ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ സുവർണ ജൂബിലി കൺവൻഷൻ ഫെബ്രു. 7 ന് തുടങ്ങും
മാവേലിക്കര: ഇന്ത്യാ പെന്തെക്കോസ്‌തു ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്ററിൻ്റെ സുവർണ്ണ ജൂബിലി കൺവൻഷൻ ഫെബ്രു. 7 ന് വൈകിട്ട് 6 ന് മാവേലിക്കര ഐപിസി. ശാലേം ഗ്രൗണ്ടിൽ തുടങ്ങും. ഫെബ്രു. 11 വരെ നടക്കുന്ന കൺവൻഷൻ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ എം.വി. വർഗ്ഗീസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പ്രിൻസ് തോമസ് റാന്നി, റെജി ശാസ്താംകോട്ട, ഷാജി എം പോൾ വെണ്ണിക്കുളം, വി.പി.ജോസ്, എന്നിവർ പ്രസംഗിക്കും.
വ്യാഴാഴ്ച പകൽ 10 ന് നടക്കുന്ന സഹോദരീസമ്മേളനത്തിൽ സിസ്റ്റർ ഷീലാ ദാസ്, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്‌ച പകൽ 10-ന് പ്രാർത്ഥനാസമ്മേളനത്തിൽ ഡോ. രാജു തോമസ് പ്രസംഗിക്കും. 10 ശനിയാഴ്ച്‌ച രാവിലെ നടക്കുന്ന ഗോൾഡൻ ജൂബിലി സമ്മേളനത്തിലും സ്തോത്രശുശ്രൂഷയിലും പാസ്റ്റർ കെ.സി.തോമസ് പ്രസംഗിക്കും.
മൂന്നര പതിറ്റാണ്ടിലധികം ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്ററിൻ്റെ ഭരണസാരഥ്യം വഹിച്ച പാസ്റ്റർ എം.വി.വർഗ്ഗീസിനെയും മൂന്നര പതിറ്റാണ്ടിലധികമായി പെന്തക്കോസ്‌തു കൺവൻഷൻ പ്രസം ഗവേദിയിലെ നിറസാന്നിദ്ധ്യമായ പാസ്റ്റർ ബി.മോനച്ചനെയും വിവിധ കാല ഘട്ടങ്ങളിൽ സെൻ്ററിൻ്റെ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങൾ വഹിച്ചവരെയും അനുമോദിക്കും. വിവിധ സഭാ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ നേതാക്കൾ പങ്കെടുത്ത് ആശംസ അറിയിക്കും. സുവർണ്ണ ജൂബിലി സുവനീറിന്റെ പ്രകാശനവും സമ്മേളനത്തിൽ നടക്കും. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് സഭയുടെ പുത്രികാ സംഘടനകളായ സണ്ടേസ്‌കൂൾ പി.വൈ. പി.എ എന്നിവയുടെ സംയുക്ത വാർഷികം നടക്കും. 11 ഞായറാഴ്‌ച കർത്തൃമേശ ശുശ്രൂഷയോടും ജില്ലയിലെ 30-ൽപ്പരം സഭകളുടെ സംയുക്ത സഭായോഗത്തോടും കൺവൻഷൻ അവസാനിക്കും.
യെരുശലേം വോയ്‌സ്, ഏഴംകുളം സംഗീത ശുശ്രൂഷ നിർവഹിക്കും. സെൻ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ എം.ഒ. ചെറിയാൻ, സെൻ്റർ സെക്രട്ടറി പാസ്റ്റർ റെജി ചെറിയാൻ, സെന്റർ ജോയിൻ്റ് സെക്രട്ടറി ഡോ. തോമസ് വർഗീസ്, സെൻ്റർ ട്രഷറാർ ജോൺ ശാമുവേൽ, ജനറൽ കൺവീനർ പാസ്റ്റർ ഒ. ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകും.
കൺവൻഷൻറെയും ജൂബിലി സമ്മേളനത്തിൻ്റെയും വിജയകരമായ നടത്തിപ്പിനായി കൺവീനേഴ്‌സിനെയും വിവിധ സബ് കമ്മറ്റികളെയും തിരഞ്ഞെടുത്ത് ക്രമീകരണങ്ങൾ ഊർജ്ജിതമാക്കുന്നതായി പബ്ലിസിറ്റി കൺവീനേഴ്‌സായ പാസ്റ്റർ ബിജു വി.കെ. എം.വി. ഫിലിപ്പ് എന്നിവർ അറിയിച്ചു.