ദശാബ്ദങ്ങൾ കഴിഞ്ഞുള്ള ട്രഷററുടെ മാപ്പുചോദ്യം
ദശാബ്ദങ്ങൾ കഴിഞ്ഞുള്ള ട്രഷററുടെ മാപ്പുചോദ്യം

യൂണിവേഴ്സിറ്റിയിലെ പഠനത്തിന്റെ ഭാഗമായി നോർവിച്ച് എന്ന സ്ഥലത്ത് ചാപ്ലൈൻ ട്രെയിനിംഗിലായിരുന്ന എന്നെ യൂണിവേഴ്സിറ്റിക്കടുത്ത് ഞാൻ സംബന്ധിച്ചിരുന്ന സഭ അവിചാരിതമായി അപേക്ഷ കൂടാതെ അവരുടെ പാസ്റ്ററായി നിയമിച്ചു. ആ സഭയിൽ വെച്ചുതന്നെ സഭാസൂപ്രണ്ട് ഞങ്ങളുടെ വിവാഹവും നടത്തി. നാട്ടിൽ പിതാവിന്റെ (പാസ്റ്റർ കെ.റ്റി. മാത്യു) ശുശ്രൂഷ കണ്ടതല്ലാതെ സഭാഭരണത്തിൽ പരിചയമില്ലാത്ത ഞാനും വെള്ളക്കാരുടെ സഭയിലെ പാസ്റ്ററുടെ ഭാര്യയായി എങ്ങനെ പ്രവർത്തിക്കണമെന്ന് ഒട്ടും അറിവില്ലാതിരുന്ന ഭാര്യയും അവിടെ ആത്മാർത്ഥമായി ശുശ്രൂഷ തുടങ്ങി. ദൈവത്തിന്റെ കരുണ മാത്രം; ആ സഭ അതിവേഗം വളരുവാൻ തുടങ്ങി. രണ്ടു വർഷം കൊണ്ട് അന്നത്തെ സഭാഹാൾ നിറഞ്ഞു. കാർ പാർക്ക് ചെയ്യുവാൻ സ്ഥലമില്ലാതെയായി. പുതിയ ഒരു കെട്ടിടം പണിയേണ്ടി വന്നു. 20,000 ചതുരശ്ര അടിയുള്ള പുതിയ കെട്ടിടത്തിന്റെ മൂലക്കല്ലിൽ പാസ്റ്ററുടെ പേരും കെട്ടിടത്തിന്റെ വർഷവും സഭ കൊത്തിവെച്ചിട്ടുണ്ട്. അന്ന് എന്റെ പ്രായം 27 വയസ്സ്.
ആ ഹാൾ നിറഞ്ഞുതുടങ്ങിയപ്പോഴാണ് ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. അങ്ങനെ അഞ്ചു വർഷത്തെ ഇടയശുശ്രൂഷ വിട്ട് ഞങ്ങൾ ഒക്ലഹോമയിലേക്ക് യാത്രയായി. മേലധികാരിയായിരുന്ന സൂപ്രണ്ടും പ്രാദേശിക സഭയിലെ പ്രമുഖരും വെള്ളക്കാരായ അസോസിയേറ്റ് പാസ്റ്റർമാരും ഞങ്ങളെ ധാരാളമായി സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. എന്നാൽ, പണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ട്രഷറർ കാരണം കൂടാതെ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. മുപ്പതിനായിരം ഡോളർ മിഷൻ ഫണ്ടിൽ കിടക്കുമ്പോൾ മുപ്പതു ഡോളർ പോലും മാതാപിതാക്കൾക്കോ നാട്ടിലെ ദൈവസഭയ്ക്കോ അയക്കാൻ അവർ സമ്മതിച്ചിരുന്നില്ല. എന്തെങ്കിലും ഞങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ സഭ നൽകിയ ശമ്പളത്തിൽ നിന്ന് ഞങ്ങൾ വ്യക്തിപരമായി അയച്ചിട്ടുള്ളതാണ്. ഇന്ത്യാക്കാരനായ ഒരു പാസ്റ്ററെ പ്രസംഗിക്കാൻ ക്ഷണിച്ചാൽ ആശീർവാദം പറയുന്നതിനു മുമ്പ് ട്രഷറർ സ്തോത്രകാഴ്ചയും എടുത്തുകൊണ്ട് വീട്ടിൽ പോകും.
