വചനം പ്രസംഗിക്ക 

വചനം പ്രസംഗിക്ക 

വചനം പ്രസംഗിക്ക 

 പാസ്റ്റർ ജിംസ് തോട്ടത്തിൽ 

നിർഭാഗ്യവശാൽ ഇതെല്ലാം താലാന്തു പരിശോധനയ്ക്കുള്ള വിഷയങ്ങളായി മാത്രം മാറ്റിവച്ചുകൊണ്ട് മിക്ക പ്രസംഗകരും ഇന്ന് 'വിടുതൽ 'എന്ന ഒറ്റക്കുറ്റിയിൽ കറങ്ങുകയാണ്

ശയവിനുമയത്തിന് ഏറ്റവും അഭികാമ്യമായ കലയാണ് പ്രസംഗം. വലുതും ചെറുതും, ലഘുവും ഘനതരവും, ആത്മീയവും രാഷ്ട്രീയവും സാമുദായികവും സംസ്കാരികവും ആയ നിരവധി പ്രഭാഷണങ്ങൾ അനുദിനവും നാം കേട്ടുകൊണ്ടിരിക്കുകയാണ്. സാധാരണ സംസാരത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പ്രഭാഷണം. പറയുന്നതെന്തും പ്രസംഗമാണെന്ന് ധരിക്കുന്നവരുണ്ട്. അതുപോലെ എന്തും പറയാൻ പ്രസംഗം വേദിയാക്കുന്നവരും ഉണ്ട്. ചരിത്രത്തിലെ പല പ്രസിദ്ധങ്ങളായ പ്രസംഗങ്ങളെയും പ്രഭാഷകരെയും നമുക്കറിയാം.

ചരിതം കണ്ടതിൽ വച്ച് വലിയ പ്രഭാഷകൻ യേശുക്രിസ്തുവും പ്രസംഗം ഗിരിപ്രഭാഷണവും ആണ്‌.കേവലം വികാര വിക്ഷോഭങ്ങളുടെ  പ്രകടനമായി മാത്രം ഒരു പ്രസംഗം തീരരുത്. ക്രിസ്തീയ പ്രസംഗങ്ങളുടെ പ്രസക്തി ചരിത്രത്തിൽ തമസ്കരിക്കാവുന്നതല്ല.                               ഓരോ പ്രസംഗങ്ങളും അതിന്റെ ലക്ഷ്യം കൈവരിക്കേണ്ടത് ആവശ്യമാണ്‌.മറ്റൊരു ഭാഷയിൽ പറഞ്ഞാൽ പ്രസംഗത്തിന് ലക്ഷ്യമുണ്ടതായിരിക്കേണ്ടത് ആവശ്യമാണ്‌. "യേശു പടകിൽ നിന്നിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ടു അവർ ഇടയനില്ലാത്ത ആടുകളെ പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി"(മർക്കോ.6:34). ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെടുന്ന വചനം അതിന്റെ പ്രവർത്തിയെ ചെയ്യാതെ മടങ്ങി ചെല്ലുകയില്ല.

ക്രിസ്തുവിന്റെയും അപ്പോസ്തോലന്മാരുടെയും പല വർത്തമാനകാല പ്രസംഗകരുടെയും പ്രസംഗങ്ങൾ തമ്മിൽ അജഗാജാന്തരം ഉണ്ടെന്നു പറയാതെ വയ്യ.പ്രഭാഷകനെക്കാൾ പ്രഭാഷണത്തെ ഉയർത്തിയ പുതിയനിയമസഭയുടെ ചരിത്രം ബൈബിളിൽ സ്പടികസ്‌ഫുടമാണ്. സുവിശേഷപ്രസംഗങ്ങൾ സമ്പന്നതയേയോ (prospirity)ദാരിദ്ര്യത്തെയോ (poverty)അടിസ്ഥാനമാക്കിയാകരുത് മറിച്ചു യേശുക്രിസ്തുവിനെ കുറിച്ചും ആത്മരക്ഷാദായകവും ആയിരിക്കണം. സകല മനുഷ്യർക്കും രക്ഷകരമായ ദൈവകൃപ ഉദിച്ചുവല്ലോ.അപ്പോൾത്തന്നെ സമ്പത്തിനെക്കുറിച്ചും ദാരിദ്ര്യത്തേക്കുറിച്ചുമുള്ള വീക്ഷണങ്ങൾ ബൈബിളിൽ സുവ്യക്തവുമാണ്.

