സഞ്ചാരം ഇരുണ്ട കാലത്തേക്കോ?
"ആദ്യം കൈകൾ ചേർത്തുകെട്ടും. പിന്നീട് സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നോണം കെട്ടഴിച്ചുമാറ്റും, ശേഷം ബൈബിളിന്റെ പേജുകൾ കീറും’’ അങ്ങനെ അൺബാപ്റ്റിസം പൂർത്തിയാകും", 2023 ൽ അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന സാത്താൻ കോൺഫറൻസിൽ പങ്കെടുത്ത ബിബിസി റിപ്പോർട്ടർ റെബേക്ക സീൽസിന്റെ വാക്കുളാണിവ. സാത്താൻ സേവയിലേക്ക് ആകൃഷ്ടരാകുന്നവർ ആദ്യം ചെയ്യേണ്ടത് അൺബാപ്റ്റിസമാണ്.
2017ലെ നന്തൻകോട്ടെ കൊലപാതകങ്ങൾ, 2022ൽ പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി, കട്ടപ്പനയിലെ ഇരട്ടക്കൊല, ദിവസങ്ങൾക്കു മുമ്പ് അരുണാചൽപ്രദേശിലെ ജിറോ താഴ്വരയിലെ ബ്ലൂപൈൻ ഹോട്ടലിൽ രക്തം വാർന്നു മരിച്ച മൂന്ന് മലയാളികൾ.. തുടങ്ങി സമീപകാലത്തായി മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച സംഭവങ്ങൾക്ക് പിന്നിൽ സാത്താൻ സേവയും ഉദ്ദിഷ്ടകാര്യസിദ്ധിക്കായുള്ള നരബലിയുമൊക്കെയാണെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. ആഭിചാരങ്ങളുടെയും ദുർമന്ത്രവാദത്തിന്റെയും കുരുക്കിൽപെട്ട്, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും കളയാൻ മടിയില്ലാതെ, അപകടകരമായ അന്ധവിശ്വാസത്തിന്റെ ഇരുണ്ട കാലത്തേക്കു പോകുകയാണോ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചിലരെങ്കിലും?
സാത്താൻ സേവ.. കേരളത്തിൽ വീണ്ടും സജീവ ചർച്ചയായ വിഷയം. വിദ്യാസമ്പന്നരെയും സാമ്പത്തിക ഉന്നതിയിലുള്ളവരെയും സാത്താൻ സേവാ ഏറെ സ്വാധീനിക്കുന്നത്, ആരാധകരുടെ എണ്ണം വർധിപ്പിക്കുന്നതിനോടൊപ്പം പ്രവർത്തന വേരുകൾ ആഴത്തിലാകാനും കാരണമാകുന്നു. നിയമവും മതവും വിലക്കുന്നത് ആവോളം അനുഭവിക്കണം എന്നതാണ് സാത്താൻ സേവക്കാരുടെ ആഗ്രഹം. അതിനുവേണ്ടി അവർ എന്തുംചെയ്യും. കാമം, സുഖഭോഗം തുടങ്ങിയവയുടെ ആകെത്തുകയായ പ്രകൃതി ജീവിയാണ് മനുഷ്യൻ. അതിനാൽ അവൻ എല്ലാം ആവാേളം ആസ്വദിക്കണം എന്നാണ് സാത്താൻ ആരാധകരുടെ പക്ഷം. മനുഷ്യനെ നേർവഴിയിലേക്ക് നയിക്കുന്ന ദൈവമാണ് ഇവരുടെ ഏറ്റവും വലിയ ശത്രു. അതിനാൽ അവർ ദൈവത്തെ എതിർക്കുന്നു. ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
അലിസ്റ്റർ ക്രോവ്ലി എന്ന ഗൂഢവിദ്യക്കാരനാണ് ആധുനീക സാത്താനിസത്തിന്റെ പ്രാരംഭകൻ. പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിൽ വലിയ സ്വാധീനം ഉണ്ടാക്കുവാൻ അലി സ്റ്റർക്രോവ്ലിക്ക് കഴിഞ്ഞു. ഇതിനു തുടർച്ചയായി ആൻടൻ സാൻഡോർ ലാവെ 1966 ഏപ്രിൽ 30ന് കാലിഫോർണിയയിലെ സാൻഫ്രാൻസി സ്കോയിൽ ‘സാത്താൻസഭ ‘ (The church of Satan) ഔദ്യോഗികമായിആരംഭിച്ചു. 1969ൽ ആൻടൻ സാൻഡോർ ലാവെ ‘സാത്താന്യ ബൈബിൾ’ (The Satanic Bible) പ്രസിദ്ധീകരിച്ചു. 272 പേജുള്ള ഈ പുസ്തകസ്തത്തിൽ ദൈവവിശ്വാസത്തിനും ധാർമിക ജീവിതത്തിനും എതിരെയുള്ള സിദ്ധാന്തങ്ങളാണുള്ളത്. “സുഖിച്ചു ജീവിക്കുക, ജീവിതം ആസ്വദിക്കാനുള്ളതാണ് ” എന്നതാണ് ലാവെയുടെ ഉപദേശം. ’ബാഫൊമെത് ‘ എന്ന പഞ്ചഭുജ നക്ഷത്രമാണ്സാത്താൻ സഭയുടെ ചിഹ്നം. ദൈവത്തോട് മത്സരിച്ചു വീണുപോയ ലൂസിഫറിന്റെ പിൻഗാമികളാണ് തങ്ങളെന്നാണ് സാത്താൻ വിശ്വാസികൾ കരുതുന്നത്.
