തലമുറകളെ വാർത്തെടുക്കുമ്പോൾ

തലമുറകളെ വാർത്തെടുക്കുമ്പോൾ

തലമുറകളെ വാർത്തെടുക്കുമ്പോൾ

പാസ്റ്റർ മോൻസി കെ.എം MBA, MDiv 


ആമുഖം
 
കർത്താവിന്റെ ചോദ്യം വളരെ കാലിക പ്രാധാന്യമുള്ളതാണ് " മനുഷ്യ പുത്രൻ വരുന്ന നാളിൽ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? (ലൂക്കോസ് 18 :8).

"സ്ഥാപനങ്ങളും, ലിഖിത രേഖകളും, നിയമങ്ങളും,ചട്ടങ്ങളും  ഒക്കെയുള്ള ഒരു ക്രൈസ്തവ മതത്തെ ദൈവം കണ്ടു എന്ന് വരാം. എന്നാൽ മനുഷ്യ പുത്രൻ വിശ്വാസം കണ്ടെത്തുക പ്രയാസകരമായേക്കാം. അനുദിനവും ക്രിസ്തീയ സമൂഹങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ധാർമിക അപച്യുതികളും, ക്രിസ്തീയ വിശ്വാസ പ്രമാണങ്ങളോടും, സാന്മാർഗീക ജീവിത രീതികളോടും മുഖം തിരിച്ചു നിൽക്കുന്ന ആധുനിക തലമുറ  ക്രിസ്തുവിന്റെ ചോദ്യത്തിന് “ഇല്ല” എന്ന് മറുപടി നല്കാൻ മടിക്കില്ല എന്നു തോന്നിയ്ക്കും വിധത്തിൽ ജീവിച്ചു കൊണ്ടേയിരിക്കുന്നു. ആത്മീകതയുടെ ബാലപാഠങ്ങൾ പോലും ഗ്രഹിക്കാതെ യന്ത്രികമായ് ചലിച്ചുകൊണ്ടേയിരിക്കുന്നു. വേണ്ടത്ര ആത്മീക ശിക്ഷണം ലാഭിക്കാത്തതോ, ലഭിച്ചതിനെ പ്രവർത്തികമാക്കാത്തതോ ഒക്കെയാണ് ഇതിനു കാരണം. സഭകൾക്കും, മാതാപിതാക്കൾക്കും തലമുറകളുടെ ആത്മീകനിസ്സംഗതയെ  വേദനയോടുകൂടെ മാത്രമേ നോക്കികാണാനാകൂ. ലോകം അതിന്റെ സർവ ശക്തിയും എടുത്ത് പാപത്തിന്റെ സീമ  വർധിപ്പിക്കുന്നു. പിശാചിന് അൽപ സമയമേ ഉള്ളു എന്നറിഞ്ഞു സമസ്ത മേഖലകളിലും പ്രലോഭനത്തിന്റെ അതിര്  വിസ്താരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയും സാമൂഹിക മാധ്യമങ്ങളും നമ്മുടെ കുട്ടികളുടെ ദിശാബോധം നഷ്ട്ടപെടുത്തിക്കൊണ്ടിരിക്കുന്നു. 
കുട്ടികളുടെ മനഃശാസ്ത്രം മനസിലാക്കാതെയുള്ള പരമ്പരാഗത പാഠ്യപദ്ധതികളും, അധ്യാപന രീതികളും കുട്ടികളെ മത  ബോധന കേന്ദ്രങ്ങളിൽ നിന്ന് അകറ്റുന്നു. ജഡാഭിലാഷങ്ങൾ സർവശക്തിയും എടുത്ത് നമ്മുടെ തലമുറകളുടെ ആത്മീക വീക്ഷണം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ തലമുറയുടെ പൊതുവായ ആത്മീക ഭാവങ്ങളിൽ ചിലത് ആത്മീക മൂല്യങ്ങളെ കുറിച്ചുള്ള അജ്ഞത, നിരാശാബോധം, അനുസരണക്കേട്, അവിശ്വാസം, കുറ്റബോധം, ആകുല ചിന്തകൾ, അസൂയ, വിമർശന ബുദ്ധി, ദൈവ വചന പഠനത്തോടുള്ള വിരക്തി, ദൈവത്തോടും ദൈവ ജനത്തോടും സ്നേഹമില്ലാതിരിക്കുക, അശുദ്ധ ചിന്തകൾ, പ്രാർത്ഥനാജീവിതത്തിലെ പാപ്പരത്തം, ഇച്ഛാഭംഗം, ലക്ഷ്യബോധമില്ലായ്മ, ക്രിസ്തു കേന്ദ്രിക്രതമാകേണ്ടതിന് പകരം സ്വയേച്ഛയാൽ നിയന്ത്രിക്കപ്പെടുന്ന അവസ്ഥ മുതലായവയാണ്. നമ്മുടെ തലമുറകളെ  എങ്ങനെ തികഞ്ഞ ആത്മീകരാക്കിമാറ്റാം, കുട്ടികളിലെ ആത്മീകതയുടെ മനഃശാസ്ത്രം എന്ത് ? മാതാപിതാക്കളുടെയും സഭയുടെയും ദൗത്യങ്ങൾ എന്തെല്ലാമെന്ന് ചുരുക്കമായി വിവരിക്കാം. 

