കുടുംബഭദ്രതയ്ക്ക് സഭ ശക്തമായ ഊന്നൽ നൽകണം
കുടുംബബന്ധങ്ങൾ ഉറപ്പാക്കുന്നതിനു സഭ ശക്തമായ ഊന്നൽ നൽകണം
കേരളത്തിലെ കൂട്ടുകുടുംബവ്യവസ്ഥിതി മതസാമൂഹികാവബോധം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കുടുംബഭദ്രത കേരളസമൂഹത്തിൻറെ സവിശേഷതയായിരുന്നു. പതിയെ പതിയെ അണുകുടുംബസംവിധാനത്തിലേക്കു മാറിയതോടെ നിരവധി പ്രശ്‌നങ്ങൾ തലപൊക്കി. ഇന്നത്തെ കുടും ബത്തിൻറെ നിലനില്‌പിനു ദമ്പതികൾ രണ്ടുപേരും ജോലിചെയ്യേണ്ടതു അത്യാവശ്യമായിരിക്കുകയാണ്. തന്മൂലം ഭാര്യാഭർത്താക്കന്മാർ പരസ്‌പരവിശ്വാസത്തോടും കൂടുതൽ സമർപ്പണ ത്തോടും കുടുംബം പണിയേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. കുടുംബജീവിതസംബന്ധിയായ ശരിയായ ഉൾബോധം ലഭിക്കാതെയാണു പല യുവതീ യുവാക്കളും കുടുംബജീവിതത്തിലേക്കു പ്രവേശിക്കുന്നതു . നമ്മുടെ വിവാഹശുശ്രൂഷാവേദികളിൽ മുഴങ്ങിക്കേൾക്കുന്നതു പോലും പഴയ പുരുഷ കേന്ദ്രീകൃത സമൂഹത്തിൻ്റെ മാറ്റൊലികളാണ്. എന്നാൽ തിരുവചനം വിവാഹജീവിതത്തിലെ തുല്യതയാണ് നിർവചിക്കുന്നത്. ചിലപ്പോൾ വ്യാഖ്യാനങ്ങൾ ഏകപക്ഷീയമാകുന്നുവോ എന്ന് ശ്രദ്ധിക്കണം.
കീഴ്പ്പെടലിനെക്കുറിച്ചുള്ള വേദപുസ്തക സങ്കൽപം പോലും ഇവിടെ പുനർനിർവചിക്കേണ്ടിയിരിക്കുന്നു. ഭാര്യാ ഭർത്താക്കന്മാരുടെ തുല്യതാബോധം നിലനിർത്തിക്കൊണ്ട് മെച്ചപ്പെട്ട കുടുംബത്തിനുവേണ്ട കാര്യങ്ങൾ എങ്ങനെ നിർവഹിക്കണം എന്ന പഠനം വിവാഹിതരാകുന്നവർക്കു നൽകാൻ നാം ശ്രമിക്കണം. അത് കേവലം ശുശ്രൂഷാസമയത്തെ പ്രസംഗത്തിൽ മാത്രമായി ഒതുക്കികളയരുത്.
