സുവിശേഷം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പാസ്റ്റർ ജോസ് പാപ്പച്ചന്റെ കേസിൽ നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

സുവിശേഷം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പാസ്റ്റർ ജോസ് പാപ്പച്ചന്റെ കേസിൽ നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

മോൻസി മാമ്മൻ തിരുവനന്തപുരം

ബൈബിള്‍ വിതരണം ചെയ്യുന്നത് മതംമാറ്റത്തിനുള്ള പ്രേരണയല്ല; നിയമപ്രകാരം കുറ്റമല്ലെന്ന് ഹൈക്കോടതി

ലക്‌നൗ: ബൈബിളോ മറ്റേതെങ്കിലും മതഗ്രന്ഥമോ വിതരണം ചെയ്യുന്നത് മതംമാറ്റത്തിനുള്ള പ്രലോഭനമായി കണക്കാക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി.

യു.പി മതംമാറ്റ നിരോധ നിയമം അനുസരിച്ചു ശിക്ഷിക്കാവുന്ന കുറ്റമല്ല ഇതെന്ന് കോടതി വ്യക്തമാക്കി.

മതംമാറ്റ നിരോധന നിയമം അനുസരിച്ച്‌, സംഭവവുമായി ബന്ധമില്ലാത്ത വ്യക്തിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് ചൂണ്ടിക്കാട്ടി. പട്ടിക വിഭാഗത്തില്‍പ്പെട്ട ആളുകളെ മതംമാറാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ പ്രതികളായ രണ്ടു പേര്‍ക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

പാസ്റ്റർ ജോസ് പാപ്പച്ചന്‍, ഷീജ എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. നേരത്തെ ഇവരുടെ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. പ്രതികള്‍ പട്ടിക വിഭാഗത്തില്‍പ്പെട്ട ആളുകളെ ക്രിസ്തുമതത്തിലേക്കു മാറ്റാന്‍ ശ്രമം നടത്തിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ബിജെപി ഭാരവാഹിയുടെ പരാതിയില്‍ ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

സുവിശേഷം പറയലും ബൈബിള്‍ വിതരണവും 'ഭണ്ഡാര' (സൗജന്യ ഭക്ഷണ വിതരണം) നടത്തലും 2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം മതം മാറ്റാനുള്ള വശീകരണമല്ലെന്നും നിര്‍ണായക വിധിയില്‍ അലഹബാദ് ഹൈകോടതി വ്യക്തമാക്കി. ഇരുവര്‍ക്കും ജാമ്യം നിഷേധിച്ച അംബേദ്കര്‍ നഗര്‍ കോടതിയുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി. 

ബൈബിള്‍ വിതരണം ചെയ്യുന്നതോ വിദ്യാഭ്യാസത്തിനു പ്രോത്സാഹനം നല്‍കുന്നതോ മതംമാറ്റത്തിനുള്ള പ്രേരണയെന്നു കരുതാനാവില്ല. കലഹിക്കരുതെന്നോ മദ്യപിക്കരുതെന്നോ ജനങ്ങളെ ഉപദേശിക്കുന്നതും നിയമപ്രകാരം കുറ്റകരമല്ലെന്ന് കോടതി പറഞ്ഞു.

യുപി മതംമാറ്റ നിരോധന നിയമപ്രകാരം ബാധിക്കപ്പെട്ടയാള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. ഇതുമായി ബന്ധമില്ലാത്തവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

അംബേദ്കര്‍ നഗര്‍ ജില്ലയിലെ ജലാല്‍പുരില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെ വിവിധ വശീകരണങ്ങളിലൂടെ മതപരിവര്‍ത്തനം ചെയ്യിക്കാൻ ശ്രമിച്ചുവെന്ന ബി.ജെ.പി നേതാവിന്റെ പരാതിയില്‍ ഈ വര്‍ഷം ജനുവരി 24നാണ് ജോസിനെയും ഷീജയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇരുവരുടെയും ജാമ്യാപേക്ഷ പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമ കേസുകള്‍ക്കുള്ള അംബേദ്കര്‍ നഗര്‍ പ്രത്യേക കോടതി കഴിഞ്ഞ മാര്‍ച്ചില്‍ തള്ളിയിരുന്നു. നിര്‍ബന്ധ മതപരിവര്‍ത്തനത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിക്കേണ്ടത് ആരാണെന്ന് അതേ നിയമത്തിന്റെ നാലാം വകുപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസ് ശമീം അഹ്മദ് ചൂണ്ടിക്കാട്ടി. അതനുസരിച്ച്‌ നിയമ വിരുദ്ധ മതപരിവര്‍ത്തനത്തിന് ഇരയായ വ്യക്തിക്കോ, രക്ഷിതാക്കള്‍ക്കോ, സഹോദരങ്ങള്‍ക്കോ മതപരിവര്‍ത്തനം ചെയ്തയാളുമായി രക്തബന്ധമോ, വിവാഹ ബന്ധമോ ദത്തെടുത്ത ബന്ധമോ ഉള്ളയാള്‍ക്കോ മാത്രമെ കേസ് കൊടുക്കാനാവൂ. കക്ഷിയല്ലാത്ത ഭരണകക്ഷി നേതാവിന് എഫ്.ഐ.ആറിനാധാരമായ പരാതി നല്‍കാൻ അധികാരമില്ല.മതം മാറ്റിക്കാൻ ഇരുവരും ശ്രമിച്ചുവെന്ന് കാണിക്കുന്ന ഒന്നും ഹാജരാക്കാൻ പൊലീസിനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറിച്ച്‌ കുട്ടികളോട് സുവിശേഷം പറയുകയും ഗ്രാമീണര്‍ക്കിടയില്‍ സാഹോദര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്തതായാണ് കാണുന്നത്. ജോസ് പാപ്പച്ചനും ഷീജയും കുട്ടികളോട് സുവിശേഷം പറഞ്ഞുവെന്നും ബൈബിളിന്റെ കോപ്പികള്‍ വിതരണം ചെയ്തുവെന്നും വിദ്യാര്‍ഥികളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിച്ചുവെന്നും ഗ്രാമീണര്‍ക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തിയെന്നും പരസ്പരം കലഹത്തിലേര്‍പ്പെടരുതെന്ന് അവരെ ഉപദേശിച്ചുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

Advertisement