"സ്നേഹാത്മകമായ് നമ്മെ നിയന്ത്രിക്കുന്ന ദൈവത്തോട് നമ്മുടെ ഉള്ളിൽ നിന്ന് ഉണ്ടാകുന്ന ആശ്രയ ബോധവും, ആ ദൈവീക മൂല്യങ്ങൾക്ക് അനുസൃതമായ ജീവിത ശൈലിയുമാണ് ആത്മീകത എന്നതുകൊണ്ട് വിവക്ഷിക്കുന്നത്".  പരിശുദ്ധാത്മാവിന്റെ സഹവാസത്താൽ വചനാടിസ്ഥാനത്തിലുള്ള ജീവിത ശൈലി കെട്ടിപ്പടുക്കുന്നതിലൂടെ ഇത് സാധ്യമാകുന്നു. ഈ രീതിയിലുള്ള ജീവിതാവസ്ഥ അനുദിനവും പുരോഗമനപരമായി മുന്നേറുന്നതിനെ ആത്മീക വളർച്ച എന്നും വിശേഷിപ്പിക്കുന്നു.

കുട്ടികളിലെ ആത്മീകതയുടെ വ്യസ്ത്യസ്ത ഘട്ടങ്ങൾ 

The Children's Trust | Building Spirituality in our Children

കുട്ടികളിലെ ആത്മീകതയോട് തികച്ചും മനഃശാസ്ത്ര പരമായ ഒരു സമീപനം ആവശ്യമാണ്. ആത്മീകത ഒരു നിമിഷത്തെ തീരുമാനം കൊണ്ട് ഉണ്ടാകുന്നു എന്നാൽ ജീവിതാവസാനം വരെ നിലനിർത്തേണ്ടതായ കാര്യമാണ് അത്. വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് ഓരോ വ്യക്തിയും ആത്മീകതയിലേക്കും ആത്മീയ പക്വതയിലേക്കും പ്രവേശിക്കുന്നത്. ഓരോ ഘട്ടത്തിലും കൃത്യമായ ഇടവേളകളിൽ മാതാപിതാക്കളോ, സഭയോ ആത്മീക നേത്രത്വമോ കാലോചിതമായി ഇടപെടുന്നു എങ്കിൽ തലമുറകളിൽ ആത്മീയ വീക്ഷണം സന്നിവേശിപ്പിക്കാൻ പ്രയാസപ്പെടേണ്ടതായി വരില്ല. കുട്ടികളിലെ ആത്മീകത സാമൂഹിക നീതി ബോധത്തിൽ നിന്നുമാണ് ഉടലെടുക്കുന്നത്. 

1. പ്രീ കൺവെൻഷനൽ ഘട്ടം 

തെറ്റുകൾക്ക് നേരെയുള്ള ശിക്ഷയിൽ നിന്ന് ഒഴിവാകുകന്നതിനും  നിയമാനുസൃതമായി  ജീവിച്ചു മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റുന്നതിനും വേണ്ടിയുള്ള പ്രവണതയും വ്യഗ്രതയും കുട്ടികളിൽ കൂടുതലാണ്. ഇതിനെ വ്യവസ്ഥാനുരൂപമായ അവസ്ഥക്ക് മുൻപുള്ള (PreConventional) ഘട്ടം എന്നു പറയുന്നു. ഈ ഘട്ടത്തിൽ തെറ്റുകൾ തെറ്റുകളായി ചൂണ്ടി ചൂണ്ടികാണിക്കപ്പെടാതിരിക്കുകയും  മൂല്യ  ബോധം വളർത്തിയെടുക്കാൻ കഴിയാതെ പോകുകയും ചെയ്യുന്നു. കുട്ടിയല്ലേ എന്ന പരിഗണയിലും സ്വാതന്ത്ര്യത്തിലും വളരുന്നു. എന്നാൽ ദൈവ വചനം പറയുന്നു " ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക വൃദ്ധനായാലും അത് വിട്ടു മാറുകയില്ല.  
ഈ തലത്തിൽ നിന്നും കുട്ടികൾ പ്രവേശിക്കുന്നത്    രണ്ടാമത്തെ അവസ്ഥയാണ്  

