ഫൊക്കാന രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18  മുതല്‍ 20 വരെ വാഷിങ്ങ്ടണ്‍ ഡി.സിയില്‍

ഫൊക്കാന രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18    മുതല്‍ 20 വരെ വാഷിങ്ങ്ടണ്‍ ഡി.സിയില്‍
ഫൊക്കാന ട്രസ്റ്റി ബോര്‍ഡംഗം പോള്‍ കറുകപ്പിള്ളില്‍, പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍, ട്രഷറര്‍ ബിജു ജോൺ കൊട്ടാരക്കര എന്നിവർ വാര്‍ത്താസമ്മേളനത്തില്‍

കൊച്ചി: നാലു പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിങ്ങ്ടണ്‍ ഡി.സി യില്‍ വെച്ച് നടക്കുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു . വാഷിങ്ങ്ടണ്‍ ഡി.സി യിലെ നോര്‍ത്ത് ബെഥസ്ഡ മോണ്ട്ഗോമറി കൗണ്ടി കണ്‍വെന്‍ഷന്‍ സെന്‍റര്‍ അറ്റ് മാരിയറ്റ് ആണ് കണ്‍വെന്‍ഷന് വേദിയാകുന്നത് .

മുന്‍ കേന്ദ്രമന്ത്രിയും എം.പി യുമായ ശശി തരൂര്‍ , ജോണ്‍ ബ്രിട്ടാസ് എം.പി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കവി മുരുകന്‍ കാട്ടാക്കടയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും .

എക്സിക്യൂട്ടീവ് കമ്മറ്റി ഉള്‍പ്പെടെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി 60 അംഗസംഘടനകളില്‍ നിന്നുമുള്ള 1500 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ബിസിനസ് മീറ്റ്, മീഡിയ സെമിനാര്‍, നേഴ്സസ് സെമിനാര്‍ , വിമന്‍സ് ഫോറം, സാഹിത്യപുരസ്ക്കാരം, ടാലന്‍റ് കോംപെറ്റീഷന്‍സ് എന്നിവ ത്രിദിന കണ്‍വെന്‍ഷനില്‍ നടക്കും. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടും.

1983 ല്‍ രൂപീകരിച്ച ഫൊക്കാന നാളിതു വരെ ജന്മനാടിന്‍റെ പൈതൃകവും,സംസ്കാരവും ഉള്‍കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. നാടിനോടുള്ള കൂറും, കടപ്പാടും കാത്തുസൂക്ഷിക്കുന്നതിലും നാടിന്‍റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതടക്കം നിരവധി ഇടപെടലുകളാണ് ഫൊക്കാന നടത്തി വരുന്നത്. 

കഴിഞ്ഞ രണ്ട് വര്‍ഷകാലം ഡോ. ബാബു സ്റ്റീഫന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫൊക്കാന ഇന്‍റര്‍നാഷണല്‍ ചാപ്റ്റര്‍ ഡല്‍ഹി, മുംബൈ, ബംഗളുരു ,ചെന്നൈ, മിഡില്‍ ഈസ്റ് എന്നിവിടങ്ങളില്‍ ആരംഭിച്ചു. ഫൊക്കാനയുടെ ആസ്ഥാന മന്ദിരത്തിനായി 250000 ഡോളര്‍ ഡോ. ബാബു സ്റ്റീഫന്‍ സംഭാവന നല്‍കി. ഫൊക്കാന ഭവന പദ്ധതിയില്‍ 10 വീടുകള്‍ക്ക് 36 ലക്ഷം രൂപ, ഹൈസ്കൂള്‍ - നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, അശരണര്‍ക്ക് ആശ്വാസധനം എന്നിവ പ്രധാന പദ്ധതികളില്‍പെടുന്നു. മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ ' ഭാഷക്കൊരു ഡോളര്‍ ' ഫൊക്കാനയുടെ അഭിമാന പദ്ധതിയാണ്.

ഫൊക്കാനയുടെ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കണ്‍വെന്‍ഷനാണ് വാഷിങ്ങ്ടണ്‍ ഡി.സി വേദിയാവാന്‍ പോകുന്നതെന്നും ബാബു സ്റ്റീഫന്‍ പറഞ്ഞു. ഫൊക്കാന ട്രസ്റ്റി ബോര്‍ഡംഗം പോള്‍ കറുകപ്പിള്ളില്‍, ട്രഷറര്‍ ബിജു ജോൺ കൊട്ടാരക്കര എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.