പഴഞ്ഞിയിൽ മെഗാ എക്സ്പോ ഒരുക്കി ഗുഡ്ന്യൂസ് ഫെസ്റ്റ്

പഴഞ്ഞിയിൽ മെഗാ എക്സ്പോ ഒരുക്കി ഗുഡ്ന്യൂസ് ഫെസ്റ്റ്

വാർത്ത: ഷാജൻ മുട്ടത്ത്

കുന്നംകുളം : സത്യ സുവിശേഷത്തിൻ്റെ കാഹളം കുന്നംകുളത്ത് മുഴങ്ങി ഒന്നേകാൽ നൂറ്റാണ്ടു പിന്നിടുമ്പോൾ ആ ചരിത്ര സംഭവങ്ങളിലേക്ക് അടുത്ത തലമുറയെ കൂട്ടി കൊണ്ട് പോവുക എന്ന ഉദ്ദേശ്യത്തോടെ പഴഞ്ഞിയിലെ എല്ലാ സഭകളും ഒത്തുചേർന്ന് വേനലവധിക്കാലത്ത് ഗുഡ്ന്യൂസ് ഫെസ്റ്റ് മെഗാ എക്സ്പോ സംഘടിപ്പിക്കും.  

ഏപ്രിൽ 17 മുതൽ 19 വരെ പഴഞ്ഞി സ്വാഗത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ മെഗാ എക്സ്പോ യിൽ വിവിധ പരിപാടികൾ ഒരൊറ്റ കുടക്കീഴിൽ ഒരുക്കി ചരിത്രത്തിലിടം തേടും. പ്രസിദ്ധീകരണത്തിൻ്റെ അരനൂറ്റാണ്ടിലേക്ക് കടക്കുന്ന ഗുഡ്ന്യൂസ് വാരികയുടെയും ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറത്തിൻ്റെയും നേതൃത്വത്തിലാണ്  ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു, കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവൂക്കാരൻ, ഗുഡ്ന്യൂസ് ബാലലോകം സീനിയർ ഫോറം പ്രസിഡൻ്റ് പാസ്റ്റർ വി.പി. ഫിലിപ്പ്, സെക്രട്ടറി സ്റ്റാൻലി കിഴക്കേടത്ത് എന്നിവരടങ്ങുന്ന ഉപദേശ സമിതി നേതൃത്വം നല്കും.

മലങ്കരയുടെ ആത്മീയ ഉണർവ്വിനു പല രീതിയിലും തുടക്കത്തിനു കാരണമായ കുന്നംകുളത്തിനടുത്ത പഴഞ്ഞിയിലാണ് എക്സ്പോ ഒരുക്കുന്നത്.

ലോകപ്രസിദ്ധരായ മിഷനറിമാരുടെ ജന്മഗേഹം, അനശ്വരങ്ങളായ പാട്ടുകൾ പിറവിയെടുത്ത ഇടം , ഒട്ടേറെ ക്രൈസ്തവ ഗാനരചയിതാക്കളുടെ മണ്ണ്, വിദേശ മിഷനറിമാരുടെ പാദ സ്പർശമേറ്റ മണ്ണ്, കേരളത്തിലെ   ആദ്യത്തെ പെന്തെക്കോസ്തു സഭയും വേർപ്പെട്ടവരുടെ സണ്ടേസ്ക്കൂളും പിറവിയെടുത്ത ഗ്രാമം , പെന്തെക്കോസ്തിൻ്റെ ഒളിമങ്ങാത്ത ഉപദേശത്തിൻ്റെ കാവാലാളായി പ്രവർത്തിക്കുന്ന വിശ്വാസികളുടെ മണ്ണ് എന്നീ നിലകളിൽ ചരിത്രത്തിലിടം തേടിയ സ്ഥലമെന്ന നിലയിൽ ഏറെ പ്രസിദ്ധമായ സ്ഥലമാണ് പഴഞ്ഞി.

മെഗാ എക്സ്പോയുടെ നടത്തിപ്പിൻ്റെ ഭാഗമായി മാർച്ച് 3 ന് ഞായറാഴ്ച നടന്ന ആലോചനയോഗത്തിൽ വിവിധ പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കി. മാർച്ച് 9 ന് വൈകീട്ട് 6.30 ന് പ്രവർത്തനങ്ങളുടെ അനുഗ്രഹത്തിനായി അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി ഗിൽഗാൽ ഹാളിൽ പ്രാർത്ഥനയും ക്രമീകരിച്ചു. ഗുഡ്ന്യൂസ് ലൈവ് മീഡിയ ഡയറക്ടർ ആശിഷ് മാത്യു അധ്യക്ഷത വഹിച്ചു.

വിവിധ ചരിത്രരേഖകളുടെ പ്രദർശനം, കുട്ടികളുടെ സ്നേഹോത്സവം, വിവിധ ചർച്ചകളും ക്ലാസുകളും, ഗാനോത്സവം, ഫിലിം ഫെസ്റ്റിവൽ, അക്ഷരോത്സവം, എഴുത്തുകാരുടെ സംഗമം , ഏറെ വ്യത്യസ്തകൾ ഉള്ള താലന്ത് പ്രദർശനങ്ങൾ , മുതിർന്നവരെ ആദരിക്കൽ, ചരിത്രയിടങ്ങളിലെ സന്ദർശനം, വിവിധ ഭാഷകളിലും പഴയ കാലഘട്ടത്തിലേയും ബൈബിൾ പ്രദർശനം തുടങ്ങി വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. 

പാസ്റ്റർ ഇ.ജി ജോസ് (ചെയർമാൻ), ഡെന്നി പുലിക്കോട്ടിൽ (ജനറൽ കൺവീനർ), പാസ്റ്റേഴ്സ് പീസ് പി. കുര്യൻ, തോമസ് ചാക്കോ (പ്രയർ കൺവീനേഴ്സ് ), ഡോ.സാജൻ സി. ജേക്കബ്  (ഫിനാൻസ്), ഷാജു സി.ഐ , മാർസൻ(പബ്ലിസിറ്റി), പാസ്റ്റർ സി.സി. ബാബു , മാധ്യമ പ്രവർത്തകരായ ഗ്ലെന്നി പി.സി, ഷാജൻ മുട്ടത്ത്,  സി.ഒ. ജോണി, കെ.സി. ജോയ്‌മോൻ, ജിജി കെ.ഐ , ലില്ലി പി.വി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് നേതൃത്വം നല്കുന്നത്.