ്റോറിയലിൽ പ്രസ്താവിച്ചത്.

കുറച്ച് സഹോദരന്മാരുടെ ഉള്ളിൽ ഉടലെടുത്ത ദർശമായിരുന്നു ഭാരതപ്പുഴ മണൽത്തീരത്ത് ഒരു ആത്മീയ സംഗമം എന്നത്. ഭാരതപ്പുഴ കൺവൻഷൻ എന്ന പേരിൽ ഒറ്റപ്പാലം മണൽത്തീരത്ത് ആരംഭം കുറിച്ച കൺവൻഷനു ഒരുക്കം ആരംഭിച്ചത് 1996 മുതലാണ്.

1996 ഓഗസ്റ്റ് 10 നാണ് ആദ്യമായി ഭാരതപ്പുഴ കൺവൻഷനെക്കുറിച്ച് ഒരു ആലോചനായോഗം നടക്കുന്നത്. ഷൊർണൂർ ഏ. ജി സഭാംഗമായിരുന്ന കെ. ഒ വർഗീസിന്റെ ഭവനത്തിൽ കൂടിയ യോഗത്തിൽ സജി മത്തായി കാതേട്ട് , എൽ. ജസ്റ്റസ് , സി.എസ് മാത്യു, പി.സി. ഡെന്നി , അബ്രഹാം കൊണ്ടാഴി തുടങ്ങിയവർ ഒത്തുകൂടി ഭാരതപ്പുഴ കൺവൻഷൻ എന്ന ദർശനം പങ്കിട്ടു. മുന്നോടിയായി ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ മണൽപ്പുറത്തും വിവിധ സഭകളിലും അതിനായി പ്രാർത്ഥനകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രാർത്ഥനകൾ നടന്നെങ്കിലും എന്നാൽ ഏറെക്കാലം ഇതിനായി യോഗം കൂടുവാൻ സാധിക്കാതെയിരുന്നു.

ഇക്കാലയളവിൽ കൊണ്ടാഴി പ്ലാന്റേഷനിലും തുടർന്ന് ചേലക്കരയിലും ഐക്യ കൺവൻഷനുകൾക്ക് തുടക്കമായി.

ഒറ്റപ്പാലം ഭാരതപ്പുഴ മണൽത്തീരത്ത് ആത്മീയ സംഗമം നടത്താമെന്ന് ആശയം വീണ്ടും ബലപ്പെട്ടതിനെത്തുടർന്ന് 1998 ഓഗസ്റ്റിൽ ഒറപ്പാലം ബി ഇ എം എൽ.പി സ്ക്കൂളിൽ ആലോചനാ യോഗം കൂടി. ആ യോഗത്തിൽ സഹോദരന്മാരയ സജി മത്തായി കാതേട്ട് , എൽ.ജസ്റ്റസ് , പി.കെ. ദേവസി (ബേബി), സി.കെ.ജോർജ്, പി.സി.ജോർജ് , അബ്രഹാം കൊണ്ടാഴി , പാസ്റ്റർമാരായ വി. ജെ.ജോൺ , ഐസക് കുഞ്ഞുകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ ഒറ്റപ്പാലം ഭാരതപ്പുഴ മണൽത്തീരത്ത് കൺവൻഷൻ നടത്താമെന്ന് ആശയത്തിനു ഒത്തൊരുമിച്ച് നില്ക്കാമെന്ന് തീരുമാനിച്ചു. ആ യോഗത്തിത്തിൽ വെച്ച് 1999 മെയ് 6 മുതൽ 9 വരെ പ്രഥമ ഭാരതപ്പുഴ കൺവൻഷൻ നടത്താമെന്ന തീരുമാനമുണ്ടായി.

ഒന്നാമത് ഭാരതപ്പുഴ കൺവൻഷന്റെ ഭാരവാഹികളായി പാസ്റ്റർ വി.ജെ.ജോൺ (പ്രസിഡന്റ്), സി.കെ.ജോർജ് (വൈസ് പ്രസിഡന്റ്), പി.കെ. ബേബി ( സെക്രട്ടറി), സജി മത്തായി കാതേട്ട് (ജോ.സെക്രട്ടറി), പാസ്റ്റർ ഐസക് കുഞ്ഞുകുഞ്ഞ് (പ്രയർ സെക്രട്ടറി), അബ്രഹാം കൊണ്ടാഴി (പബ്ലിസിറ്റി കൺവീനർ) എന്നിവർ ചുമതലയേറ്റു.

തൃശൂർ , പാലക്കാട്, മലപ്പുറം ജില്ലകളിലെ അറുപതോളം സഭകളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു.

