വേള്‍ഡ് റെസ്ലിംഗ് (ഡബ്ല്യു.ഡബ്ല്യു.ഇ) ചാമ്പ്യൻ ഹള്‍ക്ക് ഹോഗനും പത്നിയും യേശുവിനെ രക്ഷകനായി സ്വീകരിച്ചു
ഫ്ലോറിഡ: വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ് (ഡബ്ല്യു.ഡബ്ല്യു.ഇ) ഇതിഹാസവും അമേരിക്കയിലെ പ്രശസ്ത പ്രൊഫഷണല്‍ റെസ്ലിംഗ് താരവുമായ ഹള്‍ക്ക് ഹോഗനും പത്നി സ്കൈ ഡെയിലി ഹോഗനും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. ഫ്ലോറിഡയിലെ ഇന്ത്യന്‍ റോക്ക്സ് ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്‍റ് ആരാധനാലയത്തിൽ നടന്ന പ്രത്യേക ചടങ്ങില്‍വെച്ച് ജ്ഞാനസ്നാനം സ്വീകരിച്ച വിവരം ഇക്കഴിഞ്ഞ ബുധനാഴ്ച ട്വിറ്ററിലൂടെ ഹോഗന്‍ തന്നെയാണ് പുറത്തുവിട്ടത്. യേശുക്രിസ്തുവിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് തന്റെ സ്നാനമെന്ന് ഹോഗന്‍ കുറിച്ചു.
“എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിനം യേശുക്രിസ്തുവിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. ആശങ്കകളില്ല, വെറുപ്പില്ല, മുന്‍വിധിയില്ല..സ്നേഹം മാത്രം!” സ്നാനം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം എഴുപതുകാരനായ ഹോഗന്‍ ട്വിറ്ററിൽ കുറിച്ചു. വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിക്കൊണ്ടുള്ള ജ്ഞാനസ്നാന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പ്രൊട്ടസ്റ്റന്‍റ് ദേവാലയത്തിലാണ് തൂവെള്ള വസ്ത്രവും ധരിച്ചുകൊണ്ട് ഹോഗനും, ഭാര്യയും ജ്ഞാനസ്നാനം സ്വീകരിച്ചത്. 53 ലക്ഷം പേര്‍ ഈ വീഡിയോ ട്വിറ്ററിലൂടെ മാത്രം കണ്ടു. ഇതിനു മുന്‍പ് ഹള്‍ക്ക് ഹോഗന്‍ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമാക്കിയിരിന്നു.
“പതിനാലാമത്തെ വയസ്സുമുതല്‍ ഞാന്‍ ക്രിസ്തുവിനെ എന്റെ രക്ഷകനായി സ്വീകരിച്ചതാണ്. പരിശീലനവും, പ്രാര്‍ത്ഥനയും, വിറ്റാമിനുകളും എന്നെ എന്നെ റെസ്ലിംഗില്‍ പിടിച്ചുനിര്‍ത്തി. പക്ഷേ ഇപ്പോള്‍ ഞാന്‍ ദൈവത്തിനൊപ്പമാണ്, കീഴടങ്ങലും, സേവനവും, സ്നേഹവുമാണ് ഇതിലെ പ്രധാന സംഭവങ്ങള്‍. കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ ശക്തിയാല്‍ എത്രവലിയ അതിശക്തനെയും കീഴ്പ്പെടുത്തുവാന്‍ കഴിയും” - ഹോഗന്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ‘എക്സ്’ല്‍ (ട്വിറ്റര്‍) കുറിച്ച വാക്കുകളാണിത്. 6 പ്രാവശ്യം വേള്‍ഡ് റെസ്സ്ലിംഗ് ചാമ്പ്യനായിട്ടുള്ള താരമാണ് ഹള്‍ക്ക് ഹോഗന്‍.