2. കൺവെൻഷണൽ ഘട്ടം അഥവാ വ്യവസ്ഥാനുരൂപാവസ്ഥ
    
കുട്ടികളുടെ മനസ് എന്തും വേരുപിടിപ്പിക്കാൻ പറ്റിയ വിധത്തിൽ ഒരുക്കപ്പെട്ട വയൽ പോലെയാണ്. ബൗദ്ധിക മണ്ഡലം ഏത് അറിവിനെയും സ്വീകരിക്കാൻ പറ്റുംവിധം തയ്യാറാകുന്നു. ഒരു നല്ല കുട്ടിയായിത്തീരുക,  നിലവിലുള്ള നിയമ സംഹിതകൾക്കുള്ളിൽ ഒതുങ്ങി ജീവിക്കുക എന്നീ കാര്യങ്ങൾ  ഇവരിൽ രൂഢമൂലമായ് വളരുന്നു. ജീവിതത്തിന്റെ സർവ മേഖലയുടെയും ശരിയായ അടിത്തറ ഇടാൻ പാകമായ സമയമാണിത്. എന്ത് വിശ്വസിക്കുന്നു, എന്തുകൊണ്ട് വിശ്വസിക്കുന്നു. എന്ന് കാര്യ കാരണ സഹിതം വിശദമാക്കാൻ കഴിഞ്ഞാൽ ആത്മീകരായും വ്യക്തി പരമായ ജീവിത വീക്ഷണമുള്ളവരായും അവരെ മാറ്റിയെടുക്കാനാകും. 
വ്യവസ്ഥാനുരൂപാവസ്ഥക്ക് ശേഷമുള്ള തലമാണ് 


3. പോസ്റ്റ് കൺവെൻഷനൽ ലെവൽ.  

പൊതു ബോധത്തിനും, സാമൂഹിക  നീതിക്കും സാംസ്കാരിക  മൂല്യത്തിനും പ്രാധാന്യം കൽപ്പിക്കുകയും, സാർവലൗകികമായ ബോധ്യങ്ങളിലേക്ക് അവർ വഴിമാറുകയും  ചെയ്യുന്നു. ഈ തലത്തിൽ അവരുടെ ചിന്താധാരകളിൽ പുതിയ ആശയങ്ങൾ, പ്രത്യേകിച്ച് ആത്മീകതയുമായി ബന്ധപ്പെട്ടത്, കൂട്ടിച്ചേർക്കാൻ പ്രയാസമായിരിക്കും. 

ഈ കാര്യങ്ങളെ നാം വ്യക്തമായ് ഗ്രഹിക്കാതെ, ഓരോ സമയത്തും നാം നടത്തേണ്ടതായ ഇടപെടലുകൾ നടത്താതിരുന്നാൽ കുട്ടികളിലെ ആത്മീകത ഒരു പക്ഷെ അപക്വമായതോ   സാമൂഹിക, നിലനിൽപ്പിനു വേണ്ടിയുള്ളതോ ആയി  മാറ്റപ്പെടാം. ഡോക്ടർ വെൽസ്റ്  ബ്രാഡ്ഫോർഡ് പറയുന്നു കുട്ടികളുടെ ആത്മീകത കൃത്യമായ ദീർഘവീക്ഷണത്തോടെ കൈകാര്യം ചെയ്യാത്തതുകൊണ്ട് സഭകളിൽ മൂന്ന് തരത്തിലുള്ള ആത്മീകരെ സൃഷ്ടിക്കുന്നു. 