പാപമോചനം, പരിശുദ്ധത്മാവ്, നീ‌തീകരണം, കർത്താവിന്റെ രണ്ടാംവരവ്, ന്യായാവിധി തുടങ്ങിയ വിഷയങ്ങൾക്ക് മുൻ‌തൂക്കം കൊടുത്ത് പ്രസംഗിച്ച ആദ്യനാളുകളിലെ സഭയുടെ വളർച്ച ഉച്ചനീചത്വങ്ങളെ ഉല്ലംങ്കിച്ചുകൊണ്ടായിരുന്നു. നിർഭാഗ്യവശാൽ ഇതെല്ലാം താലന്ത് പരിശോധനയ്ക്കുള്ള വിഷയങ്ങളായി മാത്രം മാറ്റിവച്ചുകൊണ്ട് മിക്ക പ്രസംഗകരും ഇന്ന് 'വിടുതൽ ' എന്ന ഒറ്റക്കുറ്റിയിൽ കറങ്ങുകയാണ്.വലിയ ഔദ്യോഗിക സ്ഥാനങ്ങൾക്കുമപ്പുറം ജ്ഞാനവും പരിശുദ്ധത്മാവും നിറഞ്ഞ സ്തേഫാനോസിന്റെ പ്രസംഗം യഹൂദ മതാധികാരികളിലേക്ക് ചാട്ടുളി പോലെ തുളച്ചു കയറി. ഇന്നത്തെ ഉപഭോഗസംസ്കാരത്തിന്റെ നടുത്തളത്തിലിറങ്ങി സമ്പത്തിനെ കുറിച്ച് മാത്രം പ്രസംഗിക്കുന്നവർ ആത്മീയ പ്രഭാഷണങ്ങളുടെ അന്തസത്ത കളഞ്ഞു അതിർവരമ്പുകൾ ലങ്കിക്കുന്നവരാണെന്ന് പറയാതെ തരമില്ല. ആത്മരക്ഷ, പരിശുദ്ധത്മാവ്, സഭ, മരണാനന്തരജീവിതം, കർത്താവിന്റെ മടങ്ങിവരവ്, ന്യായാവിധി തുടങ്ങിയ വിഷയങ്ങൾ ക്രിസ്തീയ പ്രഭാഷണങ്ങൾക്ക് പൊൻതിളക്കമാണ് നൽകുന്നത്.

'സുവിശേഷം പ്രസംഗിക്ക ', 'വചനം പ്രസംഗിക്ക' എന്ന ആക്ഞ്ജകളിലൂടെ ക്രിസ്തീയ പ്രഭാഷണങ്ങൾക്ക് ബൈബിൾ വ്യക്തമായ ദിശാബോധം നൽകുന്നു. പ്രസംഗശാസ്ത്രവും, വ്യാഖ്യാനശാസ്‌ത്രവും, പ്രസംഗത്തിന്റെ മാറ്റു കൂട്ടും എന്നതിൽ സംശയമില്ല. പക്ഷേ ഒരുവനിൽ പാപബോധവും, നീതിബോധവും ഉണർത്തി ആ വ്യക്തിയെ രക്ഷയ്ക്കായി ഒരുക്കുക എന്നത് പരിശുദ്ധത്മാവിന്റെ മാത്രം ധർമ്മമാണ്. ദുർവ്യാഖ്യാനങ്ങൾ എന്നും ക്രിസ്തീയ സഭയ്ക്കും പ്രസംഗങ്ങൾക്കും അപഹാസ്യവും വെല്ലുവിളിയുമാണ്‌.

ദൈവവചന പ്രസംഗത്തിന്റെ വിലപ്പെട്ട സമയങ്ങൾ പ്രവചനങ്ങൾക്കായി മാത്രം മാറ്റിവയ്ക്കുന്നവരും വിരളമല്ല. ബൈബിളിൽ നിരവധി പ്രവചനങ്ങൾ ഉള്ളപ്പോൾ തന്നെ മറ്റ് പല ഘനതരമായ വിഷയങ്ങളെയും അത് കൈകാര്യംചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.ബൈബിൾ പ്രവചനങ്ങളുടെ പ്രസംഗങ്ങൾ പ്രസക്തമാണുതാനും. യഹസ്ക്കേൽ പ്രവാചകൻ പറയുന്നു, ഉണങ്ങിയ അസ്ഥികളേ.... നിങ്ങൾ യഹോവയുടെ വചനം കേൾപ്പിൻ.'ഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാട് പ്രസ്താവിക്കുന്നു' എന്ന പത്രോസ് അപ്പോസ്‌തോലന്റെ വാക്കുകളും ഇവിടെ ചിന്തനീയമാണ്. പത്ഥ്യോപദേശം പൊറുക്കാതെ, കർണാരസമാകുമാറ്, സ്വന്തമോഹങ്ങൾക്കൊത്തു ഉപദേഷ്ടാക്കന്മാരെ പെരുക്കുന്ന സത്യത്തിനു ചെവികൊടുക്കാത്ത, കെട്ടുകഥ കേൾപ്പാൻതിരിയുന്ന ഒരു കാലത്തെ കുറിച്ച് പരിശുദ്ധത്മാവ് പ്രാരഭത്തിലെ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിക്കുക (Rightly dividing the word of Truth)എന്നത് ഓരോ സുവിശേഷകന്റെയും, ബൈബിൾ പ്രഭാഷകന്റെയും ദൗത്യമാണ്. ഇരുണ്ട ലോകത്തിന്റെ ആകാശത്തെ പ്രശോഭിപ്പിക്കുവാൻ ദൈവവചനത്തിന് മാത്രമേ കഴിയൂ. വചനം ഭരമേൽപ്പിക്കപ്പെട്ടവൻ അത് വിശ്വസ്ഥതയോടെ പ്രസ്താവിക്കട്ടെ.

Advertisement