കർണാടകയിൽ രാംനഗറിൽ സുവിശേഷ വിരോധികൾ ആരാധനഹാൾ അഗ്നിക്കിരയാക്കി
ചാക്കോ കെ തോമസ് , ബെംഗളൂരു
ബെംഗളൂരു: ബാംഗ്ലൂർ - മൈസൂർ സംസ്ഥാന പാതയിലെ രാംനഗർ ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷമായി സുവിശേഷ പ്രവർത്തനം ചെയ്യുന്ന കന്യാകുമാരി മാർത്താണ്ഡം സ്വദേശിയായ പാസ്റ്റർ മോഹൻ ലാസറസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗ്രേയ്സ് കമ്മ്യൂണിറ്റി പ്രയർഹാൾ ഫെബ്രുരി 18 ഞായർ പുലർച്ചെ സുവിശേഷ വിരോധികൾ അഗ്നിക്കിരയാക്കി.
ഞായറാഴ്ച രാവിലെ സഭായോഗം നടത്തുവാനായി താമസ സ്ഥലമായ ബിഡദിയിൽ നിന്ന് പാസ്റ്റർ മോഹൻ 12 കി.മീ ദൂരത്തുള്ള രാംനഗറിലെത്തി ചർച്ചിൻ്റെ ഷട്ടർ തുറന്നപ്പോളാണ് ആരാധനാഹാളിലെ എല്ലാ വസ്തുക്കളും പൂർണ്ണമായി കത്തിച്ചാമ്പലായി പുകപടലങ്ങൾ നിറഞ്ഞ് കണ്ടത്. ഉടനെ തന്നെ രാംനഗർ ടൗൺ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തു.
പെട്രോൾ കുപ്പിയിലാക്കി ജനൽ വഴി എറിഞ്ഞ് കത്തിക്കുകയായിരുന്നു.
സഭാഹാളിൽ ഉണ്ടായിരുന്ന സൗണ്ട് സിസ്റ്റം, സി.സി.ടി.വി ക്യാമറ, ബൈബിൾ, കസേരകൾ, മേശ, ഫാൻ, ബൾബ് തുടങ്ങി എല്ലാ വസ്തുക്കളും പൂർണമായി കത്തിച്ചാമ്പലായ് തീർന്നിരുന്നു.
എഴുപതോളം കന്നഡ വിശ്വാസികളാണ് ഇവിടെ ആരാധിച്ചിരുന്നത്.
കഴിഞ്ഞ 10 വർഷമായ് രാംനഗറിൽ സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്ന പാസ്റ്റർ മോഹൻ നേരത്തെയും സുവിശേഷ വിരോധികളുടെ പീഠനം നേരിട്ടിട്ടുണ്ടെന്ന് ഗുഡ്ന്യൂസിനോട് പറഞ്ഞു.
എന്നാൽ രാംനഗർ റൂറൽ പോലീസ് സ്റ്റേഷൻ തൊട്ടടുത്ത് ഉള്ളതിനാൽ 'ഈ സ്ഥലത്ത് ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും കുറ്റവാളികളെ രണ്ട് ദിവസത്തിനകം പിടികൂടുമെന്നും പോലീസ് ഉറപ്പ് നൽകിയതായും പാസ്റ്റർ പറഞ്ഞു.
ഇനിയും പഴയ സ്ഥിതിയിൽ ഇവിടെ ആരാധന നടത്തുവാൻ വേണ്ടതായ എല്ലാ മുഖാന്തിരങ്ങളും ദൈവം ഒരുക്കേണ്ടതിനായി ഏവരുടെയും പ്രാർഥന പാസ്റ്റർ ആവശ്യപ്പെട്ടിട്ടുണ്ട്.