സഭകളിലെ മൂന്നു തരം ആത്മീകർ 

A Field Guide To Being a 'Spiritual' Male in the 21st Century - The Good Men  Project

1 Human Spirituality (മാനുഷിക ആത്മീകത): മാനുഷിക ആവശ്യങ്ങൾ നിറവേറ്റേണ്ടതിനുവേണ്ടിയുള്ള ആത്മീകത. സഭാംഗത്വം കിട്ടുക, വിവാഹ ആവശ്യങ്ങൾ നടത്തിക്കിട്ടുക, മരണാനന്തര ശുശ്രുഷകൾ ലഭ്യമാകുക, ആത്മീകൻ എന്ന പൊതു അഭിപ്രായം നേടിയെടുക്കുക ഇത്യാദി കാര്യങ്ങളിലേക്ക് ആത്മീകത ക്ലിപ്തപ്പെടുന്നു. മനുഷ്യർക്ക് മുൻപാകെ വിളങ്ങേണ്ടതിനുള്ളത്. ആഴമേറിയ ആത്മീയ അറിവുകളില്ല, സമർപ്പണമില്ല, ഈ ലോകത്തിലെ നേട്ടങ്ങൾക്ക് മാത്രമായി ആത്മികതയെ ആവരണമാക്കിയവരാണ് ഈ കൂട്ടർ.

2 Devotional Spirituality (ധ്യാനാത്മകമായ ആത്മീകത): ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും ക്രിസ്തുവിലൂടെ  കണ്ടെത്തുന്നവർ. ആന്തരികമായി ആത്മീകതയെ തനതായ ജീവിത ശൈലിയാക്കിയവരാണവർ. ക്രിസ്തുവിനോടുള്ള ഏകഗ്രതയിലും ഭക്തിയിലും ജീവിച്ചു നിത്യതയെ ലക്ഷ്യമാക്കി മുന്നോട്ടു പോകുന്ന ഇവർ എണ്ണത്തിൽ വളരെ കുറവായിരിക്കും. 

3 Practical Spirituality   (പ്രായോഗിക ആത്മീകത) ഇത്  മാനുഷിക ആത്മീകത യുടെയും ധ്യാനാത്മകമായ ആത്മീകതയുടെയും ഒരു മിശ്രിതമാണ്. ഈ രീതിയിലുള്ള ആത്മീകത ഊന്നൽ കൊടുക്കുന്നത് അവസരോചിതമായി വിശ്വാസ ജീവിതത്തെ ഉപയോഗപ്പെടുത്തുക എന്നതാണ്. ഇത്തരക്കാർ മുഖ്യ സ്ഥാനങ്ങളിൽ ഉണ്ടാകും. സഭാന്തരീക്ഷത്തിൽ ആത്മീകതയുടെ ഉന്നത ശ്രേണിയിൽ വിരാജിക്കുന്നുണ്ടാകും. പക്ഷെ ഇവരുടെ ജീവിതത്തിന്റെ പല പച്ചയായ  അനുഭവങ്ങളിലും  അവരിലെ ആത്മീകത അകക്കാമ്പില്ലാത്തതായിരിക്കും. ഹാരി ബ്ലാമാറീസ് എന്ന ക്രൈസ്തവ ചിന്തകൻ പറയുന്നതിനോട് ഇവരെ ചേർത്തുവെക്കാം. "ആളുകൾ ക്രിസ്ത്യാനികളെ പോലെ പ്രാർത്ഥിക്കും; ക്രിസ്ത്യാനികളെ പോലെ ആരാധിക്കും എന്നാൽ ഇവർ ക്രിസ്ത്യാനികളെ പോലെ ചിന്തിക്കില്ല   പ്രവർത്തിക്കില്ല". 

