കതിരിൽ വളം വച്ചിട്ടു കാര്യമില്ല

കതിരിൽ വളം വച്ചിട്ടു കാര്യമില്ല

കതിരിൽ വളം വച്ചിട്ടു കാര്യമില്ല

ചില വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു നമ്മൾ ‘ലവ് ജിഹാദ്’ എന്ന വാക്കു കേട്ടുതുടങ്ങിയിട്ട് . ഇത് ഏതു ഭാഷയെന്നോ എന്തു സംഭവമെന്നോ തിരിച്ചറിയാതെ നിന്ന നമ്മെ പല വിവരണങ്ങളും നൽകി പ്രബുദ്ധരാക്കുവാൻ പലരും മുന്നോട്ടുവന്നു. അക്കൂട്ടത്തിൽ ഇടയന്മാരും വലിയയിടയന്മാരും  ഉപദേശിമാരും പാസ്റ്റർമാരും ഒക്കെ ഉണ്ടായിരുന്നു. ഒരു മതവിഭാഗത്തെമാത്രം ഇതിന്റെപേരിൽ ക്രൂശിക്കുന്നതു ശരിയല്ലെന്ന്  ചിലർ പറഞ്ഞു. 

അപ്പോഴേക്ക് കഥകൾ പലയിടങ്ങളിൽനിന്നായി കേട്ടുതുടങ്ങിയിരുന്നു. പെൺകുട്ടികൾ അന്യമതസ്ഥരായ ആൺകുട്ടികളുടെകൂടെ ഒളിച്ചോടുന്നു അവരെ വിവാഹം ചെയ്യുന്നു, മാതാപിതാക്കളെ പള്ളിക്കാർ ശാസിക്കുന്നു ചിലരെ പുറത്താക്കുന്നു. ഈ കുട്ടികളിൽ ചിലർ ആരാധനയിലും ഗായകസംഘത്തിലും യുവജനപ്രസ്ഥാനത്തിലുമൊക്കെ സജീവമായി പങ്കെടുത്തിരുന്നവരായിരുന്നു.  

ഇത് ഒരു വലിയ വേദനയായി സഭയിൽ പടർന്നുതുടങ്ങിയിരിക്കുന്നു. ഈ കുട്ടികളിൽ ചിലരാകട്ടെ തങ്ങൾക്കു ജന്മംനൽകിയ  മാതാപിതാക്കളെയും തങ്ങൾക്കു ആശ്രയവും തണലുമായി നിന്ന വിശ്വാസസമൂഹത്തെയും അധിക്ഷേപിക്കാനെന്നവണ്ണം സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ശൂരത്വം നാടാകെ വിളിച്ചറിയിക്കാനെന്നവണ്ണം ചിത്രങ്ങളും കുറിപ്പുകളും ഇടുന്നുമുണ്ട്. ഇത് കുടുംബങ്ങളെയും സഭകളെയും എത്രമാത്രം വേദനിപ്പിക്കുന്നുണ്ട് എന്ന് അവർ തിരിച്ചറിയുന്നില്ല. കുട്ടികൾ വിപ്ലവവീര്യത്തോടെ ഈ കാര്യത്തേക്കാണുമ്പോൾ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളും എത്രമാത്രം വേദനപ്പടുന്നുണ്ടെന്നു അവർ ചിന്തിക്കുന്നു പോലുമില്ല.

നേരത്തേ പറഞ്ഞതുപോലെ ഇതിനു നമ്മുടെ നാട്ടിലെ ഒരു മതവിഭാഗത്തെമാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ സഭകൾക്കും കുടുംബങ്ങൾക്കും യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കുമുള്ള ഉത്തരവാദിത്ത്വം ഒരുപോലെയാണ്. " ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക; വൃദ്ധനായാലും അവൻ/അവൾ അത് വിട്ടുമാറുകയില്ല." യൗവനക്കാരെക്കുറിച്ചുള്ള ദൈവത്തിന്റെ കരുതൽ എത്ര ഭംഗിയായി അതു  നൽകുവാൻ ചുമതലപ്പെടുത്തിയവരെ ഒർപ്പിക്കുന്ന വാക്യമാണത്. എന്നാൽ പലപ്പോഴും ഇത് സൺഡേസ്ക്കൂളിൽ കുട്ടികൾക്കുള്ള ഉപദേശമായിട്ടാണ് പറയുന്നതും പഠിപ്പിക്കുന്നതും. നമ്മുടെയിടയിൽ ചില വർഷങ്ങളായി തിരുവചനപഠന ക്ലാസ്സുകൾക്കുള്ള സമയം തുലോം ചുരുക്കമായിട്ടാണ് കാണുന്നത്. 

