ക്രൈസ്തവർ വിശുദ്ധിയിൽ മുന്നേറണം: പാസ്റ്റർ ഏബ്രഹാം മാത്യൂ
പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര നവതി കൺവെൻഷൻ സമാപിച്ചു
- പുതിയ ശുശ്രൂഷകരായി 6 പേരെ ബ്രദർമാരായും 20 പേരെ സിസ്റ്റർമാരായും തെരഞ്ഞെടുത്തു
- 98 പേർ സ്നാനമേറ്റു
ചാക്കോ കെ. തോമസ് ബാംഗ്ലൂർ
കൊട്ടാരക്കര: "ക്രൈസ്തവർ വിശുദ്ധിയിൽ മുന്നേറണമെന്നു ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രസ്താവിച്ചു . ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര നവതി (90-ാമത് ) കൺവെൻഷൻ്റെ സമാപന ദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ ക്രൈസ്തവൻ്റെയും ജീവിതത്തെ വിശുദ്ധ ദൈവാലയത്തോടാണ് വിശുദ്ധ വേദപുസ്തകം ഉപമിച്ചിരിക്കുന്നതെന്നും, ദൈവവചനത്തിൽ അടിസ്ഥാനമിട്ടു പണിതുയർത്തുന്ന ജീവിതം അവസാനം വരെ തിരുവചനാധിഷ്ഠിതമായി വളരണമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര സെൻ്റർ പാസ്റ്റർ ജോസഫ് കുട്ടിയുടെ പ്രാർഥനയോടെയാണ് ആരംഭിച്ചത്.
അഞ്ച് ദിനങ്ങളായ് നടന്ന കൺവൻഷനിൽ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ് ,പാസ്റ്റർമാരായ മാത്യൂ ജോൺ (യുഎസ്), എസ്.തമ്പി ദുരൈ (ബെംഗളൂരു), യൂനിസ് മഷി (ഡൽഹി)എന്നിവർ രാത്രി യോഗങ്ങളിലും പാസ്റ്റർമാരായ സെൽവമണി (തൂത്തുക്കുടി), ജോർജ്കുട്ടി (തൃശൂർ)എന്നിവർ പകൽ യോഗങ്ങളിലും പ്രസംഗിച്ചു.
ദി പെന്തെക്കൊസ്തു മിഷന്റെ കേരളത്തിലെ ഏറ്റവും വലിയ ആത്മീയസംഗമമായിരുന്നു കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ. കൺവെൻഷന് മുന്നോടിയായ് ഞായർ, ബുധൻ ദിവസം ശുഭ്രവസ്തധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും സൺഡേസ്‌കൂൾ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത സുവിശേഷവിളംബരറാലി എം.സി.റോഡിലൂടെ നടത്തി.
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിച്ചു. കൺവെൻഷനിൽ ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പുയോഗം, സംഗീതശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തിശുശ്രൂഷ , യുവജനസമ്മേളനം എന്നിവ നടത്തി. സമാപനദിന സംയുക്ത ആരാധനയിൽ കൊട്ടാരക്കര സെന്റർ സഭയുടെ കീഴിലുള്ള 40 പ്രാദേശിക സഭകളിലെയും പുനലൂർ സെന്ററിന് കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും ശുശ്രൂഷകരും വിശ്വാസികളുമായി പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. വൈകിട്ട് നടന്ന പ്രത്യേക ദൈവീക രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ സണ്ണി ജെയിംസ് (എറണാകുളം) പ്രസംഗിച്ചു.
തിങ്കളാഴ്ച രാവിലെ നടന്ന ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ സഭയുടെ പുതിയ ശുശ്രൂഷകരായി 6 പേരെ ബ്രദേഴ്സ് ആയും 20 പേരെ സിസ്ററർമാരായും പുതിയതായി തെരഞ്ഞെടുത്തു. കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസഫ്കുട്ടിയും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകി.
Advertisement