മാതാപിതാക്കളുടെയും സഭയുടെയും ദൗത്യം 

The Importance of Parents as Role Models - Learning Time Learning Time

സ്ഥിതി വിശേഷങ്ങൾ ഇങ്ങനെ  ആകുന്നതുകൊണ്ട് ഓരോ മാതാപിതാക്കൾക്കും, അവർ ഉൾപ്പെട്ടു നിൽക്കുന്ന സഭക്കും എത്രമേൽ ഭാരിച്ച ദൗത്യമാണുള്ളത്? തനതായ ക്രൈസ്തവ മൂല്യങ്ങളിൽ അടിവേരുകളുള്ള ഒരു ഭാവി തലമുറയെ സൃഷ്ടിക്കാൻ നമുക്കാകണം. ഇത് യാഥാർഥ്യമാക്കാൻ ആത്മീക വളർച്ചയുടെ ആദി പാഠങ്ങൾ നാം ഗ്രഹിക്കേണ്ടതുണ്ട്. ക്രിസ്തീയ മനഃശാസ്ത്രജ്ഞന്മാരായ ജീൻ പിയേഗേറ്റ്, എറിക് എറിക്സൺ, ലോറൻസ് കൊഹ്ലിബെർഗ്, ജെയിംസ് ഫൗലെർ തുടങ്ങിയവർ കുട്ടികളിലെ ആത്മീക വളർച്ചയുടെ വിത്തിടം സ്വന്ത ഭവനവും, പ്രാദേശിക സഭകളുമാണെന്നും, അത് നന്നേ ബാല്യത്തിൽ തന്നെ അർഹിക്കുന്ന ഗാംഭീര്യത്തോടെ ഇളം മനസുകളിൽ സ്ഥാനം പിടിച്ചിരിക്കണമെന്നും നിഷ്കർഷിക്കുന്നു.
ജീൻ പിയേഗേറ്റ്ന്റെ അഭിപ്രായത്തിൽ കുട്ടികൾക്ക്  നാം കൊടുക്കുന്ന ദൈവീക ധാരണകൾ വ്യക്തവും ഈടുറ്റതുമാവണം. വിശ്വാസജീവിതത്തെ കുറിച്ചുള്ള അറിവുകളിൽ  അതിന്റെ പൂർണകായചിത്രം നല്കാനാവണം. അതായത് ദൈവവചനത്തിനു വിരുദ്ധമായതെന്തും പാപമാണെന്നും, പാപം മനുഷ്യനെ ദൈവത്തിൽ  നിന്ന്  അകറ്റുമെന്നും യേശു ക്രിസ്തുവിലൂടെ മാത്രമേ നിത്യ രക്ഷ സാധ്യമാകൂ എന്നും, ആത്മീകതയുടെ ആത്യന്തിങ്ക ലക്ഷ്യം നിത്യത പ്രാപിക്കലാണെന്നും ബാല്യത്തിലേ വ്യക്തമാക്കികൊടുക്കാൻ കഴിയണം. 

എറിക്സൺ പറയുന്നു ജനനം മുതൽ പന്ത്രണ്ട് വയസുവരെ നാല് വ്യക്തിത്ത്വ വികസന പടവുകളിലൂടെ ഒരു കുട്ടി സഞ്ചരിക്കുന്നു. ഈ കാലഘട്ടത്തിൽ കിട്ടുന്ന അറിവുകൾ അവന്റെ വ്യക്തിത്ത്വത്തെ നിർണയിക്കുന്ന ഘടകമായിത്തീരുന്നു. കുട്ടികളിൽ വിശ്വാസം വളർത്താൻ, സ്വാഭിമാനം വളർത്താൻ, ജീവിത ലക്ഷ്യങ്ങൾ ക്രമീകരിക്കാൻ, അപകർഷതാ ബോധം ഇല്ലായ്മ ചെയ്യാൻ ആത്മീകതയുടെ അന്തസത്ത ഗ്രഹിപ്പിക്കാൻ ഒക്കെ  ആയാൽ  വികസനം സംഭവിക്കയും അവർ ആത്മീയ കാഴ്ചപ്പാടുകൾ ഉള്ളവരായിത്തീരുകയും ചെയ്യും. 
ജെയിംസ് ഫൗലെർ പറയുന്നത് കുട്ടികളിൽ ഭാവന അതി ശക്തമായ് സ്വാധീനം ചെലുത്തുന്നു എന്നാണ്.. ഇവർ ബന്ധങ്ങൾക്ക് വളെരെ കൂടിയ പ്രാധാന്യം കൽപ്പിക്കുന്നു. കുട്ടികളിൽ ബൗദ്ധിക വികാസത്തിന്റെയും ആത്മീയ സാമൂഹിക വളർച്ചയുടെയും അടിസ്ഥാനം ഇടുകയും അതിനനുസൃതമായി ജീവിത രൂപരേഖ തയ്യാറാക്കപ്പെടുകയും ചെയ്യുന്നു. ഇവർ എല്ലാവരും പറഞ്ഞുവെക്കുന്ന കാര്യം "കുട്ടികൾ ആത്മീകത കേട്ട് പഠിക്കുന്നതിനേക്കാൾ  നമ്മെ നിരീക്ഷിച്ചു ആത്മീകതയെ തൊട്ടറിയുന്നു"
തലമുറകളെ ആത്മീക ശിക്ഷണത്തിൽ വളർത്താൻ മാതാ  പിതാക്കളായ നമുക്ക്  വിശ്വാസ ജീവിതത്തിന്റെ എ,ബി, സി, ഡി അറിയുകയും അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയുംവേണം. 

