രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നിയമമായി
ചാക്കോ കെ. തോമസ്, ബെംഗളൂരു
വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്ക് ഒരുനിയമം ബാധകമാക്കുന്നതാണ് ബില്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡിന് അംഗീകാരം. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ഏകസിവില്‍ കോഡ് നിയമമായി.
ഇതോടെ രാജ്യത്തുതന്നെ ആദ്യമായി ഏകസിവില്‍ കോഡ് നിലവില്‍വരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. പുതിയ നിയമം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പുറത്തിറക്കുക എന്നത് മാത്രമാണ് ഇനി സംസ്ഥാന സര്‍ക്കാരിന് ചെയ്യാനുള്ളത്.
ഏകസിവില്‍ കോഡ് സംബന്ധിച്ച് ബില്ല് ഫെബ്രുവരി ആറിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയിരുന്നു. പിന്നാലെ ഫെബ്രുവരി 28-ന് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. കണ്‍കറന്‍റ് ലിസ്റ്റില്‍ ഉള്ളതുകൊണ്ടാണ് ബില്ല് രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ടിവന്നത്. ബുധനാഴ്ച ഉച്ചയോടെയാണ്
ബില്ലിന് അംഗീകാരം നല്‍കിക്കൊണ്ട് രാഷ്ട്രപതി ഭവനില്‍നിന്നുള്ള അറിയിപ്പ് പുറത്തുവന്നത്.
വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്കും ഒരുനിയമം ബാധകമാക്കുന്നതാണ് ബില്‍. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലംമുതല്‍ ഗോവയില്‍ ഏകസിവില്‍കോഡ് നിലവിലുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത് ആദ്യമാണ്.