മുമ്പ് ട്രഷറർ സ്തോത്രകാഴ്ചയും ചെക്കുബുക്കും എടുത്തുകൊണ്ട് വീട്ടിൽ പോകും. പലവട്ടം ഞാൻ സ്വന്തം പണം അതിലേക്ക് നൽകിയിട്ടുണ്ട്. ട്രഷററുടെ ഇത്തരം പ്രവൃത്തികൾ എന്നെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്. അവരെ ഒന്നു 'കൈകാര്യം' ചെയ്യണമെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഞാൻ ഒന്നും ചെയ്തില്ല. ബോർഡ് അംഗങ്ങളോടുപോലും പറഞ്ഞില്ല. സമാധാനത്തോടെ സ്ഥലം വിട്ടു.
ഓർമ്മയിലെത്തിയ ഒരു കത്ത്
സഭാശുശ്രൂഷ വിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞപ്പോൾ ഒആർയുവിൽ എനിക്കൊരു കത്തു കിട്ടി. കൈപ്പട മനസ്സിലായില്ല. കവറിനകത്ത് കാർഡായിരുന്നു. അതിൽ ഈ വാചകം കുറിച്ചിരുന്നു:
"കഴിഞ്ഞ ചില മാസങ്ങളായി എന്റെ ഹൃദയത്തിൽ ഈ കുറിപ്പെഴുതുവാൻ പ്രേരണയുണ്ടായിക്കൊണ്ടിരുന്നു. ചെറുപ്പക്കാരനായിരുന്ന പാസ്റ്ററായിരുന്ന നിങ്ങളെ വേദനിപ്പിച്ചതിൽ ഇപ്പോൾ എനിക്കുള്ള ദുഃഖം അറിയിക്കണമെന്നായിരുന്നു പ്രേരണ. ദയവായി എന്നോട് ക്ഷമിക്കണമേ! എബ്രായർ 13:17 [ഹിബ്രൂസ് 13:17]. ദൈവ നിങ്ങളെ കുടുംബമായി അനുഗ്രഹിക്കട്ടെ!".
എന്നെക്കാൾ നല്ല പ്രായമുള്ള ട്രഷറർ മരണത്തിന് മുൻപായി തന്റെ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ദൈവാത്മാവിനെ അനുസരിച്ചിരിക്കുന്നു. സകലതും വർഷങ്ങൾക്ക് മുൻപ് രക്തത്തിനടിയിലായെന്നും ഞാൻ പൂർണ്ണമായും ക്ഷമിച്ചിരിക്കുന്നു എന്നും ഞാൻ മറുപടി നൽകി. അവരുടെ കുടുംബത്തിന് അനുഗ്രഹവാക്കുകളും അയച്ചു.
ദൈവദാസന്മാരോടും വിശ്വാസികളോടും
ദൈവദാസന്മാരോട്: കാരണം കൂടാതെ നിങ്ങളെ ഏതെങ്കിലും സഭാംഗം വേദനിപ്പിച്ചാൽ ഈ വിധത്തിൽ അതിനെ 'കൈകാര്യം' ചെയ്യാതിരിക്കുന്നതാണ് നല്ലത്. കൈയ്പ്പാകാതിരിക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങളുടെ അടുത്ത ശുശ്രൂഷയെ ബാധിക്കും. ദൈവം തക്കസമയത്ത് കാര്യങ്ങളെ ക്രമീകരിക്കുകയും നിങ്ങൾക്കുവേണ്ടി ദൈവീകമായ വഴികളെ തുറക്കുകയും ചെയ്യും.
വിശ്വാസികളോട്: കാരണം കൂടാതെ ദൈവദാസന്മാരെ വേദനിപ്പിക്കാതിരിക്കുക. സമാധാനമായി ജീവിക്കാനും പ്രത്യാശയോടെ മരിക്കുവാനും അത് നിങ്ങളെ സഹായിക്കും.
Advertisement


