1 ആത്മീകതയുടെ എ ബി സി ഡി  

A= Attitude  (മനോഭാവം) ലോകത്തിലുള്ള സകലത്തിനോടും നമ്മുടെ മനസ്സിൽ നാം ചിന്തിക്കുന്ന, സമീപിക്കുന്ന രീതിയാണ് മനോഭാവം. അവിശ്വാസികളായ വ്യക്തികളിൽ നിന്ന് നമ്മെ വ്യത്യസ്തരാക്കുന്നത് ലോകത്തിലെ പല കാര്യങ്ങളോടുമുള്ള നമ്മുടെ മനോഭാവമാണ്. ഉദാഹരണമായി പറഞ്ഞാൽ ലോകമനുഷ്യൻ ജീവിതം ആസ്വദിക്കുംപോലെ നമുക്ക് ആസ്വദിനാകില്ല. അങ്ങിനെ വരുമ്പോൾ നമ്മുടെ കുട്ടികൾ നിരാശപ്പെടുന്നെങ്കിൽ ക്രൈസ്തവ മുല്യങ്ങളോടുള്ള അവരുടെ മനോഭാവം തെറ്റാണെന്നുവരുന്നു. കർത്താവു പറയുന്നു നിങ്ങൾ ലോകക്കാരല്ല. ലോകം ആസ്വദിക്കാതിരിക്കുമ്പോഴും ക്രിസ്തുവിൽ സന്തോഷിക്കുന്ന മനസ്സ് ശരിയായ മനോഭാവത്തിന്റെ ലക്ഷണമാണ്. ലോകത്തിലെ ഏതു കാര്യത്തെയും ദൈവ വചനത്തിലൂടെയും, ക്രിസ്തുവിലൂടെയും വിലയിരുത്താൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കിമാറ്റാൻ നമുക്കാകണം. 

B=Belonging (ഉൾപെട്ടിരിക്കുക) നാം ലോകത്തിന്റെ സമ്പ്രദായങ്ങളുടെ  പിന്തുടർച്ചക്കാരല്ലെന്നും, വിശുദ്ധമായ ദൈവീക വ്യവസ്ഥയിൽ ഉൾപ്പെട്ടിരിക്കുന്നു എന്നും, ദൈവ ഭവനത്തിൽ ഉൾപെട്ടവരാണെന്നും അത് ലൗകിക  തത്വങ്ങൾക്ക് അതീതമാണെന്നും, ദൈവീക സത്തയുടെ  പ്രകട ഭാവമായ സഭയിൽ ഉൾപെട്ടിരിക്കുന്നെന്നും അത് കേവലമായ ആചാരാനുഷ്ഠാനങ്ങളെക്കാൾ ദിവ്യമായ ഒരു അനുഭവമാണെന്നും തലമുറകളെ ഉൽബോധിപ്പിക്കാൻ കഴിഞ്ഞാൽ നാം ആശങ്കപ്പെടേണ്ടതായി വരില്ല.

C= Commitment (പ്രതിജ്ഞാബദ്ധത / സമർപ്പണം) ദൈവീക കര്യങ്ങളോടുള്ള നല്ല മനോഭാവത്തിനും ദൈവീക വ്യവസ്ഥയിൽ നാം ഉൾപ്പെട്ടിരിക്കുന്നു എന്നുമുള്ള തിരിച്ചറിവിന് മുൻപിൽ സ്വയം സമർപ്പിച്ചു  ജീവിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി പ്രബോധിപ്പിക്കുക. ജീവിതത്തിന്റെ വൈപരീത്യങ്ങളെ സമചിത്തതയോടും, ആത്മ നിയന്ത്രണത്തോടും, ആത്മവിശ്വാസത്തോടും കൂടെ നേരിടാൻ അവരെ ശക്തരാക്കുന്നത്  ആത്മീക ജീവിതത്തിനായ് പ്രതിജ്ഞാബദ്ധരായിക്കുമ്പോളാണ്. സമർപ്പണത്തോടെ പഠിക്കുന്ന കുട്ടി  വിജയിക്കുന്നതുപോലെ ആത്മീകതയും വിജയകരമായി  മുന്നോട്ടു കൊണ്ടുപോകാനാവും, സമർപ്പിതരാണെങ്കിൽ. 