ബ്ലാക്ക് മാസ് ആണ് സാത്താൻ സേവകരുടെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്ന്. വിശ്വാസികൾ വിശുദ്ധവസ്തുക്കളായി മാനിക്കുന്നവയെ അശുദ്ധമാക്കുകയാണ് ഇതിൽ പ്രധാനം. രക്തം ഇറ്റിച്ചോ മലമൂത്ര വിസർജനം നടത്തിയോ പള്ളികളിൽനിന്നുള്ള തിരുവോസ്തി (വിശ്വാസികൾക്ക് നൽകുന്ന അപ്പം) അശുദ്ധമാക്കിയാണ് ബ്ലാക്ക് മാസ് തുടങ്ങുന്നത്. ബൈബിൾ നശിപ്പിക്കുക, മനുഷ്യന്റെ തലയോട്ടിയിൽ വീഞ്ഞ് കുടിക്കുക, അമിത–പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങിയവയും ഇവരുടെ ആചാരങ്ങളിൽപ്പെടുന്നു
കേരളത്തിൽ കൊച്ചിയാണ് സാത്താൻ സേവകരുടെ പ്രധാന താവളമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊച്ചിയിലും പരിസരങ്ങളിലും ഇത്തരം പത്തിലധികം കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസിനു ലഭിച്ച രഹസ്യവിവരം. ടൂറിസത്തിൽ മറവിൽ വിദേശികളുടെ നേതൃത്വത്തിലും വിവിധയിടങ്ങളിൽ സാത്താനെ ആരാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കലയുടെയും ഐടി വിപ്ലവത്തിന്റെയും ഫാഷന്റെയും വിനോദത്തിന്റെയുമൊക്കെ തോലുകള്‍ ധരിച്ചാണു തിന്മയുടെ ചെന്നായ്ക്കള്‍ വിഹാരം നടത്തുന്നത്. അതീവ ജാഗ്രതയും സൂക്ഷ്മതയുമില്ലെങ്കില്‍ ഇത്തരം നീക്കങ്ങളെ തിരിച്ചറിയാനോ ഒഴിവാക്കാനോ പ്രതിരോധിക്കാനോ കഴിയാതെ വരും. മനുഷ്യനു സമ്പത്തിനോടുള്ള ആര്‍ത്തിയും പരിഷ്കാരത്തോടുള്ള അമിതമായ ഭ്രമവും ഇത്തരം സംഘങ്ങള്‍ ഫലപ്രദമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്നു സമ്പന്നനാകാനും എതിരാളികളെ തകര്‍ക്കാനുമൊക്കെ ഇത്തരം സംഘങ്ങളിലേക്കു ചേക്കേറുന്നവരാണു പലരും.
2008 ൽ അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിരുന്നു. 2014 ലും പിന്നീട് 2021 ലും ഇതിനായുള്ള ബിൽ അവതരിപ്പിച്ചെങ്കിലും നിയമമായില്ല. ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലായിരുന്ന ബിൽ 2022 ൽ ഇലന്തൂരിൽ നടന്ന നരബലിയെത്തുടർന്ന് വീണ്ടും പൊടിതട്ടിയെടുത്തു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ 7 വർഷം വരെ തടവും 5000 രൂപ മുതൽ 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിൽ പക്ഷേ നിയമമായില്ല. ചില മതാചാരങ്ങൾ ബില്ലിന്റെ പരിധിയിൽ വരുമെന്നതു സംബന്ധിച്ച ആശയക്കുഴപ്പമായിരുന്നു കാരണം. ബിൽ ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലാണ്.
വിശ്വാസം മുതലെടുത്താണ് പല മതവിഭാഗങ്ങളിലും ആഭിചാരക്രിയകളുടെ തട്ടിപ്പ്. ഏതു മതത്തിലും വിശ്വാസം വ്യക്തിനിഷ്ഠമായ അവകാശമാണെന്ന് സമ്മതിക്കാമെങ്കിലും, അതു മുതലെടുത്തുള്ള ദുഷ്ക്രിയകളും തട്ടിപ്പുകളും കർശന ശിക്ഷയുടെ പരിധിയിൽ വരണം. വിവിധ മതങ്ങൾ അനുവർത്തിച്ചുവന്ന വ്യത്യസ്തമായ ആചാരങ്ങൾക്കും കർമ്മാനുഷ്ടാനങ്ങൾക്കും പ്രാർത്ഥനാ രീതികൾക്കും അപ്പുറത്ത്, സ്വാർത്ഥതാല്പര്യത്തോടെ, കപട ചിന്തയോടെ, ദുരുദ്ദേശ്യത്തോടെ, ദുഷ്ടലാക്കോടെ ചെയ്യുന്ന ദുർമന്ത്രവാദവും ക്ഷുദ്രപ്രയോഗവും ശത്രുസംഹാരപൂജയും ആണ് സമൂഹത്തിനു ഇത്തരം അപകടങ്ങൾ വരുത്തുന്നത്. ഇവയെല്ലാം എതിർക്കപ്പെടേണ്ടതും നിരോധിക്കപ്പെടേണ്ടതുമാണ്.
സുവിശേഷവിഹിത സഭകൾ ക്രിസ്തുവിലൂടെയുള്ള മരണാനന്തര നിത്യതയെക്കുറിച്ച് സഭയ്ക്കകത്തും പുറത്തും വ്യക്തിപരമായി പഠിപ്പിക്കേണ്ടതാണെന്നും ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നു.
Advertisement