ആശ്ലേഷിച്ചും ഓര്‍മകള്‍ പങ്കുവെച്ചും ബാലലോകം സീനിയര്‍ ഫോറം സംഗമം

ആശ്ലേഷിച്ചും ഓര്‍മകള്‍ പങ്കുവെച്ചും ബാലലോകം സീനിയര്‍ ഫോറം സംഗമം

ഗുഡ്ന്യൂസ് ബാലലോകം സജീവമാകുന്നു

തയാറാക്കിയത്
സ്റ്റാന്‍ലി കിഴക്കേടത്ത്

ണ്ട് പതിറ്റാണ്ടിനുശേഷം തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെയുള്ള കേരളത്തിന്‍റെ ആത്മീയതയ്ക്കും ഐക്യതയ്ക്കും ചുക്കാന്‍പിടിച്ച ഗുഡ്ന്യൂസ് ബാലലോകത്തിന്‍റെ അമരക്കാര്‍ അക്ഷരനഗരിയില്‍ ജൂണ്‍ 12 നൂ ഒത്തുകൂടി. 

കോട്ടയം കഞ്ഞിക്കുഴി ചര്‍ച്ച് ഓഫ് ഗോഡിന്‍റെ പാര്‍ക്കിങ്ങില്‍ പത്തുമണിക്കുശേഷം വാഹനങ്ങള്‍ വന്നുകൊണ്ടിരുന്നു. ഓരോ വാഹനത്തെയും കൗതുകത്തോടെയാണ് നോക്കിനിന്നത്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പെ സൈക്കിളിലും ബസിലും പിന്നെ നടന്നും ഓടിക്കിതച്ചും ബാലലോകത്തിന്‍റെ മീറ്റിങ്ങില്‍ എത്തിയവര്‍, ശീതീകരിച്ച വാഹനത്തില്‍ വന്നിറങ്ങിയപ്പോള്‍ ഓര്‍മകള്‍ പിറകോട്ടു നയിച്ചു. ചിലരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ആരും കാണാതെ തൂവാലകൊണ്ട് തുടച്ചും കരഞ്ഞില്ലെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കാണിക്കുന്ന പെടാപ്പാടും! പരസ്പരം ആശ്ലേഷിച്ചും ഓര്‍മകള്‍ പങ്കുവെച്ചും ചില മിനിറ്റുകള്‍ കടന്നുപോയി.

ഗുഡ്ന്യൂസ് ബാലലോകം സീനിയര്‍ ഫോറം വൈസ് പ്രസിഡന്‍റ് പാസ്റ്റര്‍ ബിജു ബേബി കൊട്ടാരക്കര പ്രാര്‍ഥിച്ച് മീറ്റിംഗിനു തുടക്കം കുറിച്ചു. പാസ്റ്റര്‍ സന്തോഷ് ജോസഫ്, വിദ്യാ സന്തോഷ്, പാസ്റ്റര്‍ ജോണ്‍ മാത്യു (പാസ്റ്റര്‍ ജോജി) തുടങ്ങിയവര്‍ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

ഗുഡ്ന്യൂസ് ബാലലോകം സീനിയര്‍ ഫോറം പ്രസിഡന്‍റ് പാസ്റ്റര്‍ വി.പി. ഫിലിപ്പ് അധ്യക്ഷതവഹിച്ച മീറ്റിംഗില്‍ ഗുഡ്ന്യൂസ് ചീഫ് എഡിറ്റര്‍ സി.വി. മാത്യു പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്തു. പതിനായിരത്തിലേറെ കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്ത ഒരു വലിയ പ്രസ്ഥാനമായിരുന്നു ഗുഡ്ന്യൂസ് ബാലലോകം. ഈ സമ്മേളനത്തിന്‍റെ തീം ആയിരുന്ന Enlightening the Young Generation എന്നതായിരുന്നു ചിന്താവിഷയം.

പാസ്റ്റര്‍ ക്രിസ്റ്റഫര്‍ വര്‍ഗീസായിരുന്നു മുഖ്യപ്രഭാഷകന്‍. യുവതലമുറ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളെക്കുറിച്ചും അദ്ദേഹം ആധികാരികമായി സംസാരിച്ചു. അടിസ്ഥാനം ശരിയല്ലെങ്കില്‍ തെറ്റിപ്പോകുവാന്‍ സാധ്യതയുണ്ടെന്നും സ്വയം പര്യാപ്തരാകുന്ന കുട്ടികള്‍ക്ക് എന്താണു ശരിയെന്ന് പറഞ്ഞു മനസ്സിലാക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

ബാലലോകം സീനിയര്‍ ഫോറത്തിനുവേണ്ടി പ്രസിഡന്‍റ് പാസ്റ്റര്‍ വി.പി. ഫിലിപ്പ് ഗുഡ്ന്യൂസ് ചീഫ് എഡിറ്റര്‍ സി.വി. മാത്യുവിനെ മൊമെന്‍റോ നല്‍കി ആദരിക്കുന്നു