D=Decisions (തീരുമാനങ്ങൾ) നമ്മുടെ തീരുമാനങ്ങൾ എന്നും ദൈവീകമായിരിക്കണമെന്നും, ദൈവാശ്രയത്താൽ എങ്ങനെ തീരുമാനമെടുക്കാമെന്നും പ്രയോഗിഗമായി  പഠിപ്പിക്കുക. ക്രിസ്തീയ ജീവിതം അതിശക്തവും അചഞ്ചലവുമായ തീരുമാനങ്ങളുടെ ഫലമാണെന്നും ധരിപ്പിക്കാൻ കഴിയുന്നത് തലമുറകൾക്ക് നാം നൽകുന്ന അതിമഹത്തായ സംഭാവന ആയിരിക്കും. 

2 പ്രായോഗിക സൂചകങ്ങൾ
 
മക്കൾ നല്ല മനോഭാവമുള്ളവരും, ദൈവീകതയിൽ ഉൾപെട്ടവരും, പ്രതിജ്ഞാബദ്ധരും, നല്ലതിരുമാനങ്ങളുള്ളവരും ആകണമെങ്കിൽ കുട്ടികളുടെ വളർച്ചയുടെ ഘട്ടത്തിൽ നാം നൽകേണ്ട ആത്മീയ പോഷണമുണ്ട്.  ക്രിസ്തീയ  തത്വചിന്തകനും, മനഃശാസ്ത്രജ്ഞനും ആയ  വെസ്റ്റർഹോഫ് പറയുന്നു “ഒരു വ്യക്തിയുടെ ആത്മീക വളർച്ചയെ ഒരു  മരത്തടിയുടെ ഉൾവശത്തെ പല തട്ടുകളോട് ഉപമിക്കാം”  ഈ ലെയറുകൾ ആ തടിക്ക് ആകൃതിയും, ആകർഷകത്വവും നൽകുന്നു. അതുപോലെ ഓരോ കുട്ടിയുടെയും ആത്മീക വളർച്ചക്ക് നാല് വ്യത്യസ്ത ലയറുകളുണ്ട്.

Experiencial Faith  (അനുഭവ ജ്ഞാന വിശ്വാസം) Affiliative Faith (സംബന്ധിത വിശ്വാസം) Searching Faith  (അന്വേഷണാത്മക വിശ്വാസം)  Owned Faith (സ്വകീയയമായ വിശ്വാസം) എന്നിവയാണ് അവ. ഇവ ഓരോന്നും വിശദമാക്കേണ്ടതുണ്ടെങ്കിലും സ്ഥലപരിമിതി മൂലം അക്കാര്യത്തിലേക്കു കടക്കുന്നില്ല.
കുട്ടികളിലെ ആത്മീക വളർച്ചക്ക് സഹായകരമായി  ആത്യന്തികമായി  രണ്ട് വേദികളാണുള്ളത്. കുട്ടി വളരുന്ന വീടും, ഭാഗമായി നിൽക്കുന്ന സഭയും. ഓരോ വ്യക്തിയുടെയും വളർച്ചയുടെ എല്ലാ മേഖലയിലും മാതാപിതാക്കളുടെ  ഇടപെടൽ നമുക്ക് കാണാനാകും. അഞ്ചു മുതൽ ഏഴു മണിക്കൂർ വരെ മാതാപിതാക്കൾ കുട്ടികളോടൊത് സമയം ചിലവിടുന്നു. കുട്ടികളുടെ ആത്മീകതയെ ഗൗരവമായി കാണുന്ന ഓരോ കുടുംബവും താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധാലുക്കളാകണം.

1 Teaching and Practical training. പഠിപ്പിക്കലിനോടൊപ്പം പ്രായോഗിക

പരിശീലനവും (ആവർത്തനം6:4-9)


2 Exemplary Life (മാതൃകാപരമായ ജീവിതം) എഫിഷ്യൻസ് 5 : 1 - 2 


3 Regular Spiritual Activities  (തുടർമാനാമായ ആത്മീക പ്രവർത്തികൾ ) കുടുംബ പ്രാർത്ഥനകൾ, ആരാധനകൾ, പ്രബോധനം (ആവർത്തനം 6 :6 -7 )