സൺഡേ സ്കൂൾ അധ്യാപകരും ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരും മാതാപിതാക്കളും ഇത് ഗൗരവമായിത്തന്നെ കാണേണ്ടതാണ്.  കതിരിൽ വളം വച്ചിട്ടു കാര്യമില്ല എന്ന ചൊല്ലുപോലെയാണത്. മക്കളുടെ വിദ്യാഭ്യാസത്തിൽ നമ്മൾ ചെലുത്തുന്ന അതേ ഗൗരവം അവരുടെ ആത്മീയ വിദ്യാഭ്യാസത്തിലും നൽകേണ്ടതാണ്. ഇതര മതങ്ങളിലെ ആളുകളെ കുറ്റംപറയുകയല്ല; സ്വന്തം വിശ്വാസം കുടുംബങ്ങളിലും സഭയിലുമുള്ളവർക്കു ഉറപ്പിച്ചുകൊടുക്കാൻ ഉത്തരവാദിത്തം നിർവഹിക്കുകയാണു വേണ്ടത്.

ആരാധനയും ആത്മീയതയും കേവലം ശബ്ദകോലാഹലങ്ങളായി പ്രഹസനമാക്കുന്ന ഇന്നത്തെ കാലത്തു , ദൈവവചനവും ഭക്തിയും  ആരാധനയും  പരസ്പര സ്നേഹവും കരുതലും  ഭാവനങ്ങളിൽനിന്നുപോലും  അകന്നുപോകുന്നു. സ്വാര്ത്ഥതയും സ്വഭാവ വൈകൃതങ്ങളും വ്യക്തിത്വപ്രശ്നങ്ങളും ഇളം  തലമുറയെ വരിഞ്ഞുമുറുക്കുന്നു. ഈ പശ്ചാത്തലത്തില് വേണം വിവാഹങ്ങളെക്കുറിച്ചു നമ്മൾ ചിന്തിക്കാൻ. യുവതലമുറയ്ക്ക് വിവാഹപൂര്വ്വ കൗണ്സലിംഗ് നമ്മുടെ സഭകളിലെല്ലാം  നിർബന്ധമാക്കണമെന്നതാണ് ഞങ്ങളുടെ നിർദ്ദേശം. 

ഓൺലൈൻ ബന്ധങ്ങളുടെ ചതിക്കുഴിയിലും വീണ്ടുവിചാരമില്ലാത്ത പ്രേമക്കുരുക്കിലും സ്നേഹം നടിച്ച് അന്യമതത്തിലേക്ക് വലിച്ചുകൊണ്ടുപോകുവാനുള്ള വലയിലും കുടുങ്ങിയവര് നമ്മുടെയിടയിലും കൂടുകയാണ്. പക്വതയില്ലാത്ത പ്രേമബന്ധങ്ങള് പവിത്രമായ വിവാഹജീവിതത്തെ വികലമാക്കി മാറ്റുന്ന കാഴ്ച ദുഖകരമാണ്. കൗമാര പ്രായം മുതൽ തന്നെ ബോധവല്ക്കരണവും മാര്ഗ്ഗനിര്ദ്ദേശങ്ങളും ഈ കാലഘട്ടത്തിന്റെ  അനിവാര്യതയെന്നു നമ്മൾ തിരിച്ചറിയണം. അതോടൊപ്പം തലമുറയ്ക്കുവേണ്ടി ദൈവസന്നിധിയിൽ കരയുവാൻ സമർപ്പിതരായ ദൈവദാസന്മാരും ദാസിമാരും എഴുന്നേൽക്കട്ടെ.