ഭാരതത്തിൽ ദിനംപ്രതി രണ്ടു ക്രൈസ്തവര്‍ വീതം ആക്രമിക്കപ്പെടുന്നു ; പുതിയ റിപ്പോർട്ട്

ഭാരതത്തിൽ ദിനംപ്രതി രണ്ടു ക്രൈസ്തവര്‍ വീതം ആക്രമിക്കപ്പെടുന്നു ; പുതിയ റിപ്പോർട്ട്

ഇന്ത്യയില്‍ ദിനംപ്രതി രണ്ടു ക്രൈസ്തവര്‍ വീതം ആക്രമിക്കപ്പെടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദിനംപ്രതി ഏറ്റവും കുറഞ്ഞത് രണ്ടു ക്രൈസ്തവരെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെന്ന്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്). ഈ വര്‍ഷം നവംബര്‍ വരെ ഏതാണ്ട് 687 അക്രമങ്ങളാണ് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി ക്രൈസ്തവര്‍ക്കു നേരെ നടന്നിരിക്കുന്നത്. 2014 മുതല്‍ ഇന്ത്യയില്‍ ക്രൈസ്തവരെ ലക്ഷ്യം വെച്ചുള്ള ആക്രമങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചുവെന്നത് വസ്തുതയാണെന്നും ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് പട്ടികയില്‍ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും യു.സി.എഫ് കണ്‍വീനര്‍ എ.സി മൈക്കിള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ആക്രമണത്തിന് ഇരയായ ക്രിസ്ത്യാനികള്‍ക്ക് ബന്ധപ്പെടുവാന്‍ വേണ്ടി യു.സി.എഫ് 18002084545 എന്ന നമ്പറില്‍ ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ സേവനം ആരംഭിച്ചിരുന്നു. 2014-ല്‍ 147, 2015-ല്‍ 177, 2016-ല്‍ 208, 2017-ല്‍ 240, 2018-ല്‍ 292, 2019-ല്‍ 328, 2020-ല്‍ 279, 2021-ല്‍ 505, 2022-ല്‍ 599 എന്നിങ്ങനെയാണ് സഹായം തേടിയുള്ള കോളുകള്‍ ലഭിച്ചത്, 2023 ജനുവരി മുതല്‍ നവംബര്‍ വരെ മാത്രം 687 കോളുകളാണ് ഈ ടോള്‍ഫ്രീ നമ്പറില്‍ സ്വീകരിച്ചിരിക്കുന്നത്. ഇഷ്ട്ടപ്പെട്ട മതം സ്വീകരിക്കുവാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പുനല്‍കുമ്പോഴാണ് ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനങ്ങള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നതെന്നു യു.സി.എഫ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ 11 സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമമെന്ന് പരക്കെ അറിയപ്പെടുന്ന “ഫ്രീഡം ഓഫ് റിലീജിയന്‍ ആക്റ്റ്സ്” ക്രൈസ്തവരെ പീഡിപ്പിക്കുവാനുള്ള നിയമമായി മാറിയിട്ടുണ്ട്. തനിക്കിഷ്ടമുള്ള മതം സ്വീകരിക്കുന്നതിനായി ഒരു വ്യക്തിക്ക് സര്‍ക്കാരിന്റെ അനുമതി തേടിക്കൊണ്ടുള്ള ഫോം പൂരിപ്പിച്ച് റെവന്യൂ ഓഫീസറിന് നല്‍കണമെന്നത് മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെ അനുശാസനമാണ്. ഇത് യുഎന്‍ കണ്‍വെന്‍ഷന് വിരുദ്ധമാണെന്ന്‍ യു.സി.എഫ് പറയുന്നു.

ഉത്തര്‍പ്രദേശ്‌ (287), ചത്തീസ്ഗഡ് (148), ജാര്‍ഖണ്ഡ് (49), ഹര്യാന (47) എന്നീ നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ മൊത്തം 531 ആക്രമണസംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. മധ്യപ്രദേശ് 35, കര്‍ണാടക 21, പഞ്ചാബ് 18, ബീഹാര്‍ 14, ഗുജറാത്ത്, തമിള്‍നാട്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ 8 വീതം, രാജസ്ഥാനിലും ഒറീസയിലും 7 വീതം, ഡല്‍ഹിയിലും മഹാരാഷ്ട്രയിലും 6 വീതം, ഉത്തരാഖണ്ഡ്, വെസ്റ്റ്‌ ബംഗാള്‍, ഹിമാചല്‍ പ്രദേശ്‌ എന്നിവിടങ്ങളില്‍ 4 വീതം, ആസാം 2, ആന്ധ്രാപ്രദേശ്, ഗോവ, ചണ്ഡീഗഡ്, ദാമന്‍ & ദിയു എന്നിവിടങ്ങളില്‍ 1 വീതം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

ഇതില്‍ ഭൂരിഭാഗവും വ്യാജമതപരിവര്‍ത്തന ആരോപണങ്ങളുടെ പേരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്കെതിരെ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചു വിടുന്നതാണ്. 2022-ല്‍ ഛത്തീസ്ഗഡില്‍ ആയിരത്തിലധികം ആദിവാസി ക്രൈസ്തവരാണ് ഭവനരഹിതരായത്. ഈ വര്‍ഷം മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് അരങ്ങേറിയതെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. 175 പേര്‍ കൊല്ലപ്പെടുകയും, ആയിരത്തിലധികം പേര്‍ക്ക് പര്‍ക്കേല്‍ക്കുകയും ചെയ്തു. 254 ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് അഗ്നിക്കിരയായത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇത് തടയുവാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അപകടകരമായ മൗനം തുടരുകയാണ്. പോലീസ് ഹിന്ദുത്വവാദികള്‍ക്ക് ഒത്താശ ചെയ്യുന്നുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.