പ്രഥമ കൺവൻഷൻ മുതൽ തുടന്ന് കുറെ വർഷങ്ങൾ സാമ്പത്തികമായി ഏറെ സഹായിച്ചത് കോഴിക്കോട് സ്വദേശിയും ബിസിനസ്കാരനുമായ ഒരു സഹോദരനായിരുന്നു. തന്റെ പേര് വെളിപ്പെടുത്തരുതെന്ന് കർശനമായി നിർദ്ദേശിച്ചിരുന്നു.

ആദ്യ കാലഘട്ടങ്ങളിൽ ഏറെ സാമ്പത്തികമായി പ്രയാസമനുഭവിച്ചിരുന്നെങ്കിലും ദീർഘകാലമായി സെക്രട്ടറിയായിരിക്കുന്ന പി.കെ. ദേവസിയുടെ കുടുംബമാണ് നാളിതു വരെയുള്ള കൺവൻഷനുകൾക്ക് ഏറെ സഹായകരമായിരിക്കുന്നത്.

ഭാരതപ്പുഴ കൺവൻഷന്റെ കാൽ നൂറ്റാണ്ടുകാലമായുള്ള പ്രയാണം എപ്പോഴും മിനുമിനുത്ത പാതകളിലൂടെയായിരുന്നില്ല. സുവിശേഷ വിരോധികളുടെ പലവിധത്തിലുള്ള എതിർപ്പുകളും ഉണ്ടായിരുന്നിട്ടും ദൈവം ജ യോത്സവമായി നടത്തി.

കൺവൻഷൻ തുടങ്ങിയ കാലം തൊട്ടുള്ള ആത്മീയ അവേശവും ദൈവീക കരുതലുമാണ് പ്രതിബദ്ധതയുമാണ് ഇരുപത്തിയഞ്ചാം വയസിലേക്ക് കാലൂന്നിയിരിക്കുന്ന ഭാരതപ്പുഴ കൺവൻഷനുള്ളത്.

ഇതിന്റെ സ്ഥാപകാംഗങ്ങളായവരിൽ ചിലരും സജീവ പ്രവർത്തകരിൽ ചിലരും കർതൃസന്നിധിയിൽ ചേർക്കപ്പെട്ടെങ്കിലും ഇപ്പോഴും സജീവ പ്രവർത്തകരായിരിക്കുന്ന ആദ്യ കാലപ്രവർത്തകരായിരിക്കുന്ന പി.കെ. ദേവസി (ബേബി) , സജി മത്തായി കാതേട്ട് , എൽ. ജസ്റ്റസ് , സാം കൊണ്ടാഴി, വർഗീസ് വടക്കേത്ത്,(അനിയൻ കുഞ്ഞ്) കെ.ഒ. കുഞ്ഞുമോൻ, ബിജു തടത്തിവിള, റെജി തടത്തിവിള , ബിൽജി പഴയന്നൂർ, സാംകുട്ടി വർഗീസ് തുടങ്ങി ഒട്ടേറെ പേരുടെ പ്രവർത്തനം സ്മരണനീയമാണ്.

ഏറെക്കാലം ട്രഷററായിരുന്ന നിത്യതയിൽ ചേർക്കപ്പെട്ട പി.സി. ജോർജിന്റെ പ്രവർത്തനം ഒരിക്കലും അവഗണിക്കാനാവില്ല.

ഭാരതപ്പുഴ കൺവൻഷന്റെ ഏറ്റവും ശ്രദ്ധേയമായ ശുശ്രൂഷയാണ് പ്രശസ്ത മ്യൂസിക് ഡയറക്ടറും പിയാനോ വിദഗ്ധനുമായ സ്റ്റീഫൻ ദേവസി നേതൃത്വത്തിൽ നടക്കുന്ന സംഗീത ശുശ്രൂഷ. 

തെക്കൻ മലബാറിന്റെ സുവിശേഷ മുന്നേറ്റത്തിൽ നവോത്ഥാനത്തിന്റെ ചാലകശക്തിയായി പ്രവർത്തിക്കുവാൻ ഭാരതപ്പുഴ കൺവൻഷൻ മുൻപന്തിയിലാണ്.

ഇവിടെയുള്ള സഭാ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനും ഈ കൺവൻഷൻ പുലർത്തുന്ന മാതൃകാപരമായ സമർപ്പണം ചരിത്രം എന്നും എടുത്തുവയ്ക്കും.

മുൻ നിര പ്രവർത്തകർ മുതൽ പങ്കാളികളാകുന്ന വിശ്വാസികൾവരെയും പകർന്നു നല്കുന്ന പിന്തുണയും പ്രാർത്ഥനയും ഭാരതപ്പുഴ കൺവൻഷന്റെ ഊർജമാണ്.