പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ കൺവെൻഷന് തുടക്കമായി

പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ കൺവെൻഷന് തുടക്കമായി

യേശുക്രിസ്തു ലോകത്തിൻ്റെ നിത്യപ്രകാശം : പാസ്റ്റർ പി.മാത്യു ജോൺ

ചാക്കോ കെ. തോമസ്, ബെംഗളൂരു

 തിരുവല്ല: അന്ധകാര പൂർണമായ ഈ ലോകത്തിൽ പ്രകാശം പരത്തുന്ന നിത്യവെളിച്ചമാണ് യേശുക്രിസ്തുവെന്ന് പാസ്റ്റർ പി.മാത്യു ജോൺ പറഞ്ഞു. 

റ്റി.കെ.റോഡിന് സമീപം കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ ആരംഭിച്ച ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയുടെയും പ്രാരംഭദിന രാത്രിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

യേശു ക്രിസ്തുവിൻ്റെ തിരുജനനത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ എഴുതുമ്പോൾ ഇരുട്ടിൽ ഇരുന്ന ജനം വലിയൊരു പ്രകാരം കണ്ടു എന്നാണ് രേഖപ്പെടുത്തിയിരിരിക്കുന്നത്. രണ്ടായിരത്തിൽ അധികം വർഷമായി അവിടുത്തെ ദിവ്യ പ്രകാശം ഏറ്റു വാങ്ങിക്കൊണ്ട് സഭ ലോകത്തിൽ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. വെളിച്ചത്തിൻ്റെ വാഹകരാകാനുള്ള ദൈവവിളി തിരിച്ചറിഞ്ഞ് വിശ്വാസികൾ കൂടുതൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റർ റ്റി.മാത്യു പ്രാർഥനയോടെ ആരംഭിച്ച കൺവെൻഷനിൽ ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ് പ്രാർഥനകൾക്ക് മുഖ്യ നേതൃത്വം നൽകി.

ഇന്നു മുതൽ ദിവസവും രാവിലെ 7-ന് ബൈബിൾ ക്ലാസ് , 9.30 ന് പൊതുയോഗം, മൂന്നിന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45 ന് ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ രാത്രി 10 ന് പ്രത്യേക പ്രാർഥന എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് പ്രത്യേക യുവജന മീറ്റിംങ്ങ് നടക്കും. വെള്ളി, ശനി പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള ടിപിഎം ആരാധനാ ഹാളിൽ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിന് കീഴിലുള്ള 33 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

 തിരുവല്ല സെന്റർ പാസ്റ്റർ സി.എൽ ശാമുവേൽ (ബാബു), അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പോൾ രാജ് എന്നിവർ  നേതൃത്വം നൽകുന്നു.

കൺവെൻഷൻ ഗ്രൗണ്ടിൽ ഗുഡ്ന്യൂസ് സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്. വരിസംഖ്യ പുതുക്കുന്നതിനും പുതിയ വരിക്കാരാകുന്നവർക്കും ഈ അവസരം ഉപയോഗിക്കാം.