ഭീതി നമ്മെ കീഴടക്കരുത്
റവ. ജോർജ് മാത്യു പുതുപ്പള്ളി
മനുഷ്യജീവിതത്തെ അലട്ടുന്ന ഏറ്റവും വലിയ അർബുദമാണ് ഭയം. ഭയമില്ലാത്തവർ ചുരുക്കമാണ്. കുട്ടികളും മുതിർന്നവരും പല കാര്യങ്ങൾ ഓർത്തു ഭയപ്പെടുന്നവരാണ്. അങ്ങനെ ഭയപ്പെടുന്നതുകൊണ്ട് നമുക്ക് ഒന്നും നേടുവാൻ സാധിക്കുന്നില്ല. എന്നുതന്നെയല്ല ജീവിതത്തിൽ പലതും നഷ്ടപ്പെടുവാനും അതിടയാക്കും. നമ്മുടെ ഉള്ളിലെ ഭയമാണ് പല കാര്യങ്ങളും നേടിയെടുക്കുവാൻ സാധിക്കാതെ പരാജയപ്പെടുവാൻ കാരണമാകുന്നത്. വിശുദ്ധ ബൈബിൾ പഠിക്കുന്ന ഒരാൾക്ക് 'ഭയപ്പെടേണ്ട' എന്ന് ഓരോ ദിവസവും നമ്മോടു പറയുന്നവിധം 365 പ്രാവശ്യം വിശുദ്ധ വേദപുസ്തകത്തിൽ 'ഭയപ്പെടേണ്ട' എന്ന വാക്ക് രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ കഴിയും. അതായത്, വർഷത്തിൽ 365 ദിവസവും യേശുകർത്താവ് നമ്മോടു അരുളിച്ചെയ്യുന്നു 'ഭയപ്പെടേണ്ട' എന്ന്. എന്നാലും നമ്മുടെ വിശ്വാസക്കുറവും പ്രത്യാശയില്ലായ്മയും മൂലം നാം ഭയത്തിന് അടിമകളായി തുടരുന്നു
ഒരു വിജന സ്ഥലത്തുകൂടി സൈക്കിളിൽ യാത്രചെയ്തുപോയ ഒരു മനുഷ്യനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. അയാൾ സൈക്കിൾ ചവിട്ടി മുന്നോട്ടു പോകുമ്പോൾ അരികിലുള്ള ഒരു കുറ്റിക്കാട്ടിൽ ഒരു ചെറിയ ശബ്ദം കേട്ടത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. കുറ്റിച്ചെടിയിൽ ഒരു ചെറിയ പക്ഷിയിരിക്കുന്നത് അയാൾ കണ്ടു. അതിനടുത്തായി ഒരു പാമ്പ് ഫണം വിടർത്തിക്കൊണ്ട് അതിനെ കൊത്താനായി ഒരുങ്ങി നിൽക്കുകയാണ്. പാമ്പ് പുറപ്പെടുവിക്കുന്ന ശീൽക്കാരശബ്ദമായിരുന്നു അയാൾ കേട്ടത്. ആ പക്ഷിയാകട്ടെ, ഭയംകൊണ്ട് വിറങ്ങലിച്ച് എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ്. അയാൾ ശൂ...ശൂ...എന്ന ശബ്ദം ഉണ്ടാക്കിയതോടെ പാമ്പ് പേടിച്ച് ഏതോ ഭാഗത്തേക്ക് ഇഴഞ്ഞുപോയി. ശബ്ദം കേട്ട പക്ഷിയും ഉടൻ തന്നെ പറന്ന് രക്ഷപ്പെട്ടു.
എന്നാൽ ആ സംഭവം വഴിയാത്രക്കാരനെ ഏറെ ചിന്തിപ്പിക്കുവാൻ ഇടയാക്കി. എന്തുകൊണ്ട് ആ പക്ഷി നേരത്തെ തന്നെ പറന്നു പോയില്ല ? സ്വതന്ത്രമായി പറക്കുവാൻ തക്കവണ്ണം അതിനു രണ്ടു ചിറകുകൾ ഉണ്ടായിരുന്നുവല്ലോ ? മുകളിലേക്കു പറന്നിരുന്നു എങ്കിൽ ആ പാമ്പിന് ആ പക്ഷിയെ ഭയപ്പെടുത്തുവാൻ കഴിയുമായിരുന്നില്ലല്ലോ. ചിന്തിച്ചപ്പോൾ ഒടുവിൽ അയാൾക്ക് കാര്യം മനസിലായി. പറക്കുവാൻ ചിറകുകൾ ഉണ്ടായിരുന്നുവെങ്കിലും ആ പക്ഷിയുടെ ഉള്ളിലെ ഭയം അതിന്റെ ധൈര്യത്തെ നിർജ്ജീവമാക്കിക്കളഞ്ഞുവെന്ന്.
പ്രിയ സഹോദരങ്ങളേ, ലോകത്തെയും പിശാചിനെയും മരണത്തെയും ജയിച്ച മഹാദൈവമായ യേശുകർത്താവാണ് നമുക്കൊപ്പമുള്ളത്. യേശുകർത്താവിന്റെ കരങ്ങളിൽ നാം സുരക്ഷിതരാണ്. അവിടുത്തെ കരങ്ങളിൽനിന്നു നമ്മെ തട്ടിയെടുക്കുവാൻ പിശാചിനു അധികാരമില്ല. നാം യേശുവിൽനിന്നും അകന്നു ജീവിക്കുന്നുവെങ്കിൽ മാത്രമേ പിശാചിനു നമ്മെ ഉപദ്രവിക്കുവാൻ കഴിയുകയുള്ളൂ. 'ഭയപ്പെടേണ്ട, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു' എന്നാണ് കർത്താവ് പ്രഖ്യാപിച്ചിരിക്കുന്നത്. നമുക്ക് അവിടുത്തെ ഉള്ളംകരത്തിൽ അഭയം പ്രാപിക്കാം. ഏതു പ്രതികൂല സാഹചര്യങ്ങളിലും അവിടുന്ന് നമ്മെ ജയോത്സവമായി വഴി നടത്തും.
ചിന്തക്ക് : 'എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നത് : ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‌വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ. ആരെ ഭയപ്പെടേണം എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തിൽ തള്ളിക്കളവാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. അതേ, അവനെ ഭയപ്പെടുവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.' (ലൂക്കൊസ് 12 : 4 & 5).
Advertisement