തന്നാലാവത് ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടോ?

തന്നാലാവത് ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടോ?

സിസ്റ്റർ ജയ്‌മോൾ രാജു

(സെക്രട്ടറി, സോദരി സമാജം കേരള സ്റ്റേറ്റ് )

ആധുനികതയും സംസ്കാരസമ്പന്നതയും സമത്വവും എല്ലാ മേഖലകളിലും കൈവരിക്കപ്പെട്ടു എന്ന അവകാശവാദം ഉന്നയിക്കുന്ന സ്ത്രീ സമൂഹത്തോട് ഒരു ചോദ്യം. മനസ്സാക്ഷി നമ്മെ കുറ്റം വിധിക്കാത്തതുപോലെ നമ്മുടെ സമൂഹത്തിനു വേണ്ടിയോ തലമുറകൾക്കു വേണ്ടിയോ അല്ല സ്വന്തം കുടുംബത്തിനു വേണ്ടിയോ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ? ''ഭാരത സ്ത്രീ തൻ ഭാവശുദ്ധി" എന്ന വിഷയം വാതോരാതെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഇന്ന് ആ ഭാവശുദ്ധി സ്ത്രീ സമൂഹത്തിന് അവകാശപ്പെടാൻ കഴിയുമോ? മുൻകാലങ്ങളിൽ സ്നേഹം, സൗമ്യത, ദയ ഇങ്ങനെ നല്ല ഗുണങ്ങൾ വിളങ്ങിയിരുന്ന സ്ത്രീകൾ ഇന്ന് സമത്വം അവകാശപ്പെടാൻ തുടങ്ങി എന്ന് മാത്രമല്ല ഒരു പരിധിവരെ എത്തിപ്പെടുകയും ചെയ്തു എന്ന് പറയാം. പക്ഷെ ഒരു വ്യത്യാസം ഉണ്ട് ഇന്നത്തെ സ്ത്രീ സമൂഹത്തിന് ആരോടും കടപ്പാടില്ലാത്ത അവസ്ഥ എന്തും ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ക്രിമിനൽ കേസുകളിലും, മദ്യ മയക്കുമരുന്ന് ബിസിനസ്സുകളിൽ പോലും മുൻപന്തിയിൽ.

അപ്പോൾ തന്നെ ഭരണതന്ത്രജ്ഞർ, സാമൂഹിക പ്രവർത്തകർ, ഗവേഷകർ ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രാവിണ്യം നേടിയ നാരി ജനങ്ങളെയും വിസ്മരിക്കുന്നില്ല. പക്ഷെ ഇതിൽ എല്ലാം 98% ആളുകളും സ്വന്തം നേട്ടവും താത്പര്യങ്ങൾക്കും മാത്രമല്ലേ മുൻതൂക്കം കൊടുക്കുന്നത്. സ്വന്തം സമൂഹത്തിനു വേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു ?

വിദേശ വനിതയായിരുന്ന മദർ തെരെസ സ്വന്തം മാതൃരാജ്യം വിട്ട് ഇന്ത്യയിൽ വന്ന് കൽക്കട്ട കേന്ദ്രമാക്കി 'മിഷനറീസ് ഓഫ് ചാരിറ്റി' എന്ന പേരിൽ സമൂഹത്തിനു വേണ്ടി, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവർക്കു വേണ്ടി, അനാഥരും അശരണരും ആയവർക്കു വേണ്ടി, കുഷ്ഠരോഗികൾക്കുവേണ്ടി, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾക്കു വേണ്ടി സ്വന്തം നാടും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് സാധാരണക്കാർക്കു വേണ്ടി പ്രതിബന്ധങ്ങളെ തരണം ചെയ്ത് തന്നാലാവുന്നതിനും അപ്പുറമായി ചെയ്ത നന്മകളും ത്യാഗങ്ങളും കരുതലുകളും എത്ര വലിയവയാണ്.

പാലാക്കാരിയായ മേഴ്സി മാത്യു എന്ന ദയ ബായി വടക്കേ ഇന്ത്യയിൽ മാത്രമല്ല നമ്മുടെ കേരളത്തിൻ്റെ വടക്കൻ മേഖലകളിലും ദുരിതം അനുഭവിക്കുന്നവർക്കായി സ്വന്തം ജീവിത സുഖങ്ങൾ വേണ്ട എന്ന് വെച്ചിട്ട് സമൂഹത്തിനു വേണ്ടി എത്ര മാത്രം നന്മ പ്രവർത്തികൾ ചെയ്യുവാൻ ഇടയായി. ഇതെല്ലാം നമ്മുടെ മുമ്പിൽ മാതൃകയും വെല്ലുവിളിയും അല്ലേ?

അവസരങ്ങൾ ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാതെ ദൗത്യനിർവ്വഹണത്തിനായി ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . നമ്മിലേക്ക് മാത്രമായുള്ള നമ്മുടെ നോട്ടം അവസാനിപ്പിച്ചിട്ട് ഇനിയും ബാക്കിയുള്ള ചുരുങ്ങിയ ആയുസ്സിൽ തന്നാലാവത് മറ്റുള്ളവർക്കായി, സമൂഹത്തിനായി, കഷ്ടം അനുഭവിക്കുന്നവർക്കായി, അല്പം സമയം മാറ്റിവെക്കാം. ആരും കേൾക്കാൻ ഇല്ലാത്ത ചിലരുടെ വേദനകൾ കേൾക്കാൻ നമ്മുടെ കാതുകളെ വിട്ടുകൊടുക്കാം. പ്രശ്നങ്ങളുടെ നടുവിൽ കരകയറാൻ കഴിയാതെ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്ന ചിലർക്കായി നമ്മുടെ കരങ്ങളെ നീട്ടുവാൻ അവർക്ക് സ്വാന്തനം ആകുവാൻ നമുക്ക് കഴിയുമോ? 

ചിലരുടെ എങ്കിലും ജീവിതത്തിൽ നന്മയുടെ സ്വാന്തനത്തിൻ്റെ സ്നേഹത്തിൻ്റെ വെളിച്ചം പകരനായി നമുക്ക് കൈകോർക്കാം. അതിനായി തന്നാലാവത് ചെയ്യാം.