4 Discipline  (അച്ചടക്കം) എബ്രായർ 12 : 5 - 11  

തലമുറകളുടെ ആത്മീക വർധനവിന് സഭകളുടെ പങ്ക്  ഒട്ടും ചെറുതല്ല.  അവിടെ ശബ്ദായമാനമായ പ്രസംഗങ്ങളെക്കാൾ ദൈവ വചന പഠനങ്ങൾ ഉണ്ടാകണം.
അടിസ്ഥാന വിശ്വാസ പ്രമാണവും നാം എന്ത് വിശ്വസിക്കുന്നു എന്നും എന്തുകൊണ്ട് വിശ്വസിക്കുന്നു എന്നും വ്യക്തമാക്കണം. ഉപദേശ പരമായ ക്ലാസ്സുകളോ പ്രസംഗങ്ങളോ ഉണ്ടാവണം. കുട്ടികൾക്ക് ശുശ്രുഷക്ക് അവസരങ്ങൾ നൽകുക. മക്കളെ എങ്ങനെ ആത്മീക ശിക്ഷണത്തിൽ വളർത്താം എന്നതിനെ അധികരിച്ചു മാതാപിതാക്കൾക്ക് പഠന ക്ലാസുകൾ സംഘടിപ്പിക്കുക. സഭയും സഭാ നേതൃത്വവും മാതൃകാ പരമായി ജീവിക്കുക. ഇങ്ങനെ ചെയ്താൽ ക്രിസ്തു കേന്ദ്രികൃതമായ, ദൈവാശ്രയ ബോധമുള്ള, ദൈവഹിതത്തെ അനുസരിക്കുന്ന, പരിശുദ്ധാത്മ ശക്തിയുള്ള പ്രേഷിത വേലയിൽ പങ്കാളിത്വമുള്ള, ഫലകരമായ പ്രാർത്ഥന ജീവിതമുള്ള, ആത്മാവിന്റെ ഫലങ്ങളുള്ള   ആത്മീക പിൻതലമുറയെ വാർത്തെടുക്കാൻ കഴിയും.

ഉപസംഹാരം 

മക്കൾ, അവരുടെ സർവോന്മുഖമായ വളർച്ച നമ്മുടെ എല്ലാവരുടെയും ആഗ്രഹവും പ്രതീക്ഷയുമാണ്. നമ്മുടെ മക്കൾ വളർച്ചയുടെ വിഭിന്ന പടവുകൾ താണ്ടുമ്പോൾ ദീർഘ വീക്ഷണത്തോടെ അവരെ സഹായിക്കാൻ, പഠിപ്പിക്കാൻ, ശിക്ഷണത്തിൽ വളർത്താൻ നമുക്ക് കഴിയണം. പാപം അതിന്റെ മൂർത്തിമഭാവത്തിൽ എത്തി നിൽക്കുമ്പോൾ ശരിയായ വഴി കാട്ടികളായി കൃത്യമായ ഇടവേളകളിൽ അവരെ ദൈവ വചനവുമായി സ്വാധീനിക്കാൻ നമുക്കാകട്ടെ. ഓരോ കാലഘട്ടത്തിലും അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായ് മാതൃകാപരമായി ജീവിക്കുന്നതിലും വചന വ്യാഖ്യാനം നൽകുന്നതിലും ശ്രദ്ധാലുക്കളായിരിയ്ക്കാം. കുട്ടികളുടെ മനഃശാസ്ത്രം അറിഞ്ഞു അവരോടിടപെടാം. അവർ മനുഷ്യർക്ക് മുൻപിൽ വിളങ്ങേണ്ടതിനല്ല, ആത്മീകതയെ അവസരോചിതമായ് ഉപയോഗിക്കേണ്ടതിനുമല്ല മറിച്ച് ധ്യാനാത്മകമായ് ക്രിസ്തീയ ജീവിതം  ചെയ്യാൻ പക്വമാക്കിയെടുക്കുക.

ശത്രു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേ  വിഴുങ്ങേണ്ടു എന്ന് തേടി നടക്കുമ്പോൾ നമുക്ക് ജാഗരൂകരാം. നമ്മുടെ മക്കൾ നാളെയുടെ വാഗ്ദാനങ്ങളാണ്. ഓരോ മാതാപിതാക്കൾക്കും ദൈവസന്നിധിയിൽ പറയാനാവട്ടെ: "രണ്ടു (മൂന്നു,നാല്) താലന്ത് അല്ലയോ എന്നെ ഏൽപ്പിച്ചത് ഞാൻ വ്യാപാരം ചെയ്ത് ഇരട്ടി നേടിയിരിക്കുന്നു. ഈ ലോകത്തിൽ ജീവിക്കാൻ  വേണ്ടി മക്കളെ തന്നു. ഈ ലോകത്തിൽ അവരെ പോറ്റിപുലർത്തി അതോടൊപ്പം നിത്യതയിൽ വസിക്കാനും ഞാൻ അവരെ പ്രാപ്തരാക്കിയിരിക്കുന്നു.” ദൈവ കൃപ എല്ലാവരോടും കൂടെയിരിക്കട്ടെ . 

Advertisement