ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവർസിയർ പാസ്റ്റർ കെ.സി.ജോണിൻ്റെ (74) സംസ്കാരം ഓഗസ്റ്റ് 29ന് മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവർസിയർ പാസ്റ്റർ കെ.സി.ജോണിൻ്റെ (74) സംസ്കാരം ഓഗസ്റ്റ് 29ന് മുളക്കുഴയിൽ

മുളക്കുഴ : കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവർസിയർ പാസ്റ്റർ കെ.സി.ജോണിൻ്റെ (74) സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 29ന് രാവിലെ 9ന് മുളക്കുഴ സീയോൻകുന്നിൽ ആരംഭിച്ച് 1ന് മുളക്കുഴ സഭാ സെമിത്തെരിയിൽ.

ചർച്ച് ഓഫ് ഗോഡ് അഖിലേന്ത്യാ പ്രതിനിധി, മുൻ കേരളാ സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1949-ൽ മുളക്കുഴ കുഴിപൊയ്കയിൽ കെ. കെ. ചാക്കോ-റാഹേലമ്മ ദമ്പതികളുടെ നാലു മക്കളിൽ ഇളയവനായി റവ. കെ. സി. ജോൺ ജനിച്ചു. മുളക്കുഴ ഗവ. ഹൈസ്കൂളിലും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലുമായി പഠനം നടത്തി.  1972-ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോൾ വിശ്വാസ സ്നാനം സ്വീകരിച്ചു.

പഠനാനന്തരം എവരി ഹോം ക്രൂസേഡിന്റെ പ്രവർത്തകനായി രാജസ്ഥാനിൽ കർതൃ സേവ ചെയ്തു. ബൂന്ദി ഡിസ്ട്രിക്റ്റിൽപ്പെട്ട ലാൽസോട്ടിൽ വെച്ച് വർഗ്ഗീയവാദികളുടെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്. 1974-ൽ മുളക്കുഴ ഇൻഡ്യാ ദൈവസഭയുടെ അംഗമായി. തുടർന്ന് യൂത്താളിലുള്ള യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ E.U വിദ്യാർത്ഥിയായി ചേർന്നു പഠിച്ചു. പഠനാന്തരം വീണ്ടും EU – വിൽ ചേർന്ന് ചില മാസങ്ങൾ പ്രവർത്തിച്ചു. തുടർന്ന് മണക്കാല ഫെയിത്ത് തിയോളജിക്കൽ സെമിനാരിയിൽ അദ്ധ്യാപകനായി.  മുളക്കുഴ മൗണ്ട് സയോൻ ബൈബിൾ കോളേജിലും കുമ്പനാട് ബെഥേൽ ലേഡീസ് ബൈബിൾ സ്കൂളിലും അദ്ധ്യാപകനായി. 1978 ൽ മാതൃസഭയായ മുളക്കുഴ സഭയുടെ പാസ്റ്ററായി ശുശ്രൂഷ ഏറ്റു. മൗണ്ട് സയോണിലെ രജിസ്ട്രാറായും പ്രവർത്തിച്ചു.

ഭാര്യ: തിരുവല്ല മഠത്തിപഠമ്പിൽ ഗിഫ്റ്റി ജോൺ. മക്കൾ : സാമുവൽ, സ്നേഹ, സ്മിത, സെറിൻ, പരേതനായ സജീവ്. മരുമക്കൾ : എറണാകുളം ഐരുക്കുഴിയിൽ ജിക്കു, നിലമ്പൂർ ആലുംപുളിക്കൽ ജയിംസ്, തിരുവനന്തപുരം കിഴക്കേവിള സാജു, എറണാകുളം ചെറുകുന്നത്ത് ജോൺ.

Advertisement