ആരാധനാലയങ്ങളിൽ ഇനി വലിയ ശബ്ദം വേണ്ട; ആദ്യ ഉത്തരവ് പുറത്തിറക്കി മോഹൻ യാദവ്

ആരാധനാലയങ്ങളിൽ ഇനി വലിയ ശബ്ദം വേണ്ട; ആദ്യ  ഉത്തരവ് പുറത്തിറക്കി മോഹൻ യാദവ്

ഭോപ്പാൽ: മധ്യപ്രദേശിലെ ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് നിരോധനം. മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം പുറത്തിറക്കുന്ന ആദ്യ ഉത്തരവാണിത്. അനുവദനീയമായതിൽ കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നാണ് ഉത്തരവിലുള്ളതെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനായി സുപ്രീംകോടതിയും ദേശീയഹരിത ട്രിബ്യൂണലും നിർദേശിച്ച പ്രത്യേക മാനദണ്ഡങ്ങൾ സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കുമെന്ന് അഡീഷ്ണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഡോ.രാജേഷ് രജോറ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ആരാധനാലയങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ഉച്ചഭാഷിണികളുടെ ശബ്‌ദതീവ്രത പരിശോധിക്കുമെന്നും ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്നും രാജേഷ് രാജോറ അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് മോഹൻ യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മോഹൻ യാദവിന്റെ സത്യപ്രതിജ്ഞ. ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കമുള്ളവരും ചടങ്ങിനെത്തിയിരുന്നു.

നാലുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവ് രാജ് സിങ് ചൗഹാൻ യുഗത്തിന് അന്ത്യമിട്ടുകൊണ്ടാണ് മോഹൻ യാദവിനെ തിങ്കളാഴ്ച ബി.ജെ.പി നേതൃത്വം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 163 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്. കോൺഗ്രസിന് 66 സീറ്റുകളിലേ ജയിക്കാനായുള്ളൂ.

Advertisement