പാസ്റ്റര്‍ വി.പി. ഫിലിപ്പ് വിഷന്‍ സ്റ്റേറ്റ്മെന്‍റ് അവതരിപ്പിച്ചു. Enlightening the Young Generation  എന്ന ആശയം തന്‍റെ മനസ്സില്‍ ഉദിച്ചതാണ്. ഗുഡ്ന്യൂസും ബാലലോകവും അതിന്‍റെ പ്രവര്‍ത്തനങ്ങളും മുന്‍പോട്ടു പോകുമ്പോള്‍, സീനിയര്‍ ഫോറം കുട്ടികളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍ വിശാലമാക്കുന്നതിനുവേണ്ടി രൂപംകൊണ്ടിട്ടുള്ള കര്‍മമേഖലയായിരിക്കണം (EYG) എന്നും അദ്ദേഹം പറഞ്ഞു. ത്രിദിന ക്യാംപുകള്‍, ഫാമിലി മീറ്റിംഗ്, ബാലലോകത്തിന്‍റെ പൂര്‍ണരൂപത്തിലുള്ള ചരിത്രം, മുഴുസമയ പ്രവര്‍ത്തകര്‍ തുടങ്ങിയ ഭാവിപരിപാടികളുടെ നയപ്രഖ്യാപനവും നടത്തി.

സമ്മേളനത്തിന്‍റെ രണ്ടാംഭാഗം വളരെ ശ്രദ്ധേയമായിരുന്നു. ബ്രദര്‍ ടോണി ഡി. ചെവ്വൂക്കാരന്‍ അധ്യക്ഷത വഹിച്ചു.  എല്ലാവരും ഹോളിന്‍റെ നടുത്തളത്തില്‍ വട്ടമിരുന്നാണ് ബിസ്സിനസ്സ് മീറ്റ് ആരംഭിച്ചത്. ബ്രദര്‍ സജി മത്തായി കാതേട്ട് ചര്‍ച്ച നയിച്ചു. തന്‍റെ സംസാരശൈലിയും ചോദ്യങ്ങള്‍ക്ക് ശരവേഗത്തില്‍ ഉത്തരം കണ്ടെത്തുന്ന സിദ്ധിയും സദസ്സിനെ അത്ഭുതപ്പെടുത്തി. ബിസ്സിനസ്സ് മീറ്റില്‍ ആദ്യം പരിചയപ്പെടല്‍ ആയിരുന്നു. തൃശൂരില്‍ നിന്നുള്ള ഡോ. സാജന്‍ സി. ജേക്കബ്, സ്റ്റാന്‍ലി ചേലക്കര, സാം കൊണ്ടാഴി, സജി നടുവത്ര, ആശിഷ് മാത്യു, ജേക്കബ് ജോണ്‍ കൊല്ലം, പാസ്റ്റര്‍ ജോണ്‍ ശാമുവേല്‍ മണക്കാല, പാസ്റ്റര്‍ പി.ജെ. ചാക്കോ തുടങ്ങിയവര്‍ പഴയകാല അനുഭവങ്ങള്‍, കലാസാഹിത്യമത്സരങ്ങളില്‍ പോരാടിയിരുന്ന മത്സരാര്‍ഥികളുടെ വാശിയോടെയാണ് സംസാരിച്ചത്. ഈ പോരാട്ടവീര്യം മറ്റുജില്ലക്കാരും ആവര്‍ത്തിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കലാസാഹിത്യമത്സരത്തിന്‍റെ അവസാനനിമിഷങ്ങളാണ് ഓര്‍മയില്‍ വന്നത്.

ചര്‍ച്ചയ്ക്ക് സജി മത്തായി കാതേട്ട് നേതൃത്വം നല്‍കുന്നു

പരിചയപ്പെടലിനു ശേഷമായി കര്‍മപദ്ധതികള്‍ക്കു രൂപം നല്‍കി. വിവിധ ജില്ലകളില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കേണ്ട ശാഖകള്‍, നടപ്പില്‍ വരുത്തേണ്ട പരിപാടികള്‍, അത്തരം പരിപാടികള്‍ക്കു നേതൃത്വം കൊടുക്കേണ്ട വ്യക്തികളെയും ചുമതലപ്പെടുത്തിയാണ് മീറ്റിങ്ങ് പര്യവസാനിച്ചത്. 
പാസ്റ്റര്‍ സി.ജെ. ചാക്കോ (കുമളി) പ്രാര്‍ഥിച്ച് ആരംഭിച്ച മീറ്റിങ്ങില്‍ സീനിയര്‍ ഫോറം സെക്രട്ടറി സ്റ്റാന്‍ലി കിഴക്കേടത്ത് സ്വാഗതവും, വൈസ് പ്രസിഡന്‍റ് ഇവാ. സാം കൊണ്ടാഴി കൃതജ്ഞതയും അറിയിച്ചു. പാസ്റ്റര്‍ സാബുരാജ് (ചെങ്ങാറുമല) പ്രാര്‍ഥിച്ച് ആശീര്‍വാദം പറഞ്ഞു.

സജി നടുവത്ര, സന്ദീപ് വിളമ്പുകണ്ടം തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി. ഇരുന്നും നിന്നും നടന്നും വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചും, പറയാന്‍ ബാക്കിവെച്ചതു പറഞ്ഞും വീണ്ടും കാണാമെന്ന വാക്കുകൊടുത്ത് യാത്രയായി...

Advertisement