താങ്ങും കരങ്ങൾ ഉണ്ട്  നിന്റെ ഹൃദയം തകരുമ്പോൾ .....

താങ്ങും കരങ്ങൾ ഉണ്ട്   നിന്റെ ഹൃദയം തകരുമ്പോൾ .....

ക്രിസ്മസ്ദിന ചിന്ത

പാസ്റ്റർ ഷിജു ചാക്കോ, മാഞ്ചസ്റ്റർ

യുകെ പ്രിസ്റ്റനിലെ  ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്ന  സംഗീത സന്ധ്യയിൽ കണ്ട ഒരു കാഴ്ച കൺകുളിർക്കുന്നതും ഹൃദയത്തിൽ എന്നും വരച്ചിടപ്പെടേണ്ടതുമാണ്.

സഭംഗങ്ങളായ സഹോദരി സഹോദരന്മാരും കുഞ്ഞുങ്ങളും മനോഹരങ്ങളായ അനേകം ഗാനങ്ങളിലൂടെ ദൈവം തങ്ങൾക്കു നൽകിയ താലന്തുകൾ ദൈവനാമ മഹത്വത്തിനായി അവതരിപ്പിച്ചു കൊണ്ടിരുന്നു.

എൽസ എന്ന കൗമാരക്കാരിയും പാടുവാനായി വേദിയിലേക്ക് എത്തി . എൽസയ്ക്ക്  അഞ്ചുമാസം പ്രായമുള്ളപ്പോഴാണ് യുകെയിലെ കെൻറ്റൽ എന്ന സ്ഥലത്തുനിന്നും പ്രിസ്റ്റണിലേക്ക് എൽസയുടെ കുടുംബം എത്തിയത് . മാതൃഭാഷയിലുള്ള കൂട്ടായ്മകൾ അപൂർവമായിരുന്ന ആ കാലഘട്ടത്തിൽ ജോൺലിപാസ്റ്ററെയും കുടുംബത്തെയും കണ്ടുമുട്ടാൻ കഴിഞ്ഞത് അവരുടെ ആത്മിക വളർച്ചയ്ക്ക് വളരെ പ്രയോജനമായി.

മാതാപിതാക്കളുടെയും സഭാംഗങ്ങളുടെയും മുൻപിൽ മലയാള ഭാഷയിൽ ഒരു പാട്ട് പാടുക എന്നത് തൻ്റെ  വളരെ നാളത്തെ ആഗ്രഹമായിരുന്നു .അമ്മയുടെ സഹായത്തോടെ "താങ്ങും കരങ്ങൾ  ഉണ്ട് നിന്റെ ഹൃദയം തകരുമ്പോൾ" എന്ന പാട്ട് പഠിച്ച് നിരവധി തവണ പരിശീലനം നടത്തി .മലയാള ഭാഷ വേണ്ടത്ര വശമില്ലെങ്കിലും നല്ല പരിശീലനം നേടിയതിൻ്റെ ആത്മവിശ്വസത്തോടെയാണ് എൽസ വേദിയിലെത്തിയത് .

മനോഹരമായി പാടിത്തുടങ്ങിയെങ്കിലും തൻ്റെ ആത്മവിശ്വസം നഷ്ടപ്പെട്ടതുപോലെ തോന്നി . പാട്ടും താളവും രണ്ടു ധ്രുവങ്ങളിൽ. കണ്ണുകൾ നിറഞ്ഞു, പാട്ട് അവസാനിപ്പിച്ചാലോ എന്ന ചിന്ത ഉള്ളിലുയർന്നു.

 പെട്ടെന്നാണ് താൻ പാടിയതുപോലെ താങ്ങും കരങ്ങൾ തന്നെ ധൈര്യപ്പെടുത്തിയത്. സഭാപാസ്റ്റർ ജോൺലി ഫിലിപ്പ് വേദിയിലെത്തി  തന്നെ ചേർത്തു പിടിച്ചു. സന്ദർഭോചിതമായ ആ ഇടപെടൽ തനിക്ക് ധൈര്യവും ആത്മവിശ്വസവും നൽകി .തൻ ബോധരഹിതയായി താഴെവീഴുന്നതുപോലെ അനുഭവപ്പെട്ടെന്നും തക്കസമയത്ത് പാസ്റ്റർ എത്തിയത് ആശ്വസമായെന്നും എൽസ പിന്നീട് മാതാപിതാക്കളോട് പറഞ്ഞു. 

അന്നത്തെ പ്രോഗ്രാമിലെ ഏറ്റവും ഹൃദ്യമായ രംഗം അതുതന്നെയായിരുന്നു. ഒരു ഇടയൻ  എങ്ങനെയായിരിക്കണം എന്ന സന്ദേശമാണ്  ജോൺലി പാസ്റ്റർ നല്കിയത്. പ്രതീക്ഷകൾക്ക് ഒത്ത് ഉയരാത്തവരെ , കഴിവില്ലാത്തവരെ അവഗണിക്കുന്ന കാലത്ത് ക്രിസ്തീയ സ്നേഹം എന്താണെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു അത് . 

അന്ന് പാസ്റ്റർ പറഞ്ഞ വാചകങ്ങളും ശ്രദ്ധേയമാണ് . കേവലം നാലു കുടുംബങ്ങളിൽ തുടങ്ങിയ ഈ കൂട്ടായ്മയിൽ  ഇന്ന് അനേകം ആളുകൾ ദൈവത്തെ ആരാധിക്കുന്നു . ആദ്യകാല കുടുംബങ്ങളിൽ  ഒന്നാണ്  ബ്രദർ അനൂജ് മാത്യു - റെജിമോൾ കുടുംബം .അവരുടെ മൂത്തമകളാണ് എൽസ . "ഇന്ന് കഴിവുകളുള്ള ധാരാളം ആളുകൾ നമുക്കുണ്ട് , പക്ഷെ തുടക്കത്തിൽ പാട്ടുകാരായി ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതും നാം മറക്കാൻ പാടില്ല." വന്ന വഴികൾ നാം മറക്കരുത് എന്ന ഒരു സന്ദേശമാണ് പാസ്റ്ററുടെ ഈ'വാക്കുകളിലൂടെ നമുക്ക് ലഭിക്കുന്നത് .

സകലവും അസ്തമിച്ചു എന്ന് കരുതുന്നിടത്ത് നമ്മെ താങ്ങി നിർത്തുന്ന  ഒരു ദൈവ കരമുണ്ട്.

 ആ ശാശ്വത പാറയിൽ ആശ്രയിച്ചു ധൈര്യത്തോടെ യാത്ര ചെയ്യാം .