ഏകീകൃത സിവിൽ നിയമ നീക്കം പിൻവലിക്കണം: ആദിവാസി സംഘടനകൾ

ഏകീകൃത സിവിൽ നിയമ നീക്കം പിൻവലിക്കണം: ആദിവാസി സംഘടനകൾ

റാഞ്ചി:  ഏകീകൃത സിവിൽ നിയമ നീക്കം പിൻവലിക്കണമെന്ന് ജാർഖണ്ഡിലെ മുപ്പതിലേറെ ആദിവാസി സംഘടനകളുടെ യോഗം നിയമ കമ്മിഷനോട് ആവശ്യപ്പെട്ടു. ഏകീകൃത സിവിൽ നിയമം ആദിവാസി സ്വത്വം ഇല്ലാതാക്കുമെന്നും ഗോത്രവർഗങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും ആദിവാസി സമന്വയ സമിതിയുടെ (എഎസ്എസ്)  നേതൃത്വത്തിൽ ചേർന്ന യോഗം വ്യക്തമാക്കി. ഏകീകൃത സിവിൽ നിയമം വന്നാൽ ആദിവാസികൾക്കു പ്രത്യേക അവകാശം നൽകുന്ന ഒട്ടേറെ നിയമങ്ങൾ ഇല്ലാതാകും. 

നിയമ കമ്മിഷന്റെ നീക്കത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കാനും എഎസ്എസ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 14ന് ആണു നിയമ കമ്മിഷൻ ഏകീകൃത സിവിൽ നിയമ ആശയം പൊതുജനാഭിപ്രായം തേടി അവതരിപ്പിച്ചത്. 

നിയമ നീക്കത്തിനെതിരെ ജൂലൈ 5ന് ജാർഖണ്ഡ് രാജ്ഭവനു മുന്നിൽ റാലി നടത്തുമെന്നും ഗവർണർക്കു നിവേദനം നൽകുമെന്നും എഎസ്എസ് അംഗവും ആദിവാസി മഹാസഭ കൺവീനറുമായ ദേവ്കുമാർ ധൻ അറിയിച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തെ മുഴുവൻ ഗോത്രവർഗ സംഘടനകളും ചേർന്നു ന്യൂഡൽഹിയിൽ പ്രക്ഷോഭം നടത്തും. 

ഏകീകൃത സിവിൽ നിയമം വരുന്നത് ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ഒട്ടേറെ അവകാശങ്ങൾ കവരുമെന്ന് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ കൊഹിമയിൽ പ്രതികരിച്ചു. ഭരണഘടനയുടെ 371എ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും ഇല്ലാതാക്കുമെന്ന് നാഗാലാൻഡ് ട്രൈബൽ കൗൺസിലും പറഞ്ഞു.