കുടുംബം ദൈവത്താൽ സ്ഥാപിതവും വച നത്താൽ രൂപപ്പെടേണ്ടതുമാണ്. വിവാഹജീവിതത്തിൻ്റ പരി പാവനതയ്ക്കു വിശുദ്ധ ബൈബിൾ എപ്പോഴും ഊന്നൽ നൽകുന്നു. ദൈവം, ഭർത്താവ്, ഭാര്യ എന്നീ മൂന്നു വ്യക്തി ത്വങ്ങൾ സംയോജിക്കപ്പെടുന്ന ഒരു സ്ഥാപനമായാണ് വിവാ ഹത്തെ വേദപുസ്‌തകം കാണുന്നത്. ദൈവവുമായുള്ള വ്യക്തിബന്ധത്തെ വിലപ്പെട്ടതായി കാണുന്ന ഭർത്താവിനും ഭാര്യയ്ക്കും എപ്പോഴും പരസ്‌പരമുള്ള ഇഴയടുപ്പം ഉണ്ടായി രിക്കും. അതു സ്നേഹത്തിലധിഷ്‌ഠിതമായ ഉടമ്പടിബന്ധമാണ്. ജോലി, സാമ്പത്തികം, സൗന്ദര്യം തുടങ്ങിയ ഘടകങ്ങൾക്കാണു ഇന്നു വിശ്വാസികളുടെ വിവാഹങ്ങളിലും മുൻതൂക്കം കാണുന്നത്. ഒരുകാലത്ത് യുവാവിൻ്റെയും യുവതിയുടെയും ആത്മിക സൗന്ദര്യത്തിനായിരുന്നു പരിഗണന. ലോകസങ്കല്പ്‌പത്തിൻ്റെ പിന്നാലെ പെന്തെക്കോസ്ത സമൂഹവും ഓടുമ്പോൾ ക്രൈസ്‌തവ കുടുംബത്തിന്റെ യഥാർഥ മുഖം നഷ്‌ടമാകുകയല്ലേ ചെയ്യുന്നത്?
വിദ്യാഭ്യാസത്തിനും ജോലിക്കും ഊന്നൽ നൽകുന്ന യുവാവും ദൈവഭയമുള്ള ജീവിതത്തിനു ശക്തീകരണം നൽകുന്ന യുവതിയും യാതൊരു പ്രബോധനവും ലഭി ക്കാതെ വിവാഹജീവിതത്തിലൂടെ ഒന്നാകുമ്പോൾ, അവ രുടെ ആദ്യചുവടുവയ്‌പ്പിൽത്തന്നെ കാലിടറാൻ തുടങ്ങും. അതിനു അവരുടെ കുടുംബങ്ങളിലുള്ളവരും ഉത്തരവാദികളാണ്. ഉത്തമ കുടുംബിനിയാകാൻ കൊതിച്ച സ്ത്രീ പലപ്പോഴും ലോകമാതൃക പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന പുരുഷനോടൊത്ത് ഞെരുങ്ങിക്കഴിയുകയായിരിക്കും. മറിച്ചും സംഭവിക്കാറുണ്ട്.
ഈ പശ്ചാത്തലത്തിൽ വിവാഹത്തെക്കുറിച്ചും വേദപുപുസ്തകം വിഭാവനം ചെയ്യുന്ന കുടുംബജീവിതത്തിലെ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ചും, അവ പ്രായോഗിക ജീവിതത്തിൽ അനുവർത്തിക്കാൻ തയ്യാറാകുമ്പോൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും യുവാക്കളെ ബോധ്യപ്പെടു ത്തേണ്ട ചുമതല സഭയ്ക്കുണ്ട്. വിവാഹിതരാകാൻ പോകുന്നവർക്കുള്ള ക്ലാസുകൾ (വിവാഹപൂർവ കൗൺസിലിംഗ്) നിർബന്ധമായും സഭകളിൽ ക്രമീകരിക്കേണ്ടതാണ്. വിവരസാങ്കേതികവിദ്യയുടെ സാധ്യതകളും അതിന്റെ ഉപയോഗവും വ്യക്തികൾക്കിടയിൽ പെരുകിയതും കുടുംബപ്രശ്നങ്ങൾ വർധിക്കുന്നതിനു കാരണമായി എന്ന് പലരും പറയാറുണ്ട്. ക്രൈസ്തവ കുടുംബജീവിതഗന്ധിയായ ഉൾക്കാഴ്ചയും ഉപദേശവും നൽകുന്നതിൽ വിമുഖതകാണിച്ചാൽ സഭയുടെ നിലനിൽപ്പിനെത്തന്നെ അതു സാരമായി ബാധിക്കും. സഭയുടെ അടിസ്ഥാന യൂണിറ്റ് കുടുംബമാണ്. ഭദ്രതയുള്ള കുടുംബങ്ങളുള്ള സഭയാണ് സമൂഹത്തിൽ ശക്തിയുള്ള സഭ.
Advertisement