ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപ്തി
വാർത്ത: പ്രകാശ് മാത്യു ഡൽഹി
ന്യൂഡൽഹി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ സെൻട്രൽ വെസ്റ്റ് റീജിയനു കീഴിലുള്ള ഡൽഹി സ്റ്റേറ്റ് യുവജന വിഭാഗമായ വൈപിഇയുടെ പ്രഥമ ത്രിദിന യുവജന ക്യാമ്പായ “ഉണർവ്വ്–2026” ഡൽഹിയിലെ ഛത്തർപൂരിലുള്ള ഓൾ ഇന്ത്യ പ്രയർ ഫെലോഷിപ്പ് ക്യാമ്പസിൽ അനുഗ്രഹീതമായി സമാപിച്ചു.
സൗത്ത് ഡൽഹി ഡിസ്ട്രിക്ട് വൈപിഇ. പ്രസിഡന്റ് പാസ്റ്റർ സനു ടി. മാത്യുവിന്റെ അധ്യക്ഷതയിൽ സൗത്ത് ഡൽഹി പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഷിബു ബേബിയുടെ പ്രാർഥനയോടെ ക്യാമ്പിന് തുടക്കമായി. സെൻട്രൽ വെസ്റ്റ് റീജിയൻ യൂത്ത് ഡയറക്ടർ പാസ്റ്റർ ഷിഞ്ചു തോമസ് (മുംബൈ) ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ കാലഘട്ടത്തിൽ ദൈവവചനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും യുവജനങ്ങൾ സത്യവചനത്തിലൂടെ ദൈവമഹത്വവും ദൈവസാന്നിധ്യവും യഥാർഥമായി തിരിച്ചറിയണമെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
തുടർന്നുള്ള സെഷനുകളിൽ പാസ്റ്റർ ജോൺ തോമസ് പുളിവേലിൽ (വെസ്റ്റ് ബംഗാൾ), പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ ജോൺസൺ രാമചന്ദ്രൻ (ഡൽഹി) എന്നിവർ Stand Firm, Mighty through Meekness (1 കൊരിന്ത്യർ 16:13) എന്ന പ്രമേയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിച്ചു.
ഇരുന്നൂറിലധികം യുവജനങ്ങൾ ക്യാമ്പസിൽ താമസിച്ച് പങ്കെടുത്തു. ആത്മീയ ഉണർവിനും സമർപ്പണത്തിനും പ്രാധാന്യം നൽകിയ ക്യാമ്പ് യുവജനങ്ങളിൽ വലിയ ആത്മീയ ആവേശം പകർന്നു. പ്രത്യേകമായി ക്രമീകരിച്ച മിഷൻ ചലഞ്ചിലും കാത്തിരിപ്പ് യോഗങ്ങളിലും മുപ്പതിലധികം യുവജനങ്ങൾ ജലസ്നാനത്തിനായി തങ്ങളെത്തന്നെ സമർപ്പിച്ചു. നിരവധി പേർ ആത്മാഭിഷേകം പ്രാപിക്കുകയും കർത്താവിന്റെ വേലയ്ക്കായി ജീവിതം സമർപ്പിക്കുകയും ചെയ്തു. ഹിന്ദി ക്രൈസ്തവ ഗായകൻ പാസ്റ്റർ ജോസഫ് രാജ് അലം (മുംബൈ) ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
നോർത്ത് ഡൽഹി ഡിസ്ട്രിക്ട് വൈ.പി.ഇ. പ്രസിഡന്റ് പാസ്റ്റർ സുജിമോൻ രാജുവിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ഡൽഹി സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ മാത്യു ടി. സാമുവൽ സമാപന സന്ദേശം നൽകി.
പാസ്റ്റർ പി. എ. മാത്യു (ഡിസ്ട്രിക്ട് പാസ്റ്റർ, നോർത്ത് ഡൽഹി), പാസ്റ്റർ റോബി പി. ജോഷ്വാ (ഡിസ്ട്രിക്ട് പാസ്റ്റർ, സൗത്ത് ഡൽഹി), ബ്രദർ സജിമോൻ പി. ടി. (ജോയിന്റ് സെക്രട്ടറി, നോർത്ത് ഡൽഹി), ബ്രദർ സുനിൽ റോബർട്ട് തോമസ് (സെക്രട്ടറി, സൗത്ത് ഡൽഹി), ബ്രദർ അനീഷ് വലിയപറമ്പിൽ, എന്നിവർ ആശംസകൾ അറിയിച്ചു.
ബ്രദർ ഷൈജു മാത്യു (വൈ.പി.ഇ. സെക്രട്ടറി, സൗത്ത് ഡൽഹി) സ്വാഗതവും ബ്രദർ വിന്നി പി. മാത്യു (വൈ.പി.ഇ. സെക്രട്ടറി, നോർത്ത് ഡൽഹി) കൃതജ്ഞതയും അറിയിച്ചു. വിവിധ സെഷനുകളിൽ സഭയിലെ ദൈവദാസന്മാർ അധ്യക്ഷത വഹിച്ചു.
ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം കോർഡിനേറ്റർ പാസ്റ്റർ ടി. ജെ. ബോവസിന്റെ സമാപന പ്രാർഥനയോടെ ക്യാമ്പ് പര്യവസാനിച്ചു.











