'ബോംബിൽ നിന്നു സുവിശേഷത്തിലേക്ക് ' പ്രകാശനം ചെയ്തു

 'ബോംബിൽ നിന്നു സുവിശേഷത്തിലേക്ക് '  പ്രകാശനം ചെയ്തു

കോട്ടയം : വൈമാനികനും ജപ്പാന്റെ യുദ്ധക്കുറ്റവാളിയും, പിന്നീട് ജപ്പാനിൽ മിഷണറിയുമായി സേവനം ചെയ്ത ജേക്കബ് ഡിഷെയ്സറുടെ ജീവചരിത്രം "ബോംബിൽ നിന്നു സുവിശേഷത്തിലേക്ക്" എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽസ് പ്രെയർ ഫെലോഷിപ്പ് (EPPF) ജനറൽ സെക്രട്ടറിയും ഗുഡ്ന്യൂസ് അസോസിയേറ്റ് എഡിറ്ററുമായ ഇവാഞ്ചലിസ്റ്റ് എം. സി. കുര്യൻ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ പ്രകാശ് പി. കോശിയാണ് ഗ്രന്ഥരചന നിർവഹിച്ചിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ഒരു ചേരിയിലും ഉൾപ്പെടാതെ സ്വതന്ത്രമായി നിന്ന അമേരിക്കയെ അവരുടെ നാവിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ചുകൊണ്ട് ജപ്പാൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. പേൾ ഹാർബർ ആക്രമണത്തിനു ചുട്ടമറുപടി കൊടുക്കാൻ ജപ്പാന്റെ നഗരങ്ങളിൽ അതിസാഹസികമായി വ്യോമാക്രമണം നടത്തിയ അമേരിക്കൻ സംഘത്തിലെ വൈമാനികനായിരുന്നു ജേക്കബ് ഡിഷെയ്സർ. അവരുടെ ദൗത്യം വിജയിച്ചെങ്കിലും, ജേക്കബ് ജപ്പാന്റെ സൈന്യത്തിന്റെ പിടിയിലായി. അദ്ദേഹം അനുഭവിച്ച കൊടിയ പീഡനങ്ങളും, തടവറയിൽ വച്ച് ക്രിസ്തുവിനെ കണ്ടെത്തിയതും പുസ്തകത്തിൽ വിവരിക്കുന്നു.

ഒരു വാർ ത്രില്ലർ വായിക്കുന്ന പ്രതീതി നൽകുന്ന പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ജേക്കബ് ഡിഷെയ്സറുടെ പുത്രി കരോൾ ഐക്കോ ഡിഷെയ്സറാണ്. റവ. സന്തോഷ് പൊടിമല നേതൃത്വം കൊടുക്കുന്ന റിഫോം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം ഓൺലൈനിലും പ്രമുഖ ബുക്സ് സ്റ്റാളുകളിലും ലഭ്യമാണ്.  വിവരങ്ങൾക്ക്: 7021931158

www.reformbooks.com