മത സ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം : മന്ത്രി കെ. എൻ. ബാലഗോപാൽ

മത സ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണം : മന്ത്രി കെ. എൻ. ബാലഗോപാൽ

ജോസ് കടമ്പനാട് 

ന്യൂയോർക്ക് : മത സ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ന്യൂനപക്ഷ സംരക്ഷണം കേരളാ സർക്കാരിന്റെ കടമയാണെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ന്യൂയോർക്കിലെ വിവിധ മലയാളി ക്രൈസ്തവ വിഭാഗങ്ങൾ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ലോങ്ങ് ഐലൻഡിലെ ഗേറ്റ്വേ ക്രിസ്ത്യൻ സെന്ററിൽ നടന്ന യോഗത്തിൽ പാസ്റ്റർ ഡോ.സണ്ണി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

അമേരിക്കയിലെ മലയാളി ക്രൈസ്‌തവർ കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചെയ്യുന്ന നന്മ പ്രവർത്തികളും വികസന കാര്യങ്ങളും ഒരിക്കലും അവഗണിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളായ ന്യൂയോർക്ക് അസംബ്ലി അംഗം മിഖായേൽ സോളാജസ്, നാസൗ കൗണ്ടി ലെജിസ്ലേറ്റർ കാരിയെ സോളാജസ് എന്നിവരും സന്നിഹിതരായിരുന്നു. 

അസംബ്ലി അംഗം മിഖായേൽ സോളാജസ് ന്യൂയോർക്ക് അസംബ്ലിയുടെ പ്രശംസാപത്രം മന്ത്രിക്കു നൽകി ആദരിച്ചു.   

 തുടർന്നു നടന്ന ചർച്ചയിൽ കേരളത്തിലെ ക്രൈസ്തവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മന്ത്രിയെ ധരിപ്പിച്ചു. ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം മന്ത്രി വാഗ്ദാനം ചെയ്തു.