സഭ വിശുദ്ധന്മാരുടെ സംഘമായിരിക്കണം: പാസ്റ്റർ എം.റ്റി.തോമസ്
ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷൻ സമാപിച്ചു
ചാക്കോ കെ തോമസ്, ബെംഗളൂരു
തിരുവല്ല: സഭ വിശുദ്ധന്മാരുടെ സംഘമായിരിക്കണമെന്ന് ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ് പറഞ്ഞു.
4 ദിവസമായി കറ്റോട് റ്റി.പി.എം ഗ്രൗണ്ടിൽ നടന്നു വരുന്ന ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷന്റെ സമാപന ദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തു ക്രൂശിക്കപ്പെട്ടത് ജനത്തെ അവരുടെ പാപത്തിൽ നിന്ന് രക്ഷിക്കേണ്ടതിനാണെന്നും രക്ഷിക്കപ്പെട്ടവർ വിശുദ്ധരായി ജീവിക്കേണ്ടതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ക്രിസ്തു ചേർക്കാൻ വരുന്ന സഭ എന്നും വിശുദ്ധമായിരിക്കണം. അതിനായി ക്രൂശാനുഭവം ധ്യാനിച്ച് കഴിയുകയാണ് വിശ്വാസിയുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. കളങ്കിതമായ ലോകത്തിൽ വിശുദ്ധജീവിതം കാഴ്ചവെക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ വിശ്വാസികൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ കുഞ്ഞുമോൻ ജോർജ്ജിൻ്റെ പ്രാർഥനയോടെ ആരംഭിച്ച സംയുക്ത ആരാധനയിൽ തിരുവല്ല സെന്റർ പാസ്റ്റർ സി.എൽ ശാമുവേൽ (ബാബു) പ്രാർഥനകൾക്ക് മുഖ്യ നേത്യത്വം നൽകി.
പാസ്റ്റർമാരായ പി.മാത്യൂ ജോൺ, കെ.എ.ജേക്കബ്സൺ ,ജേക്കബ് പോൾ എന്നിവർ കൺവെൻഷനിൽ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു.
കൺവെൻഷനിൽ ബൈബിൾ ക്ലാസ് , പൊതുയോഗം, പ്രത്യേക യുവജന മീറ്റിംങ്ങ്, ഗാനശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ , ഉണർവ് യോഗം , സ്നാനശുശ്രൂഷാ, ശിശു പ്രതിഷ്ഠ , പ്രത്യേക പ്രാർഥന എന്നിവ നടത്തി. തിരുവല്ല സെന്ററിന് കീഴിലുള്ള 33 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളുമായി ആയിരക്കണക്കിന് ആളുകൾ സംയുക്ത സഭായോഗത്തിൽ പങ്കെടുത്തു.
കൺവൻഷൻഷനോടനുബന്ധിച്ച് വിവിധയിടങ്ങളിലേക്ക് വാഹനസൗകര്യങ്ങളും ക്രമീകരിച്ചിരുന്നു.
തിരുവല്ല സെന്റർ പാസ്റ്റർ സി.എൽ ശാമുവേൽ (ബാബു) ,അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പോൾ രാജ് എന്നിവർ കൺവൻഷന് നേതൃത്യം നൽകി.