എട്ടുമാസമായി ചലനമറ്റ് ആശുപത്രി മുറിയിൽ; നിപ തകർത്ത ജീവിതവുമായി ടിറ്റോ തോമസ്

എട്ടുമാസമായി ചലനമറ്റ് ആശുപത്രി മുറിയിൽ; നിപ തകർത്ത ജീവിതവുമായി ടിറ്റോ തോമസ്
ടിറ്റോ തോമസ്

വി.വി. ഏബ്രഹാം കോഴിക്കോട്

കോഴിക്കോട്: നഴ്സിംഗ് പഠനത്തിനുശേഷം ഭാവി സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്ന ദിനങ്ങളിലാണ് 24 കാരനായ കർണാടക സ്വദേശി ടിറ്റോ തോമസിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ലഭിക്കുന്നത്.  ഏറെ ഉത്സാഹത്തോടെ തന്റെ ജോലിയിൽ വ്യാപൃതനായിരുന്ന ടിറ്റോ, അത്യാഹിത വിഭാഗത്തിൽ നഴ്സ് ആയിരിക്കെ  രോഗി പരിചരണത്തിനിടെ നിപ പിടിപ്പെടുകയും പാർശ്വഫലമായ നിപ  എൻസഫലൈറ്റിസ് തന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുകയും ആയിരുന്നു.

രോഗം പിടിപെടുന്നതിന് എട്ടുമാസം മുമ്പാണ് ടിറ്റോ ആശുപത്രിയിൽ നഴ്സ്  ആയി എത്തിയത്. 2023 ആഗസ്റ്റിൽ നിപ ബാധിച്ച് ഇവിടെ മരിച്ച ആളിൽ നിന്ന് രോഗം പകർന്നു എന്നാണ് മനസ്സിലാക്കുന്നത്.  മരണശേഷം നടത്തിയ പരിശോധനയിൽ ആ രോഗിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. നിപ പിടികൂടിയ ടിറ്റോ ചില മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തനായി വീണ്ടും ജോലിയിൽ പ്രവേശിച്ചുവെങ്കിലും ഡിസംബറിൽ ശക്തമായ തലവേദനയും അപസ്മാരവും അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിപ എൻസഫലൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയത്. ചികിത്സ തുടരുന്നതിനിടയിൽ ടിറ്റോ കോമാവസ്ഥയിലാവുകയും  ചെയ്തു. എട്ടുമാസത്തോളമായി ആശുപത്രി മുറിയിൽ ചലനമറ്റ് കിടക്കുന്ന ഇദ്ദേഹത്തിന് ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. തൊണ്ടയിൽ ഘടിപ്പിച്ച ട്യൂബ് വഴിയാണ് ശ്വാസോച്ഛ്വാസവും നടക്കുന്നത്.

കോട്ടയത്ത്‌ നിന്ന് മംഗളൂരു മർദാളയിലേക്ക് കുടിയേറിയ ടാപ്പിംഗ് തൊഴിലാളിയായ അബ്രയേൽ വീട്ടിൽ ടി സി തോമസിന്റെയും ലിസി എന്ന ഏലിയാമ്മയുടെയും ഇളയ മകനാണ് ടിറ്റോ. മർദാള ഏ.ജി ചർച്ച് സഭാവിശ്വാസികളായ ഇവർ ആത്മീയ വിഷയങ്ങളിൽ  ഏറെ ഉത്സാഹികളാണ്. സൺഡേ സ്കൂൾ,  യുവജന പ്രവർത്തനങ്ങളിൽ ടിറ്റോ സജീവ സാന്നിധ്യമായിരുന്നു.

ലോണെടുത്ത് ഉന്നത വിദ്യാഭ്യാസം നേടിയ മക്കൾക്ക് ജോലി കിട്ടിയ ആശ്വാസത്തിലിരിക്കുകയാണ് ഈ ദുരവസ്ഥ പെട്ടെന്നുണ്ടായതു. ബംഗളൂരുവിൽ  ജോലിയിലായിരുന്ന മൂത്ത സഹോദരൻ ഷിജോ തോമസ് തന്റെ ജോലി രാജിവച്ച് എട്ടുമാസത്തോളമായി മാതാവിനോടൊപ്പം സഹോദരനെ ശുശ്രൂഷിച്ചു വരുന്നു. മകനെ ശുശ്രൂഷിക്കുവാൻ പിതാവ് തോമസ് മർദാളയിൽ നിന്ന് ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്.

വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാനാണ് കുടുംബാംഗങ്ങളുടെ  ആലോചന. സാമ്പത്തികം വലിയ പ്രതിസന്ധി തന്നെ. സുമനസ്സുകളുടെ പ്രാർത്ഥനയും സഹായസഹകരണവും ടിറ്റോയ്ക്ക് അത്യന്താപേക്ഷിതമാണ്.
വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക : പാസ്റ്റർ കുര്യാക്കോസ് പി.വി (സാജൻ): 9845309850, ഷിജോ തോമസ്: 9663526220

Advertisement