നൂറിന്റെ നിറവിൽ പാസ്റ്റർ എം വി വർഗീസ് അപ്പച്ചൻ
നൂറിന്റെ നിറവിൽ പാസ്റ്റർ എം വി വർഗീസ് അപ്പച്ചൻ
ഇന്ന് നൂറാം വയസിലേക്ക് പ്രവേശിക്കുന്ന ഐപിസി സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം. വി വർഗീസിനെ കുറിച്ച് സുവിശേഷ പ്രഭാഷകനും ആലപ്പുഴ ഈസ്റ്റ് സെൻ്റെ ശുശ്രൂഷകനുമായ പാസ്റ്റർ ബി മോനച്ചൻ എഴുതുന്നു
ഇന്ന് ശതാബ്ദി നിറവിലാകുന്ന ഇന്ത്യൻ പെന്തെക്കോസ്തു ദൈവസഭയുടെ ഏറ്റവും സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം.വി വർഗീസ് കറപുരളാത്ത ജീവിതം കൊണ്ടും നിർമ്മലമായ ഉപദേശവിശുദ്ധികൊണ്ടും ജനഹൃദയങ്ങളിൽ സ്ഥാനം ലഭിച്ച അഭിഷക്തനാണ്.
ഐപിസിലെ ആദ്യത്തെ വിദേശമിഷനറിയാണ് ഇദ്ദേഹം. (സിംഗപ്പൂർ സഭാ ശുശ്രൂഷകനായിരുന്നു). ഇടക്കാലയളവിൽ അൽപകാലം ഐപിസി സ്റ്റേറ്റ് പ്രസിഡണ്ടായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.
ഐപിസിയിൽ ദീർഘ വർഷങ്ങൾ സെൻ്റർ ശുശ്രൂഷകനായിരുന്ന അദ്ദേഹം ബൈബിൾ കോളേജ് അധ്യാപകൻ സുവിശേഷ പ്രഭാഷകൻ ഗാനരചയിതാവ് എന്നീ നിലകളിലും പ്രസിദ്ധനാണ്. ഏകദേശം 12 ഓളം ഗാനങ്ങൾ അപ്പച്ചൻ എഴുതിയിട്ടുണ്ട്.
"എന്നെ പോറ്റി പുലർത്തുന്നോൻ...... എന്നെ പോറ്റി പുലർത്തുന്നോൻ; ദാനം ദാനം വിശുദ്ധാത്മാദാനം... ; ഇന്നീ ദിനം കണ്ടിടുവാനായി നല്ലവനെ കൃപ ചെയ്യുകയാൽ ... എന്നീ ഗാനങ്ങൾ വളരെ പ്രസിദ്ധമാണ്.
പാസ്റ്റർ എം.വി.വർഗ്ഗീസ് 35 വർഷങ്ങൾ ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെയും ചുമതല നിർവഹിച്ചു. പെന്തക്കോസ്തു പ്രസ്ഥാനത്തിൽ ജീവിതവിശുദ്ധിയും ഉപദേശവിശുദ്ധിയും കാത്തുസൂക്ഷിച്ച ഈ അഭിഷക്തൻ വിശ്വാസസമൂഹത്തിനും ശുശ്രൂഷകവൃന്ദത്തിനും എന്നും മാതൃകയണ്.
സഭകളെയും ശുശ്രൂഷകന്മാരെയും ഒന്നിച്ചുകൊണ്ടുപോകുവാനും എതിർത്തവരെപ്പോലും സ്‌നേഹത്തോടെ ഉൾക്കൊള്ളുവാനും അദ്ദേഹത്തിനു ദൈവം കൃപകൊടുത്തു. പ്രായഭേദമെന്യേ എല്ലാവർക്കും എപ്പോഴും സമീപിക്കാവുന്ന തന്റെ സൗഹൃദവും വിനയവും വിശാലഹൃദയവും ശ്ലാഘനീയമാണ്. നാലു പതിറ്റാണ്ടിലധികമുള്ള അദ്ദേഹത്തിന്റെ നേതൃവൈഭവവും ശുശ്രൂഷാപരിചയവും ആലപ്പുഴ ഈസ്റ്റ് സെന്ററിന്റെ വളർച്ചയ്ക്കു നിർണായക ഘടകമായിരുന്നു. അദ്ദേഹത്തിന്റെ നർമ്മബോധവും പരിപക്വമായ ശുശ്രൂഷാ മികവും പ്രസിദ്ധമാണ്. പെന്തക്കോസ്തിന്റെ ആദ്യകാല അനുഭവങ്ങൾ നേരിൽ കണ്ടിട്ടുള്ളവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അപൂർവ്വം ചിലരിൽ ഒരാളാണ് അദ്ദേഹം. ആയിരക്കണക്കിന് ശിഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ട്.
കാൽ നൂറ്റാണ്ടായി പാസ്റ്റർ എം വി. വർഗീസിനോടൊപ്പം ശുശ്രൂഷയിൽ സഹകരിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിൻ്റെ പിൻഗാമിയായി ഐപിസി ആലപ്പുഴ സെൻറർ ശുശ്രൂഷകൻ ആകാൻ കഴിഞ്ഞത് ജീവിതത്തിൽ ലഭിച്ച ഭാഗ്യമായി ഞാൻ കരുതുന്നു.
കുഞ്ഞമ്മ വർഗീസ് എന്ന അദ്ദേഹത്തിൻറെ സഹധർമ്മിണി നേരത്തെ നിത്യതയിൽ പ്രവേശിച്ചു. അദ്ദേഹത്തിൻ്റെ നാലു മക്കൾ കുടുംബമായി വിവിധ നിലകളിൽ ദൈവവേലയ്ക്ക് ചുമൽ കൊടുക്കുന്നു. ആൺമക്കളിൽ പാസ്റ്റർ ജോർജ് വർഗീസ് കുടുംബമായി അമേരിക്കയിൽ താമസിക്കുന്നു സഹോദരൻ എം.വി ഫിലിപ്പ് ( സണ്ണി) വിയപുരത്തെ കുടുംബവീട്ടിൽ അപ്പച്ചനോട് ഒപ്പം താമസിക്കുന്നും അദ്ദേഹത്തിൻ്റെ സഹധർമ്മിണി ശോഭാ ഫിലിപ്പും കുഞ്ഞുങ്ങളും അപ്പച്ചനെ സ്നേഹപൂർവ്വം ശിശ്രുക്ഷിക്കുന്നതിൽ മുൻപിൽ നിൽക്കുന്നു.
കൂടുതൽ സമയവും പ്രാർത്ഥനയും വചനധ്യാനവുമായി പ്രിയപ്പെട്ട എം വി വർഗീസ് അപ്പച്ചൻ ഭവനത്തിൽ വിശ്രമിക്കുന്നു. തന്നെ കാണാൻ എത്തുന്നവരെയെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ച് പ്രത്യാശയോടും ആത്മീയ സന്തോഷത്തോടും കൂടെ വിയപുരത്തെ ഭവനത്തിൽ കഴിയുന്നു. ജീവിച്ചിരിക്കുന്ന നാളല്ലാം ദൈവകൃപയോടും ആത്മ സന്തോഷത്തോടും കഴിയുവാൻ ദൈവം തന്ന ദാസന് ഇനിയും കൃപ നൽകട്ടെ...
Advertisement