മണിപ്പൂർ മുറിവായി തുടരുന്നു; ബിജെപിയുടെ ക്രൈസ്തവ വീടു സന്ദർശനം , പ്രാധാന്യം നല്കാതെ സഭകൾ

മണിപ്പൂർ മുറിവായി തുടരുന്നു;  ബിജെപിയുടെ  ക്രൈസ്തവ വീടു സന്ദർശനം , പ്രാധാന്യം നല്കാതെ സഭകൾ

ആലപ്പുഴ: ക്രിസ്‌മസിന് അരമനകളും ക്രൈസ്തവ വീടുകളും സന്ദർശിക്കാൻ സംസ്ഥാന ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിനു മുൻവർഷത്തെ ഊഷ്‌മളത ഉണ്ടാകില്ല. വരുന്നവരെ ആതിഥ്യമര്യാദയോടെ സ്വീകരിക്കുമെങ്കിലും ഇതൊരു രാഷ്ട്രീയ അവസരമായി കാണുന്നതിനോടു സഭകൾക്കു യോജിപ്പില്ലെന്നാണു സൂചന. മണിപ്പുർ വിഷയം പുകയുന്നതാണു പ്രധാനകാരണം.മണിപ്പുരിൽ പള്ളികളും സ്ഥാപനങ്ങളും തുടർച്ചയായി ആക്രമിക്കപ്പെട്ടതും ക്രൈസ്തവർ കൊല്ലപ്പെടുകയും ചെയ്തതോടെ വംശഹത്യയാണു നടക്കുന്നതെന്നു സഭകൾ പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ പലയിടത്തും മെത്രാൻമാർക്കെതിരേപോലും കേസെടുക്കുന്ന സ്ഥിതിയുമുണ്ടായി. ഡിസംബർ ആദ്യവാരം നടന്ന കെ.സി.ബി.സി. സമ്മേളനത്തിനുശേഷം പുറത്തിറക്കിയ കുറിപ്പിലും മണിപ്പുർ പരാമർശമുണ്ട്.

നിരാലംബരും പുറന്തള്ളപ്പെട്ടവരുമായി ക്യാമ്പുകളിൽ കഴിയുന്ന അനേകായിരങ്ങൾക്കു പ്രതീക്ഷ നൽകുംവിധം സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണു കുറിപ്പിൽ കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യം നിലനിൽക്കേ, പെട്ടെന്നുള്ള സൗഹൃദപ്രകടനങ്ങളിൽ വലിയ കാര്യമില്ലെന്ന് ഉന്നതസ്ഥാനത്തുള്ള സീനിയർ വൈദികൻ പറഞ്ഞു. ബി.ജെ.പി. പ്രതീക്ഷവെക്കുന്ന തൃശ്ശൂർ, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിൽ ജയിക്കണമെങ്കിൽ ക്രൈസ്തവ വോട്ടുകൾകൂടി സമാഹരിക്കേണ്ടിവരും. ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന തീവ്ര ക്രൈസ്ത‌വ ഗ്രൂപ്പുകളെയും മണിപ്പുർ വിഷയം പ്രതിരോധത്തിലാക്കിയിരുന്നു.

റബ്ബറിനു 300 രൂപയാക്കിയാൽ ബി.ജെ.പി.ക്കു കേരളത്തിൽ നിന്ന് എം.പി.യില്ലെന്ന വിഷമം ഉണ്ടാകില്ലെന്നു തലശ്ശേരി ആർച്ച്ബിഷപ്പ് പറഞ്ഞതാണു സിറോ മലബാർസഭയും ബി.ജെ.പി.യും തമ്മിലടുക്കുന്നുവെന്ന ചർച്ചകൾക്കു തുടക്കമിട്ടത്. സഭ ഏറെക്കാലമായി ഉയർത്തുന്ന ലവ് ജിഹാദ് വിഷയവും ബി.ജെ.പി.യുടെ നിലപാടിനോടു ചേർന്നു പോകുന്നതാണ്. സൗഹൃദം വളരവേയാണു മണിപ്പുർ കത്തിപ്പടർന്നത്. അതേസമയം, പലസ്‌തീൻ -ഇസ്രയേൽ സംഘർഷത്തിൽ ഹമാസിനെ തീവ്രവാദ സംഘടനയെന്നു വിളിക്കാത്തതിൽ കേരളത്തിലെ ഇടതു-വലതു മുന്നണികളോടു കത്തോലിക്കസഭയ്ക്ക് എതിർപ്പുമുണ്ട്. അടുത്തകാലത്ത് സഭയ്ക്കും ബി.ജെ.പി.ക്കും പൊതുവായി യോജിക്കാവുന്ന ഒരു വിഷയമിതാണ്.

ഹമാസ് എന്ന തീവ്രവാദ സംഘടനയുടെ ഭീകരാക്രമണങ്ങളെ പോരാട്ടം എന്നു വിശേഷിപ്പിക്കാനും അതിലെ അംഗങ്ങളെ പലസ്തീനികളുടെ പ്രതിനിധികളായി ചിത്രീകരിക്കാനും ഇവിടെയും ചിലർ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നു കെ.സി.ബി.സി. ജാഗ്രതാകമ്മിഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ നേരത്തേ കുറിച്ചിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

Advertisement